കാന്‍ബറ: മരുന്നുകള്‍ അടക്കമുള്ള അവശ്യസാധനങ്ങള്‍ ഓസ്‌ട്രേലിയയില്‍ ഹലാല്‍ ആയി മാറുകയാണോ? കാര്യങ്ങള്‍ കുറച്ചെങ്കിലും ഈ വഴിക്കാണെന്നാണ് ഇതുസംബന്ധിച്ച പുതിയ പ്രവണതകള്‍ നല്‍കുന്ന സൂചന. ജനപ്രിയ വൈറ്റമിന്‍ ഡി ബ്രാന്‍ഡായ ഓസ്റ്റലിന്‍ (Ostelin) ഹലാല്‍ ആയി ഓസ്‌ട്രേലിയന്‍ ഫാര്‍മസികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇന്ത്യക്കാരടക്കം നിരവധി ആളുകള്‍ ഉപയോഗിക്കുന്നതാണ് ഓസ്റ്റലിന്‍ ബ്രാന്‍ഡിന്റെ വൈറ്റമിന്‍ ഡി ഗുളികകള്‍. ഇതിന്റെ നിര്‍മാണം ഓസ്‌ട്രേലിയന്‍ ഫെഡറേഷന്‍ ഓഫ് ഇസ്ലാമിക് കൗണ്‍സിലിന്റെ (എ.എഫ്.ഐ.സി) കീഴിലാണ്.
ഹലാല്‍ സര്‍ട്ടിഫൈഡ് മെഡിസിന്‍ (എച്ച്.സി.എം) അഥവാ എച്ച്.സി.എം എന്ന ബ്രാന്‍ഡ് ലേബലിലാണ് ഇത്തരം മരുന്നുകള്‍ വിപണിയിലെത്തുന്നത്. അതല്ലെങ്കില്‍ ഓസ്‌ട്രേലിയന്‍ ഫെഡറേഷന്‍ ഓഫ് ഇസ്ലാമിക് കൗണ്‍സില്‍ (എ.എഫ്.ഐ.സി) എന്ന ലേബലില്‍.
മരുന്ന് കുപ്പിയില്‍ ഓസ്‌ട്രേലിയന്‍ ഫെഡറേഷന്‍ ഓഫ് ഇസ്ലാമിക് കൗണ്‍സിലിന്റെ ലേബല്‍ പതിപ്പിച്ചിരിക്കുന്നു
ഹലാല്‍ അതോറിട്ടിയുടെ പരിശോധനകള്‍ക്കു ശേഷമാണ് ഒരു ഉല്‍പന്നത്തിന് ഇത്തരം സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നത്. ഓസ്‌ട്രേലിയയിലെ ഒരു ഹലാല്‍ അതോറിട്ടി ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍ക്കു മാത്രമായിട്ടുള്ളതാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങളും ശക്തമാണ്. 'ഞാന്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. എങ്ങനെയാണ് മരുന്നും വെള്ളവുമെല്ലാം ഹലാല്‍ ആയി മാറുന്നത്', സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായ ഒരു കമന്റാണിത്.
ബോയ്‌കോട്ട് ഹലാല്‍ (ഹലാല്‍ ബഹിഷ്‌കരിക്കുക) എന്ന സോഷ്യല്‍ മീഡിയ പേജ് കേന്ദ്രീകരിച്ച് ഇതിനെതിരേ വ്യാപക പ്രചാരണവും നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യം എന്നു പറയുന്നത് ഒരാള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ ഹലാല്‍ ലേബല്‍ നോക്കി വാങ്ങാം എന്നതു പോലെ വേണ്ടാത്തവര്‍ക്ക് ഒഴിവാക്കാനും സാധിക്കണമെന്നതാണ് ഈ ക്യാമ്പയ്‌നിന്റെ പ്രധാന ആവശ്യം.
പല ഹലാല്‍ സ്റ്റിക്കറുകളും ഉപഭോക്താവിന് എളുപ്പത്തില്‍ കാണാന്‍ കഴിയില്ലെന്നതാണ് പൊതുവേയുള്ള ആക്ഷേപം. ഇതിനിടെ ഹലാല്‍ സര്‍ട്ടിഫൈഡ് മരുന്നുകളെക്കുറിച്ച് സൂചന നല്‍കുന്ന halalmedicines.com.au എന്ന വെബ്‌സൈറ്റ് അപ്രത്യക്ഷമാണ്.
ഹലാല്‍ ഉല്‍പന്നങ്ങള്‍ ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന ആവശ്യം ഉയരുമ്പോഴും പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളായ കോള്‍സ്, വൂള്‍സ്‌വര്‍ത്ത്, ഐ.ജി.എ എന്നിവിടങ്ങളിലെ ഒട്ടുമിക്ക ഷോപ്പുകളിലൂടെയും വിറ്റഴിക്കുന്ന മാംസം ഹലാല്‍ സര്‍ട്ടിഫൈഡാണ്.
ഓസ്‌ട്രേലിയന്‍ പോര്‍ക്കും ആല്‍ഡി സൂപ്പര്‍ മാര്‍ക്കറ്റുകളിലെ മാംസവുമാണ് നോണ്‍ ഹലാല്‍ എന്നാണ് അറിയാന്‍ കഴിയുന്നത്.
മുഖ്യധാരയിലുള്ള പരമ്പരാഗത ഉല്‍പന്നങ്ങള്‍ വാങ്ങി രാജ്യത്തിന്റെ സമ്പദ് ഘടനയെ ശക്തിപ്പെടുത്തണമെന്നതാണ് ബോയ്‌കോട്ട് ഹലാല്‍ ക്യാമ്പയിനിന്റെ പ്രധാന ആഹ്വാനം. ഹലാല്‍ ക്യാമ്പയിനുകള്‍ക്കു പിന്നില്‍ വലിയൊരു സാമ്പത്തിക അജണ്ട ഒളിഞ്ഞിരിപ്പുണ്ടെന്നും ബോയ്‌കോട്ട് ഹലാല്‍ ചൂണ്ടിക്കാട്ടുന്നു.
ഇതോടൊപ്പം ഹലാല്‍ ആവശ്യമില്ലാത്തവര്‍ക്ക് ഇത്തരം ഉല്‍പന്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന Buycott എന്ന ആപ്പും പ്രചരിക്കുന്നുണ്ട്. വാങ്ങിക്കുന്ന സാധനങ്ങളുടെ ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് ഹലാല്‍ അല്ലെന്ന് ഉറപ്പുവരുത്താന്‍ ഈ ആപ്പ് സഹായിക്കുന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്തശേഷം other tab എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. തുടര്‍ന്ന് അവോയ്ഡ് ഹലാല്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ ബാര്‍കോഡ് സ്‌കാനിങ്ങിലൂടെ ഒരു ഉല്‍പന്നം ഹലാല്‍ ആണോ അല്ലയോ എന്ന് ഉറപ്പുവരുത്താനാകുമെന്നും പറയുന്നു.
ഓസ്‌ട്രേലിയയില്‍ ഇതിനകം ഹലാല്‍ സര്‍ട്ടിഫിക്കേഷനുകള്‍ക്കായി 16-ലധികം കമ്പനികള്‍ ഉള്ളതായി 'ബോയ്‌കോട്ട് ഹലാല്‍' എന്ന സോഷ്യല്‍ മീഡിയ പേജ് സൂചന നല്‍കുന്നു.
അതേസമയം, ഇന്തോനേഷ്യയിലാകട്ടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ സ്ഥാപനം മാത്രമാണുള്ളത്. ഓരോ ഹലാല്‍ സര്‍ട്ടിഫിക്കേഷനും സ്ഥാപനങ്ങള്‍ ആഗ്രഹിക്കുന്ന തുകയാണ് ഈടാക്കുന്നത്. ഭക്ഷണ സാധനങ്ങള്‍ ഹലാല്‍ ആക്കണമെങ്കില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഇത്തരം നടപടികള്‍ സ്വീകരിക്കട്ടെയെന്നും അതിനുള്ള പണം ഓസ്‌ട്രേലിയ പൊതുസമൂഹത്തിന് ലഭിക്കട്ടേയെന്നുമാണ് മുഖ്യമായ ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.