വാഷിങ് മെഷീനെച്ചൊല്ലി തര്‍ക്കം; യുഎസില്‍ ഇന്ത്യന്‍ വംശജനായ മോട്ടല്‍ മാനേജരുടെ തലയറുത്ത് കൊലപ്പെടുത്തി

വാഷിങ് മെഷീനെച്ചൊല്ലി തര്‍ക്കം; യുഎസില്‍ ഇന്ത്യന്‍ വംശജനായ മോട്ടല്‍ മാനേജരുടെ തലയറുത്ത് കൊലപ്പെടുത്തി

ഡാലസ്: യു.എസില്‍ മോട്ടലില്‍ നടന്ന തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനെ തലയറുത്ത് കൊലപ്പെടുത്തി. ഡാലസിലെ മോട്ടല്‍ മാനേജറും കര്‍ണാടക സ്വദേശിയുമായ 50 കാരന്‍ ചന്ദ്രമൗലി നാഗമല്ലയ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മോട്ടലിലെ ജീവനക്കാരനായ യോര്‍ദാനിസ് കോബോസ് മാര്‍ട്ടിനെസിനെ (37) പൊലീസ് അറസ്റ്റ് ചെയ്തു. നാഗമല്ലയ്യയുടെ ഭാര്യയുടെയും മകന്റെയും മുന്നില്‍ വെച്ചായിരുന്നു കൊലപാതകം.

ബുധനാഴ്ച ടെക്സസിലെ ടെനിസണ്‍ ഗോള്‍ഫ് കോഴ്സിന് സമീപമുള്ള ഡൗണ്‍ടൗണ്‍ സ്യൂട്ട്സ് മോട്ടലിലാണ് ആക്രമണം നടന്നത്. മാര്‍ട്ടിനെസും മറ്റൊരു ജീവനക്കാരിയും മോട്ടലിലെ മുറി വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ മുറിയിലേക്ക് കടന്നുവന്ന നാഗമല്ലയ്യ, കേടായ വാഷിങ് മെഷീന്‍ ഉപയോഗിക്കരുതെന്ന് മാര്‍ട്ടിനെസിനോട് പറയാന്‍ ജീവനക്കാരിയോട് ആവശ്യപ്പെട്ടു. തന്നോട് നേരിട്ട് സംസാരിക്കാതെ സമീപത്തുള്ള ജീവനക്കാരിയോട് തനിക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതാണ് മാര്‍ട്ടിനെസിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെ മുറിക്ക് പുറത്തുപോയി വാളുമായി വന്ന പ്രതി നാഗമല്ലയ്യയെ പല തവണ കുത്തുകയായിരുന്നു. നാഗമല്ലയ്യ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മാര്‍ട്ടിനെസ് പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇതിനിടെ മോട്ടലിന്റെ ഫ്രണ്ട് ഓഫീസിലുണ്ടായിരുന്ന നാഗമല്ലയ്യയുടെ ഭാര്യയും 18 കാരന്‍ മകനും അക്രമം തടയാന്‍ ശ്രമിച്ചെങ്കിലും പ്രതി ഇവരെ തള്ളിമാറ്റി. പിന്നാലെ നാഗമല്ലയ്യയെ നിലത്ത് വീഴ്ത്തിയ പ്രതി തലയറുക്കുകയായിരുന്നു.

വെട്ടിമാറ്റിയ തലയെടുത്ത് മാര്‍ട്ടിനെസ് മാലിന്യക്കൂമ്പാരത്തിലേക്ക് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം പ്രചരിക്കുന്നുണ്ട്. രക്തത്തില്‍ കുളിച്ച നിലയില്‍ കത്തിയുമായി മാലിന്യക്കൂമ്പാരമുള്ള സ്ഥലത്ത് നിന്ന് പുറത്തേക്ക് പോകുമ്പോഴാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. സംഭവത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അനുശോചനം രേഖപ്പെടുത്തി.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.