കോടിയേരിയുടെ പകരക്കാരന്‍ ആര്? തീരുമാനം ഇന്നുണ്ടായേക്കും

 കോടിയേരിയുടെ പകരക്കാരന്‍ ആര്? തീരുമാനം ഇന്നുണ്ടായേക്കും

തിരുവനന്തപുരം: ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന കോടിയേരി ബാലകൃഷ്ണന് പകരം സെക്രട്ടറിയുടെ ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കണമോ എന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും. ഇന്ന് ആരംഭിക്കുന്ന സിപിഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗം പ്രകാശ് കാരാട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് രണ്ടു ദിവസങ്ങളിലായി സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചേരുന്നത്.

ഗവര്‍ണര്‍ക്കെതിരെ സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തില്‍ ചര്‍ച്ചയാകും. സംഘടന രാഷ്ട്രീയ കാര്യങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കാനാണ് അടിയന്തര നേതൃയോഗം സി.പി.എം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. സെക്രട്ടറി സ്ഥാനത്തു നിന്നും മാറാനുള്ള സന്നദ്ധത കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. രാവിലെ ചേരുന്ന അവൈലബിള്‍ പി.ബി യോഗം വിഷയം ചര്‍ച്ച ചെയ്യും. അതിനു ശേഷമായിരിക്കും സെക്രട്ടറിയറ്റ് പരിഗണിക്കുക.

ഉച്ചക്ക് ശേഷവും നാളെയുമായി സംസ്ഥാന സമിതി ആയിരിക്കും അന്തിമ തീരുമാനം എടുക്കുക. കോടിയേരിയെ പൂര്‍ണ്ണമായി മാറ്റുന്നതിനോട് പാര്‍ട്ടിക്ക് യോജിപ്പില്ല. അത്യാവശ്യമെങ്കില്‍ നിശ്ചിതകാലം അവധി നല്‍കാം എന്നതാണ് നിലപാട്. പാര്‍ട്ടി കര്യങ്ങള്‍ നിര്‍വഹിക്കാന്‍ പകരം ചുമതല മറ്റൊരാള്‍ക്ക് നല്‍കിയേക്കും. എ. വിജയരാഘവന്‍, എം.എ ബേബി, എ.കെ ബാലന്‍, ഇ.പി ജയരാജന്‍ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയില്‍.

സെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരി പൂര്‍ണമായി ഒഴിഞ്ഞാല്‍ ഭരണ തലത്തിലടക്കം മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. സര്‍ക്കാരിനെതിരെ പോരിനിറങ്ങിയ ഗവര്‍ണറുടെ നീക്കങ്ങള്‍ പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. ഇതുവരെ പ്രതിഷേധ പ്രതികരണങ്ങള്‍ മാത്രം നടത്തിയ പാര്‍ട്ടി പ്രത്യക്ഷ സമര പരിപാടികളിലേക്ക് അടക്കം നീങ്ങാനുള്ള തീരുമാനവും യോഗം എടുത്തേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.