തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു മേലുള്ള നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് എതിരായാണ് വിഴിഞ്ഞം സമരമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം.
വിഴിഞ്ഞത്തിന് പുറത്ത് നിന്നുള്ളവരാണ് സമരം ചെയ്യുന്നത് എന്ന് പറയുന്നവര്‍ തീരദേശത്തിന്റെ പ്രത്യേകത അറിയാത്തവരാണ്. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തില്‍ വിഴിഞ്ഞത്ത് ആരംഭിച്ച ഉപവാസ സമര വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തയിടെ ഉണ്ടായ കോടതി ഉത്തരവിനേയും ഡോ. സൂസപാക്യം വിമര്‍ശിച്ചു. വിധിയുടെ പൊരുള്‍ മനസിലാകുന്നില്ല. ജന്മവകാശത്തിലാണ് കോടതി വിധി കൈവച്ചതെന്നും അദ്ദേഹം പറഞ്ഞു. അങ്ങേയറ്റം ആത്മസംയമനം പാലിച്ചുകൊണ്ടാണ് ഇപ്പോള്‍ സമരം. മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ ഒരിക്കലും ഒന്നും ചെയ്തിട്ടില്ല എന്നു പറയുന്നില്ല. സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി സംശയിക്കുന്നില്ല. പക്ഷേ, ഉറപ്പുകള്‍ പാലിക്കുന്നതില്‍ മെല്ലെപ്പോക്കാണ്.
മാത്രമല്ല, തങ്ങളെ വികസനവിരോധികളായി സര്‍ക്കാര്‍ ചിത്രീകരിച്ചു. സ്വാധീനം ഉപയോഗിച്ചു തുറമുഖത്തിനുള്ള അനുമതി നേടിയെടുത്തു. സര്‍ക്കാര്‍ തീരദേശത്തെ വഞ്ചിക്കുകയായിരുന്നു. പദ്ധതിയെ പറ്റി ആദ്യഘട്ടത്തില്‍ പൂര്‍ണ വ്യക്തത ഉണ്ടായിരുന്നില്ല. ഒരു ഘട്ടത്തിലും ലത്തീന്‍ അതിരൂപത തുറമുഖത്തെ പിന്തുണച്ചിട്ടില്ല, അനുമതി നല്‍കിയിട്ടില്ല.
കേരളത്തിന്റെ മുഖച്ഛായ മാറും എന്ന് പ്രചരിപ്പിച്ചാണ് തുറമുഖ നിര്‍മാണ ചര്‍ച്ചകള്‍ തുടങ്ങിയത്. ആദ്യഘട്ടത്തില്‍ തങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. തുറമുഖ നിര്‍മാണം കാരണം ആഴമായി മുറിവേറ്റു. ഇനിയെങ്കിലും മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ഡോ.സൂസപാക്യം ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കുമ്പോഴേക്കും വലിയ ദുരന്തം ഉണ്ടാകുമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരം കണ്ടില്ലെന്ന് നടിക്കാനാവില്ല. പ്രതിസന്ധി അനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം ആണെന്നും അദ്ദേഹം പറഞ്ഞു. ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പാളയം ഇമാം.
ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ ഡോ.ക്രിസ്തു ദാസ്, മുന്‍ എംഎല്‍എ പി.സി ജോര്‍ജ് തുടങ്ങി നിരവധി പേര്‍ സമര വേദിയിലെത്തി.
കൊല്ലങ്കോട്, പരുത്തിയൂര്‍ ഇടവകകളിലെ വിശ്വാസികളാണ് ഉപരോധ സമരത്തിന്റെ 21-ാം ദിനമായ ഇന്ന് സമരത്തിന് എത്തിയിട്ടുള്ളത്. അടുത്ത ദിവസങ്ങളില്‍ മറ്റ് വൈദികരും സന്യസ്തരും അല്‍മായരും ഉപവാസമിരിക്കും.
തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നത് ഉള്‍പ്പടെയുള്ള ഏഴ് ആവശ്യങ്ങളിലും പരിഹാരമാകും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ലത്തീന്‍ അതിരൂപത ആവര്‍ത്തിച്ച് വ്യക്തമാക്കി. സമരം സംസ്ഥാന വ്യാപകമാക്കാനും തീരുമാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.