കായിക ഇന്ത്യയുടെ മായിക സ്വപ്നങ്ങള്‍

കായിക ഇന്ത്യയുടെ മായിക സ്വപ്നങ്ങള്‍

130 കാടി ഇന്ത്യാക്കാര്‍ക്കായി ഒരു വെള്ളിയും ഓടും നല്‍കിയ ലോക ഒളിമ്പിക്സ്‌ വേദി, മഹത്തായ ഭാരത പാരമ്പര്യത്തോടു നീതി ചെയ്തില്ലെന്നും നീന്തല്‍ക്കുളത്തിലെ സ്വര്‍ണമത്സ്യമായി പുളഞ്ഞു തുള്ളിയ അമേരിക്കന്‍ നീന്തല്‍താരം മൈക്കല്‍ ഫെല്‍പ്സിനെ ഒരു രാജ്യമായി പ്രഖ്യാപിക്കണമെന്നുമുള്ള ആത്മാക്ഷേപഹാസ്യങ്ങള്‍ ചൊല്ലി ഇന്ത്യാക്കാരെല്ലാം തൃപ്തി നുണഞ്ഞ ദിനങ്ങളില്‍ത്തന്നെ വരവായി, ഓഗസ്റ്റ്‌ 29-ന്‌ ദേശീയ കായികദിനം.
ഇന്ത്യന്‍ “വിസാര്‍ഡ്‌” എന്നറിയപ്പെടുന്ന ഹോക്കി കോര്‍ട്ടിലെ കായിക മാന്ത്രികൻ  മേജര്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനമാണ്‌ 2012 മുതല്‍ ഭാരതസര്‍ക്കാര്‍ ദേശീയ കായികദിനമായി ആചരിക്കുന്നത്‌. 1905 ഓഗസ്റ്റ്‌ 29-ന്‌ അലഹബാദില്‍ ജനിച്ച ധ്യാന്‍ചന്ദ്‌, 1928, 1932, 1936 ഒളിമ്പിക്സുകളില്‍ ഇന്ത്യക്ക്‌ സ്വര്‍ണമെഡല്‍ വാങ്ങി നല്‍കിയ മഹാനായ കായിക താരമാണ്‌. സുബേദാര്‍ മേജര്‍ ബാലെ തിവാരി എന്ന കായിക ഗുരുവിന്റെ കണ്ടെത്തലാണ്‌ ധ്യാന്‍ചന്ദിന്റെ കളിയുടെ ചന്തം ഇന്ത്യയുടെ പൊന്‍പ്രഭയാക്കിയത്‌. ധ്യാന്‍സിംഗ്‌ എന്ന യുവാവ്‌ പകലിലെ ജോലിക്കുശേഷം രാത്രി കളിക്കാന്‍വേണ്ടി ചന്ദ്ര വെളിച്ചം കാത്തിരുന്നതിന്‌ കൂട്ടുകാര്‍ നല്‍കിയ “ധ്യാന്‍ചന്ദ്‌” എന്ന കളിപ്പേര്‍ പിന്നീട ഇന്ത്യയുടെ കളിയുടെ വിളിപ്പേരായി എന്നത്‌ ചരിത്ര കൗതുകം! 1936-ലെ ബര്‍ലിന്‍ ഒളിമ്പിക്സില്‍ 8-1 ന്‌ ജര്‍മ്മനിയെ തോല്‍പിച്ച്‌ ഇന്ത്യയെ സ്വര്‍ണമണിയിച്ച ധ്യാന്‍ചന്ദിന്റെ കളിമികവ്‌ പിന്‍തുടരാനുള്ള കാര്യശേഷിയും കായശേഷിയും നമുക്കുണ്ടായില്ല!

1900-ലെ പാരീസ്‌ ഒളിമ്പിക്സില്‍ നോര്‍മന്‍ ല്രിച്ചാര്‍ഡ്‌ എന്ന ഓട്ടക്കാരനെ മാത്രം പങ്കെടുപ്പിച്ച്‌ രണ്ടു വെള്ളി നേടിയ ഇന്ത്യ 116 വര്‍ഷത്തെ അത്യധ്വാനത്തിനുശേഷം 2016-ലെ റിയോ ഒളിമ്പിക്സില്‍ ഒരു വെള്ളിയും വെങ്കലവും നേടുമ്പോള്‍, പി.വി. സിന്ധുവിനെയും സാക്ഷിയേയും സാക്ഷിയാക്കി ഇന്ത്യന്‍ ഒളിമ്പിക്സ്‌ തിരശീല താഴ്ത്തുമ്പോള്‍ കായിക ഇന്ത്യയുടെ ഭാവി വെറും മായിക സ്വപ്നം മാത്രമാകാതെ നോക്കാനുള്ള പൗരബോധത്തിലേക്ക് ആത്മാഭിമാനമുള്ള ഇന്ത്യാക്കാര്‍ ഉണരേണ്ട ദിനമാണ്‌ ഓഗസ്റ്റ്‌ 29.
1927-ല്‍ രൂപീകരിച്ച ഇന്ത്യന്‍ ഒളിമ്പിക്സ്‌ അസോസിയേഷന്‍ 1928-ലെ ആംസ്റ്റര്‍ഡാം ഒളിമ്പിക്സിലാണ്‌ ആദ്യമായി ഓദ്യോഗിക പങ്കാളിത്തം അറിയിച്ചത്‌. ഇന്ത്യന്‍ ഹോക്കി നേടിയ സ്വര്‍ണമാണ്‌ അന്ന്‌ ഇന്ത്യ യുടെ തിളക്കമായത്‌.

പ്രിച്ചാര്‍ഡിനുശേഷം ഹെന്‍റി റിബ്ബെല്ലോയും പറക്കും സിക്ക്‌ മില്‍ക്കാസിംഗും കേരളത്തിന്റെ സ്വന്തം പി.റ്റി. ഉഷയും എം.ഡി. വത്സമ്മയും ഷൈനി വില്‍സണും വന്ദന റാവുവുമാണ്‌ ഒളിമ്പ്യന്മാരായത്‌. 1996-ലെ ലിയാണ്ടര്‍ പേസിന്റെ ടെന്നീസിലെ വെങ്കലവും 2000-ല്‍ കര്‍ണം മല്ലേശ്വരിയുടെ ഭാരോദ്വഹനത്തിലെ വെള്ളിയും 2004- ലെ രാജ്യവര്‍ധന്‍സിംഗ്‌ രാത്തോറിന്റെ ഷൂട്ടിംഗിലെ വെള്ളിയും 2008 -ലെ അഭിനവ്‌ ബിന്ദ്രയുടെ ഷൂട്ടിംഗിലെ സ്വര്‍ണവുമൊക്കെയാണ്‌ 132 കോടി ഇന്ത്യാക്കാര്‍ മാറിമാറി കഴുത്തിലണിഞ്ഞ്‌ സ്വയം അഭിമാനിക്കുന്നത്‌.

മറ്റു രാജ്യങ്ങളിലെ കായികതാരങ്ങള്‍ക്ക്‌ കായികം വെറും മായിക സ്വപ്നമല്ല, ജീവിതംതന്നെയാണ്‌. ഇന്ത്യന്‍ കായികതാരങ്ങളില്‍ പലരും ജീവിക്കാന്‍ സ്വന്തം ഗതി തിരയേണ്ട ഗതികേടിലാണ്‌. ഒരു കപിലും സച്ചിനും ധോണിയും നാരായൺ കാര്‍ത്തികേയനും സാനിയ മിര്‍സയും ഗൌരവ്‌ ഖേയും ഗീത്‌ സ്വഥിയും ബൈചുംഗ്‌ ബുടിയയും പി.ടി. ഉഷയും ഷൈനി വിത്സനും ഐ.എം വിജയനും കെ.എം. ബീനാമോളും അഞ്ജു ബോബി ജോര്‍ജും മേരി കോമും വോളിബോള്‍ കോര്‍ട്ടില്‍ നെറ്റിനു മുകളില്‍ പാറിപ്പറന്ന ജിമ്മി ജോര്‍ജും എല്ലാം വാഴ കുലയ്ക്കുന്നതുപോലെ ഒരിക്കല്‍ മാത്രം പിറക്കുന്ന പിന്‍തുടര്‍ച്ചാവകാശികളില്ലാത്ത പൊതുമുതലാകരുതെന്ന്‌ ഉയിരുണര്‍ത്തി ജപിക്കാം നമുക്ക്‌, ഈ കായിക ദിനത്തിലെങ്കിലും!


ഫാ റോയ് കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും

ഫാ റോയ് കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.