കാബൂളില്‍ റഷ്യന്‍ എംബസിക്കു നേരെ ചാവേര്‍ ആക്രമണം; രണ്ടു നയതന്ത്ര ഉദ്യോഗസ്ഥര്‍ അടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടു

കാബൂളില്‍ റഷ്യന്‍ എംബസിക്കു നേരെ ചാവേര്‍ ആക്രമണം; രണ്ടു  നയതന്ത്ര ഉദ്യോഗസ്ഥര്‍ അടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ റഷ്യന്‍ എംബസിക്കു പുറത്തുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടു. എംബസിയുടെ കോണ്‍സുലാര്‍ വിഭാഗത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.

ഈ സമയം വിസക്ക് വേണ്ടി കാത്തിരിക്കുന്ന നിരവധി അഫ്ഗാന്‍ പൗരന്മാര്‍ ഇവിടെ ഉണ്ടായിരുന്നുവെന്നു റഷ്യന്‍ വാര്‍ത്ത ഏജന്‍സി ആര്‍.ഐ.എ റിപ്പോര്‍ട്ട് ചെയ്തു. എംബസിയില്‍നിന്ന് ഉദ്യോഗസ്ഥന്‍ പുറത്തേക്കിറങ്ങി വിസ അപേക്ഷകരുടെ പേരു വിളിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു സ്‌ഫോടനമെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നാറ്റോ പിന്തുണയുള്ള സര്‍ക്കാറിനെ പുറത്താക്കി താലിബാന്‍ അധികാരത്തിലെത്തിയതിന് ശേഷം കാബൂളില്‍ നിരവധി അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കാബൂളിലെ ദാറുലാമാന്‍ റോഡിലെ റഷ്യന്‍ എംബസിയുടെ പ്രവേശനകവാടത്തിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. ബോംബുകള്‍ എറിഞ്ഞുകൊണ്ട് മുന്നോട്ടുനീങ്ങിയ അക്രമിയെ സുരക്ഷാഗാര്‍ഡുകള്‍ വെടിവെച്ച് കൊല്ലുകയും ചെയ്തു. എംബസിക്ക് അകത്തേക്ക് അക്രമി കയറിയിരുന്നെങ്കില്‍ 50ലേറെ നയതന്ത്ര പ്രതിനിധികള്‍ കൊല്ലപ്പെടുമായിരുന്നുവെന്നാണ് താലിബാന്‍ പോലീസ് അറിയിക്കുന്നത്.

ആദ്യമായാണ് വിദേശ എംബസിക്കുനേരെ ആക്രമണമുണ്ടാകുന്നത്. ഒരു വര്‍ഷം മുമ്പ് താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം കാബൂളില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് എംബസികളില്‍ ഒന്നാണ് റഷ്യയുടേത്.

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിവിധ രാജ്യങ്ങളുടെ എംബസികള്‍ കാബൂളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സാഹചര്യത്തില്‍ ഭീകരര്‍ ഇവ കേന്ദ്രീകരിക്കുന്നത് താലിബാനെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. ഇതുവരെ താലിബാനെ ഔദ്യോഗിക മായി റഷ്യ അംഗീകരിച്ചിട്ടില്ലെങ്കിലും എംബസി പ്രവര്‍ത്തനം നിര്‍ത്തിയിരുന്നില്ല.

സംഭവത്തില്‍ റഷ്യയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. അഫ്ഗാനിലേക്ക് വാതകപൈപ്പ് ലൈന്‍ ഇടുന്നതുമായി ബന്ധപ്പെട്ടാണ് റഷ്യ വാണിജ്യ ബന്ധം തുടരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.