തലയ്ക്കു നേരെ ചൂണ്ടിയ തോക്ക് തകരാറിലായി; അര്‍ജന്റീനിയന്‍ വൈസ് പ്രസിഡന്റ് അദുഭുതകരമായി രക്ഷപ്പെട്ടു

തലയ്ക്കു നേരെ ചൂണ്ടിയ തോക്ക് തകരാറിലായി; അര്‍ജന്റീനിയന്‍ വൈസ് പ്രസിഡന്റ് അദുഭുതകരമായി രക്ഷപ്പെട്ടു

ബ്യൂണസ് ഐറിസ്: വധശ്രമത്തില്‍നിന്ന് അര്‍ജന്റീനിയന്‍ വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്ചനര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തലയ്ക്കു നേരെ ചൂണ്ടിയ തോക്ക് തകരാറിലായതാണ് ക്രിസ്റ്റീനയ്ക്കു ഭാഗ്യമായത്. സംഭവത്തില്‍ ബ്രസീലിയന്‍ വംശജനായ 35 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്ക് പിടിച്ചെടുക്കുകയും ചെയ്തു. അഴിമതി ആരോപണത്തില്‍ ക്രിസ്റ്റീന ഫെര്‍ണാണ്ടസ് വിചാരണ നേരിടുന്ന സാഹചര്യത്തിലാണ് വധശ്രമം.

വൈസ് പ്രസിഡന്റിന്റെ തലയ്ക്കു നേരെ ഇയാള്‍ തോക്ക് ചൂണ്ടുന്ന ദൃശ്യങ്ങള്‍ നിരവധി ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു. അര്‍ജന്റീന തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ വീട്ടിലേക്ക് ക്രിസ്റ്റീന കാറില്‍ നിന്ന് ഇറങ്ങുമ്പോഴാണ് സംഭവം.

ക്രിസ്റ്റീന ഫെര്‍ണാണ്ടസിന് അഭിവാദ്യമര്‍പ്പിച്ച് നിരവധി പേരാണ് അവരുടെ വീടിനും ചുറ്റും തടിച്ചു കൂടിയിരുന്നത്. ഇതിനിടയിലേക്ക് നുഴഞ്ഞു കയറിയാണ് അക്രമി അവര്‍ക്കു നേരെ തോക്കു ചൂണ്ടിയത്. എന്നാല്‍ വധശ്രമത്തിനുള്ള കാരണം അക്രമി വ്യക്തമാക്കിയിട്ടില്ലെന്നാണ് വിവരം. അര്‍ജന്റീനയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് ഫോറന്‍സിക് പോലീസ് ഉദ്യോഗസ്ഥര്‍ വിരലടയാളം വിശകലനം ചെയ്യും. തന്റെ ശക്തികേന്ദ്രമായ പറ്റാഗോണിയയില്‍ പൊതുമരാമത്ത് കരാറുകള്‍ നല്‍കിയതില്‍ അഴിമതി നടത്തിയെന്ന് വൈസ് പ്രസിഡന്റിനു നേരെ ആരോപണം ഉയര്‍ന്നിരുന്നു.

2007 മുതല്‍ 2015 വരെ അര്‍ജന്റീനന്‍ പ്രസിഡന്റായിരുന്നു ക്രിസ്റ്റീന. അഴിമതി നടത്തിയ വൈസ് പ്രസിഡന്റ് 12 വര്‍ഷം തടവ് ശിക്ഷ നേരിടണമെന്നും രാഷ്ട്രീയത്തില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമെന്നുമാണ് പ്രോസിക്യൂട്ടര്‍മാരുടെ ആവശ്യം.

2007 നും 2015 നും ഇടയില്‍ രണ്ട് തവണ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ക്രിസ്റ്റീന ഫെര്‍ണാണ്ടസ് അര്‍ജന്റീനയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് എതിരാളികള്‍ ആരോപിക്കുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ സെനറ്റിലേക്കും പ്രസിഡന്റ് സ്ഥാനത്തേക്കും ക്രിസ്റ്റീന ഫെര്‍ണാണ്ടസ് മത്സരിക്കാന്‍ സാധ്യതയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.