ഫ്‌ളോറിഡ: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്ന ആര്‍ട്ടെമിസ്-1 ദൗത്യത്തിന്റെ ആദ്യഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കെ 29ന് ബഹിരാകാശത്തേക്ക് കുതിച്ചുയരുന്ന പേടകത്തില്‍ മനുഷ്യര്‍ ഇല്ലെങ്കിലും ജൈവ ഘടകങ്ങള്‍ ഉണ്ടാകും. ആദ്യ പേടകത്തില്‍ മനുഷ്യന്‍ ഉണ്ടാകില്ല എന്ന് നാസ നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍ ജീവനുള്ള വസ്തുക്കളോട് ചന്ദ്രോപരിതലത്തിലെ സാഹചര്യങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന കണ്ടെത്താന്‍ യീസ്റ്റ്, കടല്‍സസ്യങ്ങള്‍, ഫംഗസ്, വിത്തുകള്‍ തുടങ്ങിയവ ഓറിയോണ്‍ പേടകം വഹിക്കുന്നുണ്ടെന്ന് നാസ പറഞ്ഞു.
ചന്ദ്രോപരിതലത്തിലെ റേഡിയേഷനുകള്‍ യീസ്റ്റ്, കടല്‍സസ്യങ്ങള്‍, ഫംഗസ്, വിത്തുകള്‍ എന്നിവയില്‍ വരുത്തുന്ന മാറ്റങ്ങള്‍ പഠനവിധേയമാക്കിയാണ് ചന്ദ്രനിലെ ജീവസാന്നിധ്യത്തിന്റെ സാധ്യത നിര്‍ണയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും മനുഷ്യനെ ചന്ദ്രനിലെത്തിച്ച് മടക്കിക്കൊണ്ടുവരുന്ന ആര്‍ട്ടെമിസ്-1 ന്റെ രണ്ടാംഘട്ടത്തിന് ശാസ്ത്രജ്ഞര്‍ പദ്ധതി ആവിഷ്‌കരിക്കുകയെന്നും നാസ വ്യക്തമാക്കി.
ദൗത്യത്തില്‍ മനുഷ്യന്‍ നേരിട്ടേക്കാവുന്ന പ്രതിസന്ധികള്‍ കണ്ടെത്താന്‍ പേടകത്തിനുള്ളില്‍ സ്‌പേസ് സ്യൂട്ട് ധരിച്ചുള്ള രണ്ട് മനുഷ്യബൊമ്മകള്‍ ഉണ്ടാകും. യാത്രയ്ക്കിടെ അനുഭവപ്പെടുന്ന വൈബ്രേഷന്‍, റേഡിയേഷന്‍ എന്നിവ എത്രത്തോളം ഉണ്ടാകുമെന്ന് അളക്കുന്ന ഉപകരണങ്ങളും നിരവധി സെന്‍സറുകളും ബൊമ്മകളില്‍ ഘടിപ്പിക്കും.
അതേടൊപ്പം വിവിധ പഠനങ്ങള്‍ക്കായി ഷൂബോക്‌സ് വലുപ്പത്തിലുള്ള 10 ചെറിയ സാറ്റ്‌ലൈറ്റുകളും പേടകത്തില്‍ ഉണ്ടാകും. 11 കിലോ വീതം ഭാരമാത്രമേ ഇവയ്ക്ക് ഉണ്ടാകുകയുള്ളു. ഓറിയോണ്‍ ബഹിരാകാശത്ത് എത്തിക്കഴിഞ്ഞാല്‍ റോക്കറ്റിന്റെ മുകളിലെ ഭാഗം പേടകത്തില്‍ നിന്ന് വേര്‍പെടുന്നതോടെ സാറ്റ്‌ലൈറ്റുകള്‍ ചന്ദ്രോപരിതലത്തിലേക്ക് സ്വതന്ത്രമായി പറന്നിറങ്ങും. തുടര്‍ന്ന് ഓരോന്നും ചുമതലപ്പെടുത്തിയിരിക്കുന്ന ദൗത്യങ്ങള്‍ ആരംഭിക്കും.
ഛിന്നഗ്രഹമായ സ്‌കൗട്ടിനെ കുറിച്ച് പഠനം നടത്താനാണ് രണ്ട് സൗറ്റ് ലൈറ്റുകളുടെ ദൗത്യം. അലബാമയിലെ ഹണ്ട്സ്വില്ലിലുള്ള നാസയുടെ മാര്‍ഷല്‍ സ്പേസ് ഫ്‌ലൈറ്റ് സെന്ററില്‍ വികസിപ്പിച്ചെടുത്തവയാണ് ഈ മിനി സാറ്റ്‌ലൈറ്റുകള്‍. ചിത്രങ്ങള്‍ പകര്‍ത്താനും ഒരു ചെറിയ ഛിന്നഗ്രഹത്തെ പഠിക്കാനും ഏകദേശം രണ്ടു വര്‍ഷം ബഹിരാകാശത്ത് ഉണ്ടാകും. ലൂണാര്‍ ഐസ്‌ക്യൂബ്, ലൂണാഎച്ച്-മാപ്പ്, ലുനിആര്‍, ഒമോട്ടേനാഷി എന്നീ പേരുകളിലുള്ള ക്യൂബ്‌സാറ്റുകളാണ് ചന്ദ്രനില്‍ പഠനം നടത്താന്‍ ദൗത്യപ്പെടുത്തിയിരിക്കുന്നത്. മറ്റുള്ളവ ഭ്രമണപദത്തിലൂടെ സഞ്ചരിച്ച് പഠനം നടത്തും.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ചിത്രങ്ങള്‍ പകര്‍ത്തുകയെന്നതാണ് ലൂണാഎച്ച്-മാപ്പിന്റെ ദൗത്യം. ഒപ്പം ഉപരിതലത്തിന് സമീപമുള്ള ഹൈഡ്രജന്റെ സാന്നിധ്യം അന്വേഷിക്കുകയും ചെയ്യും. ലുനിആറിലെ ഇന്‍ഫ്രാറെഡ് പ്രകാശം ഉപയോഗിച്ച് ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തും. ജാപ്പനീസ് എയ്റോസ്പേസ് പര്യവേക്ഷണ ഏജന്‍സി വികസിപ്പിച്ചെടുത്ത ഒമോട്ടേനാഷിയുടെ ദൗത്യം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ഉപഗ്രഹങ്ങളുടെ സുരക്ഷിതമായ ലാന്‍ഡിംഗിന് സഹായിക്കുക എന്നതാണ്. ഒമോട്ടേനാഷിയിലെ എയര്‍ബാഗുകളും ഷോക്ക് അബ്സോര്‍പ്ഷന്‍ മെക്കാനിസവും ഉപഗ്രഹത്തെ സുരക്ഷിതമായി ചന്ദ്രനില്‍ ഇറക്കും.
ജൈവ വസ്തുക്കളുടെയും മിനി സാറ്റ് ലൈറ്റുകളുടെയും പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചന്ദ്രനിലെ ജീവസാന്നിധ്യം ഏറെക്കുറെ നിര്‍ണയിക്കാനാകുമെന്നു ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു. ബഹിരാകാശത്ത് ജൈവ സംവിധാനങ്ങള്‍ക്ക് എങ്ങനെ പൊരുത്തപ്പെടാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയുമെന്നത് മനസിലാക്കാന്‍ ഈ പരീക്ഷണങ്ങള്‍ സഹായിക്കുമെന്ന് ബഹിരാകാശ ജീവശാസ്ത്രത്തിനായുള്ള നാസ പ്രോഗ്രാം സയന്റിസ്റ്റ് ശര്‍മിള ഭട്ടാചാര്യ പ്രസ്താവനയില്‍ പറഞ്ഞു.
ഓഗസ്റ്റ് 29ന് അമേരിക്കന്‍ സമയം രാവിലെ 8.33 നും 10.33 നും ഇടയിലാകും ഓറിയോണ്‍ന്റെ വിക്ഷേപണം. 42 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനാണ് ഓറിയോണ്‍ പുറപ്പെടുന്നത്. മനുഷ്യന്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയരം കൂടിയ ബഹിരാകാശ പേടകമാണ് ദൗത്യത്തിന് തയാറെടുക്കുന്നത്. വിജയകരമായാല്‍ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്ന ദൗത്യത്തിന് തുടക്കം കുറിക്കും. 2025ലാകും ഇതിന്റെ ലോഞ്ചിംഗ് ഉണ്ടാവുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.