ന്യൂഡല്‍ഹി: ഹാഥ്‌റസ് സംഭവവുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തി കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തില്‍ ഇറങ്ങി ആദ്യ ആറ് ആഴ്ച കാപ്പന്‍ ഡല്‍ഹിയില്‍ കഴിയണം. അതിനുശേഷം സ്വദേശമായ മലപ്പുറത്തേക്ക് പോകാം.
മൂന്ന് ദിവസത്തിനുള്ളില്‍ സിദ്ദിഖ് കാപ്പനെ വിചാരണ കോടതിയില്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് വിചാരണ കോടതി ജാമ്യം അനുവദിക്കണം. ജാമ്യത്തില്‍ ഇറങ്ങുന്ന കാപ്പന്‍ ഡല്‍ഹിയിലെ ജങ്ക്പുരയില്‍ ആണ് ആദ്യ ആറ് ആഴ്ച കഴിയേണ്ടത്.
എല്ലാ തിങ്കളാഴ്ചയും നിസാമുദ്ദീന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകണം. തുടര്‍ന്ന് ആറ് ആഴ്ചയ്ക്ക് ശേഷം സ്വദേശമായ മലപ്പുറത്തേക്ക് പോകാം. അവിടെയും പ്രാദേശിക പോലീസ് സ്റ്റേഷനില്‍ ഹാജരാകണം. കാപ്പനോട് പാസ്‌പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
യു.എ.പി.എ കേസില്‍ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ജയില്‍ മോചനം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. കാപ്പനെതിരെ ഇ.ഡി മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ അതില്‍ ജാമ്യം ലഭിക്കുന്നത് വരെ ജയില്‍ മോചനം സാധ്യമാകില്ലെന്നാണ് യു.പി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
എന്നാല്‍ ആ കേസിലും ജാമ്യത്തിനായി കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ടെന്ന് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ജാമ്യം ലഭിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് കാപ്പന്റെ കുടുംബവും അഭിഭാഷകരും.
സിദ്ദിഖ് കാപ്പന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരാണ് ഹാജരായത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ മഹേഷ് ജെഠ്മലാനിയും ഹാജരായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.