കെഎസ്ആര്‍ടിസി ഇടിച്ചിട്ട് നിര്‍ത്താതെ പോയി; ആര്‍ടിഒയ്ക്ക് മുന്‍പില്‍ പരാതിയുമായി ഒന്നിലും അഞ്ചിലും പഠിക്കുന്ന രണ്ട് മിടുക്കികള്‍

കെഎസ്ആര്‍ടിസി ഇടിച്ചിട്ട് നിര്‍ത്താതെ പോയി; ആര്‍ടിഒയ്ക്ക് മുന്‍പില്‍ പരാതിയുമായി ഒന്നിലും അഞ്ചിലും പഠിക്കുന്ന രണ്ട് മിടുക്കികള്‍

ഇടുക്കി: കെഎസ്ആര്‍ടിസിക്കെതിരെ പരാതി നല്‍കാന്‍ എത്തിയവരെ കണ്ട് ഞെട്ടി ഇടുക്കി ആര്‍ടിഒ. സ്‌കൂട്ടറില്‍ യാത്ര ചെയ്ത തങ്ങളെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ആര്‍ടിഒ ഓഫീസില്‍ എത്തിയ രണ്ട് മിടുക്കി കുട്ടികളുടെ ആവശ്യം. സംഭവം കേട്ടതോടെ ആര്‍ടിഒ ഇവരില്‍ നിന്നും പരാതിയും എഴുതി വാങ്ങി.

മുരിക്കാശേരി സ്വദേശികളായ നിരഞ്ജന, നീലാഞ്ജന എന്നിവരാണ് ഇടുക്കി ആര്‍ടിഒ ആര്‍. രമണനെ കാണാന്‍ എത്തിയത്. തങ്ങള്‍ സഞ്ചരിച്ച സ്‌കൂട്ടറിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെയായിരുന്നു പരാതി.

കഴിഞ്ഞ മാസം 29 നായിരുന്നു സംഭവം. ഇടുക്കി മുരിക്കാശേരിയില്‍ സ്‌കൂട്ടര്‍ യാത്രികരായ അമ്മയേയും രണ്ട് പെണ്‍കുട്ടികളേയും ഇടിച്ചു വീഴ്ത്തിയ ശേഷം കെഎസ്ആര്‍ടിസി ബസ് നിര്‍ത്താതെ പോകുകയായിരുന്നു.

സ്‌കൂള്‍ വിട്ട് ട്യൂഷനും കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലേക്ക് പോകുന്ന വഴി മുരിയ്ക്കാശേരി കാനറ ബാങ്കിന് അടുത്തുവെച്ചാണ് അപകടം നടന്നതെന്ന് പരാതിക്കത്തില്‍ പറയുന്നു. കട്ടപ്പനയിലേക്ക് പോകുന്ന ബസ് തങ്ങളുടെ സ്‌കൂട്ടറിനെ മറികടന്ന് പോകുന്നതിനിടയില്‍ ബസിന്റെ പുറകുവശം സ്‌കൂട്ടറില്‍ തട്ടുകയും താഴെ വീഴുകയുമായിരുന്നു. എന്നാല്‍ ബസ് ഒന്ന് നിര്‍ത്താന്‍ പോലും തയ്യാറായില്ലെന്ന് കുട്ടികള്‍ പറയുന്നു.

തങ്ങള്‍ക്ക് ക്ലാസില്‍ പോകാനായില്ലെന്നും പരീക്ഷയൊന്നും എഴുതാന്‍ പറ്റിയില്ലെന്നും കുട്ടികള്‍ പരാതിയില്‍ പറയുന്നു. ചേച്ചയുടെ കൈയ്യില്‍ ചതവുണ്ടായത് കാരണം പരീക്ഷ എഴുതാനായില്ലെന്ന് അനുജത്തി പറഞ്ഞു. അമ്മയുടെ കാല്‍ മുട്ട് മുറിവും കൈയ്യില്‍ ചതവുമുണ്ട്. രാജമുടി ഡി പോള്‍ പബ്ലക് സ്‌കൂളില്‍ ഒന്നാം ക്ലാസിലും അഞ്ചാം ക്ലാസിലുമാണ് സഹോദരിമാര്‍ പഠിക്കുന്നത്.

പരാതിയുടെയും വീഡിയോ ദൃശ്യത്തിന്റെയും അടിസ്ഥാനത്തില്‍ ഡ്രൈവര്‍ കോട്ടയം കൂട്ടിക്കല്‍ സ്വദേശി ബിനോയിയുടെ ലൈസന്‍സ് ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.