നിയമസഭയില്‍ ശക്തി തെളിയിക്കാന്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍; വിശ്വാസ പ്രമേയം അവതരിപ്പിക്കും

നിയമസഭയില്‍ ശക്തി തെളിയിക്കാന്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍; വിശ്വാസ പ്രമേയം അവതരിപ്പിക്കും

ന്യൂഡല്‍ഹി: സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് സഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിക്കും. പാര്‍ട്ടിയില്‍ കൂറുമാറ്റമില്ലെന്ന് തെളിയിക്കാനാണ് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ കെജ്‌രിവാള്‍ വിശ്വാസവോട്ടിന് നിര്‍ദേശിച്ചത്.

എംഎല്‍എമാര്‍ക്ക് ബിജെപി 20 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ആംആദ്മി നേതൃത്വം ആരോപിച്ചിരുന്നു. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മുഴുവന്‍ എംഎല്‍എമാരും പങ്കെടുത്തില്ലെന്ന അഭ്യൂഹങ്ങളും പുറത്തു വന്നിരുന്നു. ഇതോടെയാണ് ശക്തി പ്രകടനത്തിന് എഎപി ഒരുങ്ങുന്നത്.

കഴിഞ്ഞ ദിവസം കെജ്‌രിവാള്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്കൊപ്പം മഹാത്മാ ഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ടില്‍ പ്രാര്‍ത്ഥനക്ക് എത്തിയിരുന്നു. ബിജെപിയുടെ ഓപ്പറേഷന്‍ താമരയുടെ പരാജയത്തിനായി പ്രാര്‍ത്ഥിക്കാനാണ് എംഎല്‍എമാര്‍ക്കൊപ്പം താന്‍ രാജ്ഘട്ടിലേക്ക് പോയതെന്ന് അദേഹം പറഞ്ഞു.

മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളുടെ മാതൃകയില്‍ തങ്ങളുടെ സര്‍ക്കാരിനേയും താഴെയിറക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും എഎപി ആരോപിച്ചു.

ഡല്‍ഹിയിലെ മദ്യനയത്തിന്റെ പേരില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇഡിയും മനീഷ് സിസോദിയക്കെതിരെ കേസ് എടുത്തു. ആംആദ്മി പാര്‍ട്ടി വിട്ടുവന്നാല്‍ എല്ലാ കേസുകളും അവസാനിപ്പിക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായി മനീഷ് സിസോദിയയും ആരോപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.