തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, ആധ്യാത്മിക, പരിസ്ഥിതി രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ ഒരുക്കിയ ഉച്ചവിരുന്നിലാണ് സംസ്ഥാനത്തിന്റെ വിവിധ മേഖലയിലെ പ്രമുഖര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തത്. രാജ്യം നേരിടുന്ന ആശങ്കകളും വെല്ലുവിളികളും അതിനെ അതിജീവിക്കാന്‍ കോണ്‍ഗ്രസിനുള്ള പ്രാപ്തിയും പ്രസക്തിയും കൂടിക്കാഴ്ചയില്‍ ഓരോരുത്തരും ചൂണ്ടിക്കാട്ടി.
ജനാധിപത്യം വെല്ലുവളി നേരിടുന്ന ഈ കാലഘട്ടത്തില്‍ അത് പരിഹരിക്കാന്‍ കോണ്‍ഗ്രസിനു മാത്രമെ സാധിക്കുകയുള്ളൂവെന്നു സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യം പോലും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയാണ് രാജ്യത്ത്. ഇത്തരം ദുരവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടത് കൊണ്ടാണ്. സാധാരണക്കാര്‍ക്കും കലാകാരന്‍മാര്‍ക്കും ഭയം കൂടാതെ ജീവിക്കാനും ജനാധിപത്യ, മതേതര മൂല്യങ്ങള്‍ എക്കാലവും ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനതയെ ഒരുമിച്ച് നിര്‍ത്താനുള്ള ആശയ സമ്പന്നതയും നേതൃഗുണവുമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും, രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കോണ്‍ഗ്രസിനെ പഠിപ്പിക്കേണ്ടതില്ലെന്നും മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ മഹാത്മാഗാന്ധി തുടങ്ങിയ പോരാട്ടം തുടരേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനുവേണ്ടിയുള്ള നെഹ്‌റു കുടുംബത്തിന്റെ സംഭാവനകള്‍ തമസ്‌കരിക്കാന്‍ കഴിയാത്തതാണെന്നും ജനാധിപത്യവും മതനിരപേക്ഷതയും ഊട്ടിയുറപ്പിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ പങ്ക് വലുതാണെന്നും സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു. രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കും ജനാധിപത്യം സംരക്ഷിക്കുവാന്‍ വേണ്ടി നടത്തുന്ന അദ്ദേഹത്തിന്റെ ഇടപെടലുകള്‍ക്കും ആശംസകള്‍ നേരുന്നതായി പാളയം ഇമാം വി.പി.ഷുഹൈബ് മൗലവി പറഞ്ഞു.
വെറുപ്പിന്റെയും വിഭാഗീയതയുടെയും നാളുകള്‍ക്ക് അന്ത്യം കുറിക്കാനും രാജ്യത്ത് സമാധാനവും സ്‌നേഹവും പുനഃസ്ഥാപിക്കാനും കോണ്‍ഗ്രസിന്റെ മടങ്ങിവരവിനായി രാജ്യത്ത് മതേതര ജനാധിപത്യ വിശ്വാസികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് തിരുവനന്തപുരം ആര്‍ച്ച് ബിഷപ് തോമസ് ജെ.നെറ്റോ അഭിപ്രായപ്പെട്ടു.
ഭാരത് ജോഡോ യാത്ര കാലിക പ്രസക്തമായ ഒന്നാണെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജ് പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യവും അവരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് കൂടുതല്‍ ശ്രദ്ധയും ചെലുത്തണമെന്നു മേരി പറഞ്ഞു. ഐക്യത്തിന്റെയും അഖണ്ഡതയുടെയും സന്ദേശം പകരുന്ന 'ആയിരം പക്ഷികള്‍ പാടിപ്പറന്നാലും ആകാശം ഒന്നുതന്നെ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് ഡോ. ഓമനക്കുട്ടിയും, മഹാത്മാഗാന്ധിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈശോവാസ്യോപനിഷത്തിലെ ശ്ലോകങ്ങള്‍ ചൊല്ലി പ്രശസ്ത സംഗീതജ്ഞൻ കാവാലം ശ്രീകുമാറും രാഹുല്‍ ഗാന്ധിയുമായി സംവദിച്ചു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, താരിഖ് അൻവർ, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍, ഭാരത് ജോഡോ യാത്ര സംസ്ഥാന കോ-ഓർഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, ശശി തരൂര്‍ എംപി, അടൂര്‍ പ്രകാശ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും നെയ്യാറ്റിന്‍കര ബിഷപ് വിന്‍സന്റ് സാമുവല്‍, മാര്‍ത്തോമാ മെത്രാപ്പൊലീത്ത ഗ്രേസ് ജോസഫ് മാര്‍ ബര്‍ണാബസ്, പെരുമ്പടവം ശ്രീധരന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ഉമ്മന്‍ വി.ഉമ്മന്‍, വിജയരാഘവന്‍, ശ്രീധർ രാധാകൃഷ്ണൻ, എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് സംഗീത് കുമാർ തുടങ്ങിയവരും പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.