പട്‌ന: പട്‌ന മെഡിക്കല്‍ കോളജില്‍ മിന്നല്‍ പരിശോധന നടത്തി ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ഇന്ന് രാവിലെ ആയിരുന്നു സന്ദര്‍ശനം. പരിശോധനയില്‍ വളരെ ശോചനീയമായ അവസ്ഥയിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം എന്ന് കണ്ടെത്തി. വീഴ്ചയ്‌ക്കെതിരെ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് തേജസ്വി യാദവ് വ്യക്തമാക്കി.
ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവിനാണ് ആരോഗ്യ വകുപ്പിന്റേയും ചുമതല. അദ്ദേഹം ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ രോഗികള്‍ വരാന്തയുടെ തറയില്‍ മാലിന്യങ്ങള്‍ക്കിടയില്‍ കിടക്കുന്ന കാഴ്ചയാണ് കണ്ടത്. മോര്‍ച്ചറിയില്‍ ജീവനക്കാരെ നിയോഗിച്ചിരുന്നില്ല. അതിനാല്‍ ഇവിടെ തെരുവ് നായകള്‍ അലഞ്ഞ് തിരിയുകയായിരുന്നു. മുഖ്യമന്ത്രി പരിശോധനയ്ക്ക് എത്തിയതോടെ രോഗികള്‍ പരാതിക്കെട്ടുകള്‍ അഴിച്ചു. മരുന്നുകളും ശൗചാലയങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പടെയുള്ള സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ചും രോഗികള്‍ പരാതി പറഞ്ഞു.
ആശുപത്രി സാഹചര്യങ്ങളില്‍ അധികൃതര്‍ക്കെതിരെ തേജസ്വി രംഗത്തെത്തി. രാത്രിയില്‍ ആശുപത്രിയില്‍ മുതിര്‍ന്ന ഡോക്ടര്‍ ഇല്ലാത്തതിനെക്കുറിച്ച് അദ്ദേഹം ഉദ്യോഗസ്ഥരോട് ചോദ്യമുയര്‍ത്തി. സാധാരണ നിലയില്‍ ഹെല്‍ത്ത് മാനേജര്‍മാരുടെ ഉത്തരവാദിത്തമാണ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യേണ്ടത്. എന്നാല്‍ ആശുപത്രിയില്‍ ഈ ചുമതലകള്‍ നിര്‍വ്വഹിക്കുന്നത് നഴ്‌സായിരുന്നു. ഇതിനേയും തേജസ്വി ചോദ്യം ചെയ്തു.
'ഞങ്ങള്‍ പിഎംസിഎച്ച്, ഗാര്‍ഡിനര്‍ ഹോസ്പിറ്റല്‍, ഗാര്‍ഡനിബാഗ് ഹോസ്പിറ്റല്‍ എന്നിവ പരിശോധിച്ചു. രണ്ട് ആശുപത്രികളിലും ഡോക്ടര്‍മാരുണ്ടായിരുന്നു. പിഎംസിഎച്ചിലെ ടാറ്റ വാര്‍ഡിന്റെ അവസ്ഥ മോശമാണ്', തേജസ്വി പറഞ്ഞു.
ആശുപത്രികളില്‍ മരുന്നുകളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. ഒട്ടും ശുചിയല്ലാത്ത നിലയിലാണ് ആശുപത്രിയും പരിസരങ്ങളുമെന്നും അദ്ദേഹം പറഞ്ഞു. അധികൃതര്‍ കൃത്യമായി ആശുപത്രികളില്‍ എത്തുന്നില്ലെന്നും എല്ലാ കാര്യത്തിലും അശ്രദ്ധ പ്രകടമാണെന്നും തേജസ്വി വിമര്‍ശിച്ചു. ആശുപത്രി അധികൃതരുടെ കള്ളങ്ങള്‍ താന്‍ കൈയ്യോടെ പിടിച്ചു. റോസ്റ്ററോ കൃത്യമായ ഹാജര്‍ പട്ടികയോ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. അധികൃതര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും തേജസ്വി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.