വിഴിഞ്ഞത്ത് വൈദികര്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു

 വിഴിഞ്ഞത്ത് വൈദികര്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിനിടെ പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളും സമരസമിതിയും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. പരാതിക്കിടയാക്കിയ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കില്ലെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

വൈദികരുടെ പരാതി പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി. എന്നാല്‍ നേരത്തെ തീരുമാനിച്ച സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു. നേരത്തെ തുറമുഖ കവാടത്തിന് മുന്നിലെ സമരപ്പന്തല്‍, പ്രധാന ഗേറ്റിന് സമീപത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

രാവിലെ പദ്ധതി പ്രദേശത്തേക്ക് കടന്ന സമരക്കാര്‍ വൈകിയും പുറത്തിറങ്ങാന്‍ തയ്യാറായില്ല. ഇവര്‍ക്ക് ഭക്ഷണവുമായെത്തിയ വാഹനം പൊലീസ് തടയുകയും ചെയ്തു. പിന്നാലെയാണ് നിരാഹാരസമരം ആരംഭിച്ചത്. രാവിലെ നാല് ഇടവകകളുടെ നേതൃത്വത്തില്‍ കടല്‍മാര്‍ഗവും കരമാര്‍ഗവും മത്സ്യതൊഴിലാളികള്‍ തുറമുഖം ഉപരോധിച്ചു. അതിനിടെ പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും, കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജികളികള്‍ പരിഗണിച്ച ഹൈക്കോടതി സമരം കാരണം തുറമുഖ നിര്‍മാണത്തിന് തടസമുണ്ടാകരുതെന്ന് നിര്‍ദേശിച്ചു.

അതേസമയം മത്സ്യത്തൊഴിലാളികളുടെ ഭാഗം കൂടി കേള്‍ക്കണം എന്നാണാവശ്യപ്പെട്ട് ലത്തീന്‍അതിരൂപതയും ഹര്‍ജി നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.