മൈക്കിള്‍ സി മാക്ഫര്‍ലന്‍ഡ്: ഡിജിറ്റല്‍ യുഗത്തിലെ ഡിജിറ്റല്‍ വൈദികന്‍

മൈക്കിള്‍ സി മാക്ഫര്‍ലന്‍ഡ്: ഡിജിറ്റല്‍ യുഗത്തിലെ ഡിജിറ്റല്‍ വൈദികന്‍

ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ മുപ്പത്തിനാലാം ഭാഗം.

നാം ജീവിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പരമ്പരാഗത ശാസ്ത്ര വിഷയങ്ങളെക്കാള്‍ സാങ്കേതിക ശാസ്ത്ര മേഖലകളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്നത്തെ കാലത്ത് ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്നതും ഏറ്റവുമധികം ജോലി സാധ്യതകള്‍ ലഭിക്കുന്നതുമെല്ലാം കമ്പ്യൂട്ടര്‍ മേഖലയിലാണ്.

കമ്പ്യൂട്ടര്‍ മേഖല ഇത്രയേറെ വളര്‍ന്നു നില്‍ക്കുന്ന ഇക്കാലത്ത് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന കാര്യത്തിലോ അതിന്റെ സാധ്യതകള്‍ വളര്‍ത്തുന്ന കാര്യത്തിലോ ഏതെങ്കിലും ഒരു വൈദികന്‍ സഹായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നായിരിക്കും പെട്ടെന്നുള്ള മറുപടി. എന്നാല്‍ അങ്ങനെ പറയാന്‍ വരട്ടെ. കമ്പ്യൂട്ടര്‍ മേഖലയില്‍ അതിശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ കത്തോലിക്കാ പുരോഹിതരുണ്ട്. അങ്ങനെയുള്ള ഒരു വൈദികനെയാണ് ഈ ആഴ്ച നാം പരിചയപ്പെടുന്നത്.

മൈക്കിള്‍ സി മാക്ഫര്‍ലന്‍ഡ് എന്ന അമേരിക്കന്‍ കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ജനിക്കുന്നത് 1948 ല്‍ ബോസ്റ്റണ്‍ എന്ന സ്ഥലത്താണ്. ഇന്നും ആ കാലഘട്ടത്തില്‍ ജനിച്ച പലര്‍ക്കും നേരാംവണ്ണം ടൈപ്പ് ചെയ്യാന്‍ പോലും അറിയാത്ത സ്ഥിതിയിലാണ് അദ്ദേഹം കമ്പ്യൂട്ടര്‍ ഉപയോഗിക്കുക മാത്രമല്ല, കമ്പ്യൂട്ടര്‍ രംഗത്ത് പല കണ്ടുപിടുത്തങ്ങളും നടത്തുകയും ചെയ്തത്. വാല്‍തം, കാലിഫോര്‍ണിയ തുടങ്ങിയ സ്ഥലങ്ങളിലാണ് അദ്ദേഹം വളര്‍ന്നത്.

1969 ല്‍ അമേരിക്കയിലെ കോര്‍ണെല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിസിക്‌സില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് Carnegie Mellon യൂണിവേഴ്‌സിറ്റിയില്‍ നിന്നും 1978 ല്‍ കമ്പ്യൂട്ടര്‍ എഞ്ചിനീറിങ്ങില്‍ ബിരുദാനന്തര ബിരുദവും 1981 ല്‍ അതേ യൂണിവേഴ്‌സിറ്റിയില്‍ നിന്നു തന്നെ ഗവേഷണവും പൂര്‍ത്തിയാക്കി. 1975 ല്‍ ഈശോസഭയില്‍ ചേര്‍ന്നു.

സെമിനാരി പരിശീലനത്തിനിടയില്‍ അദ്ദേഹം ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും സാമൂഹിക ധാര്‍മികതയില്‍ ഗവേഷണവും പൂര്‍ത്തിയാക്കി. 1984 ല്‍ വിശുദ്ധ യൗസേപ്പിന്റെ നാമധേയത്തിലുള്ള ചാപ്പലില്‍ വെച്ച് അദ്ദേഹം പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു.

2000 മുതല്‍ 2012 വരെ അദ്ദേഹം ഹോളി ക്രോസ് കോളജിന്റെ പ്രസിഡന്റ് ആയിരുന്നു. ജെസ്യൂട്ട് സഭാ വൈദികരുടെ നേതൃത്വത്തില്‍ 1863 മുതല്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ 31 മത് പ്രസിഡന്റ് ആയിരുന്നു മൈക്കിള്‍ സി മാക്ഫര്‍ലന്‍ഡ്. AT & T ബെല്‍ ലാബ്‌സ് എന്ന സ്ഥാപനത്തിനുവേണ്ടി കുറച്ചുകാലം ജോലി ചെയ്ത ശേഷമാണ് അദ്ദേഹം ഹോളി ക്രോസ് കോളേജില്‍ അധ്യാപനം ആരംഭിച്ചത്.

ഡിജിറ്റല്‍ സംവിധാനങ്ങളുടെ രൂപകല്‍പനയില്‍ പ്രധാനമായും ശ്രദ്ധ പതിപ്പിച്ച അദ്ദേഹം ഇതിനു ശേഷം കുറച്ചുകാലം ഗോണ്‍സാഗ യൂണിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ പഠിപ്പിച്ച ശേഷമാണ് ഹോളി ക്രോസ് കോളജില്‍ ചേര്‍ന്നത്. വളരെ നവീനമായ പല ആശയങ്ങളും തന്റെ അധ്യാപനകാലത്ത് അദ്ദേഹം പ്രാവര്‍ത്തികമാക്കി. ഡിജിറ്റല്‍ ഇലക്ട്രോണിക്‌സ് പഠിക്കാന്‍ ഒരു ലാബ് സജ്ജമാക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തു.

അതേപോലെ കമ്പ്യൂട്ടറും ധാര്‍മികതയും, കമ്പ്യൂട്ടര്‍ ആര്‍ക്കിടെക്ചര്‍ ഡിജിറ്റല്‍ സിസ്റ്റംസ് തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം പുതിയ കോഴ്‌സുകള്‍ ആരംഭിച്ചു. മാനേജ്മന്റ് മേഖലയില്‍ കമ്പ്യൂട്ടറിന്റെ ഉപയോഗത്തെപ്പറ്റി അദ്ദേഹം പഠനങ്ങള്‍ നടത്തുകയും ട്യൂട്ടോറിയല്‍ തയ്യാറാക്കുകയും ചെയ്തു.

The Institute of Electrical and Electronics Engineers proceedings, the IEEE Transactions on Computers, the IEEE Transactions on Computer-Aided Design of Integrated Circuits and Systems, Formal Methods for System Design, the Journal of Systems and Software, Computer, and Technology and Society തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം ആര്‍ട്ടിക്കിളുകള്‍ പ്രസിദ്ധീകരിച്ചു.

ഹോളി ക്രോസ് കോളജിന്റെ പ്രസിഡന്റ് സ്ഥാനത്തോടൊപ്പം മറ്റു പല സ്ഥാനങ്ങളും അദ്ദേഹം വഹിക്കുകയും അവയെല്ലാം വിജയിപ്പിക്കുകയും ചെയ്തു. The Board of Trustees of The Association of Jesuit Colleges and Universities, The Board of Trustees of The University of Scranton in Scranton, Pennsylvania, The Board of Trustees of Boston College High School, The Board of Trustees of St. John's High School in Shrewsbury, Massachusetts, The Board of Trustees of Worcester Catholic Charities, The Board of Trustees of The Worcester Municipal Research Bureau, The Board of Directors of the NCAA Division I, The Advisory Council for Pricewater house Coopers, Chairman of the Nativity School of Worcester, Massachusetts തുടങ്ങിയവ അവയില്‍ ചിലതാണ്.

അദ്ദേഹം പ്രസിഡന്റ് ആയിരുന്ന കാലത്ത് 216 മില്യണ്‍ ഡോളര്‍ മുടക്കി ഹോളി ക്രോസ് കോളജിന്റെ കെട്ടിടങ്ങളും സംവിധാനങ്ങളുമെല്ലാം നവീകരിച്ചു. പഠന പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചിലവഴിക്കുന്നതു പോലെ തന്നെ കായിക രംഗത്തിനും പ്രത്യേകിച്ച് ഫുട്‌ബോള്‍, ടെന്നീസ്, അത്‌ലെറ്റിക്‌സ് തുടങ്ങിയ കാര്യങ്ങള്‍ക്കും അദ്ദേഹം പ്രാധാന്യം നല്‍കി. എല്ലാ ദിവസവും ഓടാനും കായികാഭ്യാസങ്ങള്‍ ചെയ്യാനും മൈക്കിള്‍ സി മാക്ഫര്‍ലന്‍ഡ് സമയം കണ്ടെത്തിയിരുന്നു.

സ്ഥിരമായി അദ്ദേഹം കോളജിലെ കുട്ടികളെ കാണുകയും അവരെ പഠന പഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ നിരന്തര പരിശ്രമങ്ങള്‍ അനേകം കുട്ടികള്‍ക്ക് വിജ്ഞാന മേഖലയിലേക്ക് കൂടുതല്‍ തീക്ഷ്ണതയോടെ ചുവടുവെക്കാന്‍ പ്രേരണയായി.

സാങ്കേതിക വിദ്യയും ധാര്‍മികതയും തമ്മിലുള്ള ബന്ധത്തെപ്പറ്റി വളരെ ഗഹനമായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഒരാളാണ് മൈക്കിള്‍ സി മാക്ഫര്‍ലന്‍ഡ്. അദ്ദേഹത്തിന്റെ വിചിന്തനങ്ങളും ചിന്തകളും പരമ്പരാഗത മേഖലകള്‍ക്കപ്പുറത്ത് ധാര്‍മിക വിഷയങ്ങളെ കണ്ടെത്താനും വളര്‍ത്താനും നമുക്ക് ഉത്തേജനം നല്‍കുന്നുണ്ട്.

https://cnewslive.com/author/33650/1വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.