വടക്കന്‍ ടെക്സാസില്‍ ശക്തമായ കാറ്റിലും മഴിയിലും വ്യാപക നാശനഷ്ടം: വീടുകള്‍ തകര്‍ന്നു; വൈദ്യുതി വിതരണം താറുമാറായി

വടക്കന്‍ ടെക്സാസില്‍ ശക്തമായ കാറ്റിലും മഴിയിലും വ്യാപക നാശനഷ്ടം: വീടുകള്‍ തകര്‍ന്നു; വൈദ്യുതി വിതരണം താറുമാറായി

ഡാളസ്: വടക്കന്‍ ടെക്സാസില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴിയിലും വ്യാപക നാശനഷ്ടം. മെട്രോപ്ലെക്സില്‍ 3.5 ഇഞ്ച് വരെ രേഖപ്പെടുത്തിയ മഴ വെള്ളപ്പൊക്കത്തിന് കാരണമായി. റോഡ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി വിതരണം താറുമാറായി. ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 160 ലധികം വിമാനങ്ങളും ഡാളസ് ലവ് ഫീല്‍ഡ് എയര്‍പോര്‍ട്ടില്‍ 45 ലധികം വിമാനങ്ങളും റദ്ദാക്കി.

ഓങ്കോറിന്റെ ഔട്ടേജ് മാപ്പ് അനുസരിച്ച് ഞായറാഴ്ച വരെ 90,000 ത്തിലധികം വീടുകളിലാണ് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടത്. ഓള്‍ഡ് ഈസ്റ്റ് ഡാളസില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം ശക്തമായ കാറ്റില്‍ നിലപൊത്തി. മെട്രോപ്ലക്സിനും ഹൈലാന്‍ഡ് പാര്‍ക്കിന് സമീപം മരങ്ങള്‍ ഒടിഞ്ഞു വീണു. മിക്കവയും വൈദ്യുതി ലൈനുകള്‍ക്ക് മുകളിലാണ് വീണത്. ഇതേ തുടര്‍ന്നാണ് പ്രദേശത്തെ വീടുകളില്‍ വൈദ്യുതി ബന്ധം നഷ്ടമായത്.



ഹൈലാന്‍ഡ് പാര്‍ക്കിന് സമീപം കടപുഴകിയ മരം വീണ് കാര്‍ പൂര്‍ണമായി തകര്‍ന്നു. മരങ്ങള്‍ പകുതിയായി ഒടിഞ്ഞുവീണു. ഫിറ്റ്ഷൂഗിലും ബ്യൂണ വിസ്റ്റയിലും കാറ്റും മഴയും വെള്ളപ്പൊക്കത്തിനും മറ്റ് ദുരന്തങ്ങള്‍ക്കും വഴിവച്ചു. കുത്തൊഴുക്കില്‍പ്പെട്ട് കാറുകള്‍ ഒഴുകിപ്പോയി. വളര്‍ത്തു മൃഗങ്ങളെയും ഒഴുക്കില്‍ നഷ്ടമായി.

വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ഡാളസ് മൃഗശാല അനിശ്ചിതമായി അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. മൃഗങ്ങളെല്ലാം സുരക്ഷിതരാണ്. ജീവനക്കാര്‍ക്കോ സന്ദര്‍ശകര്‍ക്കോ അപകടം സംഭവിച്ചിട്ടില്ല. വെള്ളക്കെട്ട് പൂര്‍ണമായും മാറിയ ശേഷമേ മൃഗശാല തുറക്കു. എന്നത്തേക്ക് തുറക്കുമെന്നത് യാഥാസമയം അറിയിക്കാമെന്നും അധികൃതര്‍ പറഞ്ഞു.


റോയല്‍ ആന്‍ഡ് അബ്രാംസിന് സമീപം ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്നു വീണു. ഈ സമയം വീട്ടുകാര്‍ കെട്ടിടത്തിനുള്ളില്‍ ഇല്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി. വീട്ടുകാര്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടാകുമെന്ന് കരുതി അയല്‍വാസികള്‍ വീട്ടുടമയെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് അവര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് ബോധ്യപ്പെട്ടത്. കെട്ടിടം തകര്‍ന്ന വിവരം പറഞ്ഞപ്പോള്‍ അപകടത്തില്‍ നിന്ന് രക്ഷിച്ച ദൈവത്തിന് വീട്ടുടമയായ സ്ത്രീ നന്ദി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.