ചിക്കാഗോ: ചിക്കാഗോ മാർ തോമാശ്ലീഹാ കത്തീഡ്രലിൽ വി. എവുപ്രസ്യാമ്മയുടെ തിരുനാൾ ആഘോഷിച്ചു. സെപ്റ്റംബർ 4ന് രാവിലെ 11.15ന് ചിക്കാഗോ രൂപതയുടെ മുൻ ചാൻസലറും, പാലാ രൂപതയുടെ വികാരി ജനറാളുമായ ഫാ. സെബാസ്റ്റ്യൻ വേന്താനത്തിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ആഘോഷമായ പാട്ടുകുർബാനക്ക് കത്തീഡ്രൽ വികാരിയും വികാരി ജനറാളുമായ ഫാ. തോമസ് കടുകപ്പിള്ളി സഹകാർമികനായിരുന്നു.


ഫാ. സെബാസ്റ്റ്യൻ വേന്താനത്ത് തന്റെ പ്രസംഗത്തിൽ എവുപ്രസ്യാമ്മയുടെ ലളിത ജീവിതത്തെക്കുറിച്ചും, അതിൽ ഇന്നിന്റെ പ്രസക്തിയെക്കുറിച്ചും വിശദികരിച്ചു. നമ്മുടെ ജീവിത യാത്ര, ജനനം എന്ന മുന്ന് അക്ഷരങ്ങളിൽ തുടങ്ങി മരണം എന്ന മുന്ന് അക്ഷരങ്ങളിൽ അവസാനിക്കുന്നു. ഈ ജീവിത യാത്രയെ നമ്മൾ എപ്രകാരം നയിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് സ്വർഗ്ഗത്തിനും നരകത്തിനും നമ്മൾ അർഹരായിത്തീരുന്നത്. നമ്മുടെ ഈ യാത്രയിൽ വഴിവിളക്കായി ധാരാളം പുരുഷൻന്മാരെയും സ്ത്രീകളെയും സഭ വിശുദ്ധന്മാരായി നൽകിയിട്ടുണ്ട്.


75 വർഷം യാത്ര ചെയ്ത് ഇപ്പോൾ സ്വർഗത്തിൽ ആയിരിക്കുന്ന വി. എവുപ്രസ്യാമ്മ 1877ൽ ത്യുശൂരിനടുത്തുള്ള കാട്ടുരിൽ ജനിച്ച് 1952-ൽ മരിച്ചു. 2014 -ൽ സഭ എവുപ്രസ്യാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു. സാധാരണത്വത്തിന്റെ പര്യായമായി ലളിത ജീവിതം നയിച്ച് സ്വർഗ്ഗത്തിൽ നിക്ഷേപങ്ങളുണ്ടാക്കിയ അമ്മ ഇന്ന് ഏവർക്കും മാതൃകയാണെന്ന് അച്ചൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
വിശുദ്ധ കുർബാനയ്ക്കു ശേഷം ആഘോഷമായ ലദിഞ്ഞ് ഉണ്ടായിരുന്നു. അതിനുശേഷം ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ കുരിശിൻ തൊട്ടി വരെ നടത്തിയ ഭക്തിനിർഭരമായ പ്രദക്ഷിണത്തിൽ ഏവരും പങ്കെടുത്തു. പ്രദക്ഷിണത്തിനു ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു. ഇത്തവണ തിരുനാൾ ഏറ്റെടുത്ത് നടത്തിയത് ചിക്കാഗോ ഇടവകയിലെ തൃശൂർ നിവാസികളാണ്.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.