സോണിയ, രാഹുല്‍, പ്രിയങ്ക മത്സരിക്കില്ല; കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന്

 സോണിയ, രാഹുല്‍, പ്രിയങ്ക മത്സരിക്കില്ല; കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ആരും മത്സരിക്കില്ലെന്ന് ഗാന്ധി കുടുംബം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബം മത്സരിക്കില്ലെന്നാണ് എ.ഐ.സി.സി വ്യത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കില്ല.

താന്‍ മത്സരിക്കാനില്ലെന്ന് രാഹുല്‍ അറിയിച്ചതായാണ് എ.ഐ.സി.സി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ആര് മത്സരിക്കുന്നതിനെയും ഗാന്ധി കുടുംബം എതിര്‍ക്കില്ലെന്നും എഐസിസി അറിയിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടില്‍ ഉറച്ച് നിര്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. പദവി ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യമുന്നയിച്ചെങ്കിലും നിലപാടില്‍ മാറ്റമില്ലെന്ന് തന്നെ രാഹുല്‍ പറഞ്ഞതായാണ് വിവരം. കുടുംബ പാര്‍ട്ടി എന്ന വിമര്‍ശനം ശക്തമാകുമെന്നതിനാല്‍ പ്രിയങ്കയും അധ്യക്ഷസ്ഥാനത്തേക്ക് ഉണ്ടാകില്ല. ഈ സാഹചര്യത്തില്‍ ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യത.

ഗാന്ധി കുടുംബത്തില്‍ നിന്നും ആരും ഇല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നതാണ് ജി 23യുടെ താല്‍പ്പര്യം. ശശി തരൂര്‍, മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് അഭ്യൂഹങ്ങളില്‍ മുന്നില്‍. എന്നാല്‍ താന്‍ മത്സരിക്കുന്ന കാര്യത്തില്‍ തരൂര്‍ ഇനിയും നിലപാട് പരസ്യപ്പെടുത്തിയിട്ടില്ല.

രാഹുലോ പ്രിയങ്കയോ മത്സരിക്കുകയാണെങ്കില്‍ വോട്ട് പൂര്‍ണമായും ഏകീകരിക്കപ്പെടുമെങ്കിലും ഗെലോട്ടിന്റെ കാര്യത്തില്‍ അതുണ്ടാകില്ലെന്നാണ് ജി 23യുടെ പ്രതീക്ഷ. തരൂര്‍ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുകയാണെന്ന് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച ഗുലാം നബി ആസാദ് പറഞ്ഞിരുന്നു.

നേതൃസ്ഥാനത്ത് നിന്നും ഗുലാം നബി ആസാദ് ഒടുവില്‍ രാഹുല്‍ ഗാന്ധിയെ തന്നെ വ്യക്തിപരമായി വിമര്‍ശിച്ച് രാജി വെച്ചത് ജി 23യ്ക്ക് ക്ഷീണമാണ്. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17 നാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു സ്ഥാനാര്‍ഥിയുമില്ലെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഒക്ടോബര്‍ എട്ടിനു തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാരാണെന്ന് അറിയാനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.