കൊച്ചി: കേരളത്തില്‍ സ്വാധീനമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയുന്നില്ലെന്ന് കേന്ദ്ര മന്ത്രിമാരുടെ റിപ്പോര്‍ട്ട്. ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനും ക്രൈസ്തവ വോട്ടുകള്‍ സ്വാധീനിക്കാനും പാര്‍ട്ടിക്ക് കഴിയുന്നില്ല. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലെത്താന്‍ ആഗ്രഹിക്കുന്നവരെ കൊണ്ടുവരാന്‍ ഊര്‍ജിത ശ്രമം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട 144 മണ്ഡലങ്ങളില്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളം സന്ദര്‍ശിച്ച മന്ത്രിമാരാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നഡ്ഡ എന്നിവര്‍ക്ക് കേരളത്തിലെ സാഹചര്യങ്ങള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
കേരളത്തിലെ സംഘടനാ പ്രവര്‍ത്തനം മോശമാണെന്നും കേന്ദ്ര മന്ത്രിമാര്‍ ദേശീയ നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദങ്ങളെ തള്ളുന്നതാണ് കേന്ദ്ര മന്ത്രിമാരുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ അനുകൂല അന്തരീക്ഷമെങ്കിലും നേതൃത്വത്തിന് അതിന് സാധിക്കുന്നില്ല എന്നാണ് പ്രധാന വിമര്‍ശനം.
പ്രതികൂല സാഹചര്യങ്ങളിലും തമിഴ്‌നാട്ടിലും തെലങ്കാനയിലും മാതൃകപരമായ രീതിയില്‍ സംഘടന പ്രവര്‍ത്തനം നടക്കുന്നു. കേരളം ഇത് മാതൃകയാക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, പരാജയപ്പെട്ട 144 മണ്ഡലങ്ങളിലെ പാര്‍ട്ടിയുടെ സാധ്യതകള്‍, ദൗര്‍ബല്യങ്ങള്‍ എന്നിവ തിരിച്ചറിഞ്ഞ് 2024 ല്‍ മണ്ഡലം പിടിക്കാനുള്ള മാസ്റ്റര്‍ പ്ലാനും ബിജെപി തയ്യാറാക്കി.
കേരളം, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ എ ഗ്രേഡ് മണ്ഡലങ്ങളില്‍ പരമാവധി സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം ബംഗാള്‍, യുപി, ബീഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം.
മണ്ഡലങ്ങളില്‍ ചുമതല നല്‍കിയ 69 കേന്ദ്ര മന്ത്രിമാര്‍ ഒക്ടോബര്‍ മുതല്‍ ജനുവരി വരെ വീണ്ടും 144 മണ്ഡലങ്ങള്‍ സന്ദര്‍ശിക്കാനാണ് നല്‍കിയ നിര്‍ദ്ദേശം. നിശ്ചയിച്ചു നല്‍കിയ മണ്ഡലങ്ങളില്‍ സന്ദര്‍ശനം നടത്താതിരുന്ന കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ ദേശീയ നേതൃത്വത്തിന്റെ വിമര്‍ശനവുമുണ്ടായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.