പേവിഷബാധ: പഠനത്തിന് വിദഗ്ധ സമിതി രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി

പേവിഷബാധ: പഠനത്തിന് വിദഗ്ധ സമിതി രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പേവിഷബാധ സംബന്ധിച്ച പഠനം നടത്തുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് സമിതി രൂപീകരിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ചെയര്‍മാനായ കമ്മിറ്റിയാണ് രൂപീകരിച്ചത്.

കമ്മിറ്റിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ ഡോ. ഇ. ശ്രീകുമാര്‍, ഡ.ബ്ല്യു.എച്ച്.ഒ കോളാബെറേറ്റ് സെന്റര്‍ ഫോര്‍ റഫറന്‍സ് ആന്റ് റിസര്‍ച്ച് ഫോര്‍ റാബീസ് നിംഹാന്‍സ്, ബംഗളൂരു അഡീഷണല്‍ പ്രൊഫസര്‍ ഡോ. റീത്ത എസ്. മണി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സ്വപ്ന സൂസന്‍ എബ്രഹാം, ആരോഗ്യ വകുപ്പിന്റെ പൊതുജനാരോഗ്യ വിഭാഗം അസി. ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളാണ്. ഇതോടൊപ്പം ടേംസ് ഓഫ് റഫറന്‍സും പുറത്തിറക്കിയിട്ടുണ്ട്.

പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ് 12കാരി അഭിരാമി മരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ കോലം കത്തിച്ചിരുന്നു. അഭിരാമിയെ ആദ്യം ചികിത്സയ്ക്ക് എത്തിച്ച പെരുനാട് ആരോഗ്യ കേന്ദ്രത്തിന് മുന്നില്‍ വെച്ചായിരുന്നു മന്ത്രിയുടെ കോലം കത്തിച്ചത്. അഭിരാമിക്ക് പേവിഷബാധ ഏറ്റതായി സ്ഥിരീകരിച്ചിരുന്നു. പൂനൈയിലെ ലാബില്‍ നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് റാന്നി സ്വദേശിനി അഭിരാമി മരിച്ചത്. പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി.

കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരിനാട് ആശുപത്രിക്കെതിരെ അഭിരാമിയുടെ അച്ഛനും അമ്മയും ഗുരുതര ആരോപണം ഉന്നയിച്ചിട്ടുണ്ട്. പെരിനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ലെന്നും പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ തന്നെ പറഞ്ഞതായും കുട്ടിയുടെ മാതാപിതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.

ഓഗസ്റ്റ് 14നാണ് അഭിരാമിക്ക് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിയതിനെ തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. പന്ത്രണ്ട് വയസുകാരിയുടെ മരണകാരണം അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം ആണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഇതേതുടര്‍ന്ന് അഭിരാമിക്ക് ഹൃദയാഘാതം ഉണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.