ഫ്ളോറിഡ: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നാസയുടെ ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ആദ്യ വിക്ഷേപണം സാങ്കേതിക തകരാറിനെതുടര്‍ന്ന് മാറ്റിവച്ചു. റോക്കറ്റിന്റെ നാല് എന്‍ജിനുകളില്‍ ഒന്നില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ നിര്‍ത്തിവെച്ചത്. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടങ്ങിയതായി നാസ അറിയിച്ചു. മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന് 50 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ആര്‍ട്ടെമിസ് 1 ദൗത്യം ചന്ദ്രനിലേക്ക് വിക്ഷേപിക്കുന്നത്.
ഇന്ത്യന്‍ സമയം ഇന്ന് വൈകീട്ട് 6.04നാണ് ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തില്‍ നിന്ന് ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) പറന്നുയരാനിരുന്നത്. റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ഘട്ടത്തിലാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതു പരിഹരിക്കാന്‍ തീവ്രശ്രമം നടത്തിയെങ്കിലും ഫലം കാണാതെ വന്നതോടെയാണ് ദൗത്യം നീട്ടിവയ്ക്കാന്‍ നാസ തീരുമാനിച്ചത്.
ചെറിയ സാങ്കേതിക പ്രശ്‌നം പോലും വിക്ഷേപണം വൈകിപ്പിക്കുമെന്ന് നാസ അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്ന് വിക്ഷേപിക്കാന്‍ കഴിയാത്തതിനാല്‍ സെപ്റ്റംബര്‍ രണ്ടിനോ അഞ്ചിനോ വിക്ഷേപണമുണ്ടായേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വിക്ഷേപണം കാണാന്‍ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഉള്‍പ്പെടെ പതിനായിരക്കണക്കിന് ആളുകള്‍ ബീച്ചില്‍ എത്താനിരിക്കെയാണ് വിക്ഷേപണം മാറ്റിയിരിക്കുന്നത്. വിക്ഷേപണത്തിന്റെ തിയതി പിന്നീട് അറിയിക്കുമെന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്.
322 അടി ഉയരമുള്ള റോക്കറ്റിന്റെ ഏറ്റവും മുകളിലാണ് യാത്രക്കാരെ വഹിക്കുന്ന 11 അടി പൊക്കമുള്ള ഓറിയോണ്‍ പേടകം. 42 ദിവസത്തെ ബഹിരാകാശ ദൗത്യമാണ് ഓറിയോണിനുള്ളത്. ചന്ദ്രനിലെ ഈര്‍പ്പം, ജീവ സാന്നിധ്യം, ജീവനുള്ള വസ്തുക്കളോടുള്ള പ്രതികരണം എന്നിവയാണ് പഠനവിധേയമാക്കുന്നത്. ഇതിനായി യീസ്റ്റ്, കടല്‍സസ്യങ്ങള്‍, ഫംഗസ്, വിത്തുകള്‍ തുടങ്ങിയ ജൈവ വസ്തുക്കളും വിവിധ പഠനങ്ങള്‍ക്കായി ഷൂബോക്സ് വലുപ്പത്തിലുള്ള 10 ചെറിയ സാറ്റ്ലൈറ്റുകളും പേടകത്തില്‍ ഉണ്ടാകും.
ചന്ദ്രോപരിതലത്തിലെ റേഡിയേഷനുകള്‍ ജീവകണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് പഠിക്കുകയാണ് ജൈവ വസ്തുക്കള്‍ അയയ്ക്കുന്നതിന്റെ ലക്ഷ്യം. 10 കിലോ വീതം ഭാരംവരുന്ന ചെറു സാറ്റ്ലൈറ്റുകള്‍ ചന്ദ്രനെ പഠിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യും. യാത്രയ്ക്കിടെ മനുഷ്യന്‍ നേരിട്ടേക്കാവുന്ന പ്രതിസന്ധികള്‍ കണ്ടെത്താന്‍ പേടകത്തിനുള്ളില്‍ സ്പേസ് സ്യൂട്ട് ധരിച്ചുള്ള രണ്ട് മനുഷ്യബൊമ്മകളും ഉണ്ടാകും. വൈബ്രേഷന്‍, റേഡിയേഷന്‍ എന്നിവ എത്രത്തോളം ഉണ്ടാകുമെന്ന് അളക്കുന്ന ഉപകരണങ്ങളും നിരവധി സെന്‍സറുകളും ബൊമ്മകളില്‍ ഘടിപ്പിച്ചിട്ടുണ്ട്.
ഇരുപത്തിയാറായിരം കിലോയിലധികമാണ് എസ്.എല്‍.എസ് ഭാരം. 27 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയും പേടകത്തിനുണ്ട്. പേടക നിര്‍മാണത്തിന് 23 ബില്യണ്‍ ഡോളറിലേറെ ഇതുവരെ ചിലവായി.
ഭൂമിയില്‍ നിന്ന് 3,86,000 കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനിലേക്ക് എത്താനായി ഓറിയോണ്‍ ഒരാഴ്ചയെടുക്കും. പിന്നീട് അഞ്ചാഴ്ചയോളം പിന്നിട്ട ശേഷം മണിക്കൂറില്‍ 40,000 കിലോമീറ്റര്‍ വേഗത്തില്‍ പസിഫിക് സമുദ്രത്തിലേക്ക് ഓറിയണ്‍ വീഴും. 9,300 കോടിയിലധികം യുഎസ് ഡോളര്‍ ചെലവഴിച്ചാണ് ആര്‍ട്ടിമിസ് പദ്ധതി നടപ്പാക്കുന്നത്. ആദ്യദൗത്യത്തിന് 400 കോടി യുഎസ് ഡോളര്‍ ചെലവുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.