ബഫര്‍ സോണ്‍: ഉപഗ്രഹ സര്‍വേയ്‌ക്കൊപ്പം നേരിട്ടുള്ള പരിശോധനയും; സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ദ്ധ സമിതി

ബഫര്‍ സോണ്‍:  ഉപഗ്രഹ സര്‍വേയ്‌ക്കൊപ്പം നേരിട്ടുള്ള പരിശോധനയും; സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ദ്ധ സമിതി

തിരുവനന്തപുരം: ബഫര്‍ സോണ്‍ മേഖലകളിലെ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, ഇതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച വിവര ശേഖരണത്തിന് ഉപഗ്രഹ സര്‍വേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

സാങ്കേതിക വിദ്യാ സംവിധാനം വഴിയുള്ള കണക്കെടുപ്പിലെ വിശദാംശങ്ങള്‍ നേരിട്ടുള്ള പരിശോധന വഴി ഉറപ്പിക്കും. ഇക്കാര്യങ്ങളില്‍ പഠനം നടത്തി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ദ്ധ സമിതിയെ രൂപീകരിക്കാനും യോഗം തീരുമാനിച്ചു. സമിതി ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്നു മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കും.

തദ്ദേശ സ്വയംഭരണം, റവന്യൂ, കൃഷി, വനം എന്നീ വകുപ്പുകള്‍ വകുപ്പു തലത്തില്‍ ലഭ്യമാക്കിയ വിവരങ്ങള്‍ ചീഫ് സെക്രട്ടറി ക്രോഡീകരിക്കും. ഉപഗ്രഹ സംവിധാനം വഴി തയ്യാറാക്കിയ ഡാറ്റയും വകുപ്പുതല ഡാറ്റയും വിദഗ്ദ്ധ സമിതി പരിശോധിക്കും.

115 വില്ലേജുകളിലാണ് ബഫര്‍ സോണ്‍ വരുന്നത്. സുപ്രീംകോടതി ആവശ്യപ്പെട്ടത് പ്രകാരം സാങ്കേതിക വിദ്യാ സഹായത്തോടെ ഉപഗ്രഹ സംവിധാനം വഴി ബഫര്‍ സോണിലുള്ള കെട്ടിടങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും മറ്റും കണക്കെടുപ്പ് സംസ്ഥാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

കേരളം ഫയല്‍ ചെയ്തിട്ടുള്ള പുനപരിശോധനാ ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വേഗത്തില്‍ വാദം കേള്‍ക്കണം എന്ന ആവശ്യം സംസ്ഥാനം ഉന്നയിക്കും. യോഗത്തില്‍ മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, പി. രാജീവ്, കെ.രാജന്‍, പി.പ്രസാദ്, വിവിധ വകുപ്പു സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.