പശ്ചിമഘട്ട കരട് വിജ്ഞാപനം റദ്ദാക്കാനാവില്ല; എന്തുകൊണ്ടാണ് ഹര്‍ജി നല്‍കാന്‍ ഇത്രയേറെ വൈകിയതെന്നും സുപ്രീം കോടതി

പശ്ചിമഘട്ട കരട് വിജ്ഞാപനം റദ്ദാക്കാനാവില്ല; എന്തുകൊണ്ടാണ് ഹര്‍ജി നല്‍കാന്‍ ഇത്രയേറെ വൈകിയതെന്നും സുപ്രീം കോടതി

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷത്തിനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. പരാതിയുണ്ടെങ്കില്‍ അന്തിമ വിജ്ഞാപനം വരുമ്പോള്‍ ഹര്‍ജി നല്‍കാമെന്നും കോടതി വ്യക്തമാക്കി.

കരട് വിജ്ഞാപനം റദ്ദാക്കാണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'കര്‍ഷക ശബ്ദം' എന്ന സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളി.

പശ്ചിമ ഘട്ട കരട് വിജ്ഞാപനത്തിനെതിരെ 2020 ലാണ് കര്‍ഷക ശബ്ദം സുപ്രീം കോടതിയെ സമീപിച്ചത്. പശ്ചിമഘട്ട സംരക്ഷത്തിനായി പുറപ്പെടുവിച്ച കരട് വിജ്ഞാപന പ്രകാരം കേരളത്തിലെ 123 ജനവാസ ഗ്രാമങ്ങള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

വിജ്ഞാപനം ഈ ഗ്രാമങ്ങളിലെ കര്‍ഷകരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടൊപ്പം ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ 2018 ല്‍ ഇറങ്ങിയ വിജ്ഞാപനത്തിനെതിരെ 2020 ല്‍ ഹര്‍ജി നല്‍കിയതിനെ സുപ്രീം കോടതി ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് ഹര്‍ജി നല്‍കാന്‍ ഇത്രയേറെ വൈകിയതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. വിഷയത്തില്‍ ഒരുപാട് ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷമാണ് ഹര്‍ജി നല്‍കിയതെന്നും അതിലാണ് വൈകിയതെന്നും ഹര്‍ജിക്കാര്‍ മറുപടി നല്‍കിയെങ്കിലും കോടതി അംഗീകരിച്ചില്ല.

ഇപ്പോള്‍ വന്നത് കരട് വിജ്ഞാപനം മാത്രമാണെന്നും അന്തിമ വിജ്ഞാപനം വരുമ്പോള്‍ ഇടപെടാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.