കീവ്: റഷ്യന്‍ അധിനിവേശ മേഖലകള്‍ നിര്‍ണായക തിരിച്ചടികളോടെ ഉക്രെയ്ന്‍ സേനയുടെ വന്‍ മുന്നേറ്റം. ഹര്‍കീവ് മേഖലയില്‍ റഷ്യന്‍ അതിര്‍ത്തിയുടെ 50 കിലോമീറ്റര്‍ അടുത്തു വരെ മുന്നേറിയ ഉക്രെയ്ന്‍ സേന മൂവായിരത്തിലേറെ ചതുരശ്ര കിലോമീറ്റര്‍ തിരിച്ചുപിടിച്ചു. കുപ്യാന്‍സ്‌ക്, ഇസിയം നഗരങ്ങളില്‍ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ റഷ്യന്‍ സേന ആയുധസാമഗ്രികള്‍ ഉപേക്ഷിച്ചു പിന്‍വാങ്ങല്‍ തുടങ്ങി. ഉക്രെയ്ന്‍ സേന വടക്ക്, കിഴക്ക്, തെക്ക് ഭാഗങ്ങളില്‍നിന്ന് ഹര്‍കീവില്‍ മുന്നേറ്റം തുടരുന്നതായി ചീഫ് കമാന്‍ഡര്‍ ജനറല്‍ വലേരി സലൂഷ്‌നി അറിയിച്ചു.
ഹര്‍കീവ് മേഖലയില്‍ ചില തിരിച്ചടി നേരിട്ടതിനാല്‍ സേനയെ പിന്‍വലിക്കുന്നതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോര്‍ കൊനഷെങ്കോവ് അറിയിച്ചു. ലക്ഷ്യം പൂര്‍ത്തിയാക്കിയാണു സേന മടങ്ങുന്നതെന്നും ഹര്‍കീവ് മേഖലയില്‍ റഷ്യന്‍ സേന മിസൈല്‍ ആക്രമണം തുടരുന്നതായും അദ്ദേഹം പറഞ്ഞു.
കടുത്ത ശൈത്യകാലം വരുന്നതു കൂടി പരിഗണിച്ചാണ് പിന്മാറ്റമെന്നു വിലയിരുത്തപ്പെടുന്നു. കുപ്യാന്‍സ്‌ക്, ബലാക്ലിയ, ഇസിയം നഗരങ്ങളില്‍ എത്തിയ ഉക്രെയ്ന്‍ സേനയെ നാട്ടുകാര്‍ ആരവത്തോടെ സ്വീകരിച്ചു. റഷ്യന്‍ സേനയ്ക്ക് ആവശ്യമായ സാധനങ്ങളെല്ലാം എത്തിച്ചിരുന്ന റെയില്‍വേ താവളമായിരുന്ന കുപ്യാന്‍സ്‌ക് നഗരം പൂര്‍ണമായും ഉക്രെയ്ന്‍ സേനയുടെ നിയന്ത്രണത്തിലായി.
റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലുള്ള എനോര്‍ഹൊദാര്‍ നഗരത്തിലെ സപൊറീഷ്യ ആണവോര്‍ജ നിലയത്തിന്റെ പ്രവര്‍ത്തനം ഉക്രെയ്ന്‍ പൂര്‍ണമായും നിര്‍ത്തി. ആണവ വികിരണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഉക്രെയ്ന്‍ പവര്‍ ഗ്രിഡുമായുള്ള നിലയത്തിന്റെ ബന്ധം വിഛേദിച്ചു. ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത ഷെല്ലാക്രമണം നടന്നിരുന്നു.
നിലയത്തിനു സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കുന്ന നടപടി വേഗത്തിലാക്കി. 200 ദിവസം പിന്നിട്ട യുദ്ധത്തില്‍ സംഘര്‍ഷം തുടര്‍ന്നേക്കാമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. നിര്‍ണായകമായ ഈ ഘട്ടത്തില്‍ യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഉക്രെയ്‌നു നല്‍കുന്ന സഹായം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.