സ്വീഡന്‍ പൊതു തെരഞ്ഞെടുപ്പ്: വലതു പാർട്ടികൾക്ക് നേരിയ മുൻ‌തൂക്കം; അന്തിമഫലം ബുധനാഴ്ച്ച

സ്വീഡന്‍ പൊതു തെരഞ്ഞെടുപ്പ്: വലതു പാർട്ടികൾക്ക് നേരിയ മുൻ‌തൂക്കം; അന്തിമഫലം ബുധനാഴ്ച്ച

സ്റ്റോക്‌ഹോം: സ്വീഡന്‍ പൊതു തെരഞ്ഞെടുപ്പില്‍ വലതു പാർട്ടികൾക്ക് നേരിയ മുൻ‌തൂക്കം. 95 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍  49.7 ശതമാനം വോട്ടുകളുമായി വലതുപക്ഷം മുന്നിലാണ്. നിലവിലെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ഉള്‍പ്പെടെ ഇടതു പാര്‍ട്ടികള്‍ക്ക് 49 ശതമാനം വോട്ടുകളും ലഭിച്ചു. വിദേശത്ത് താമസിക്കുന്ന സ്വീഡിഷ് പൗരന്മാരുടെയും പോസ്റ്റല്‍ വോട്ടുകളും നേരത്തെ വോട്ട് ചെയ്ത ചിലരുടെയും വോട്ടുകളും എണ്ണിക്കഴിയുന്നതോടെ വിജയിയെ ഉറപ്പിക്കാം. അതിന് ബുധനാഴ്ച വരെ കാത്തിരിക്കണം. 

പണപ്പെരുപ്പവും റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തോടെ ഉണ്ടായ ഊര്‍ജപ്രതിസന്ധിയും കുടിയേറ്റവുമൊക്കെ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ വലതു പാര്‍ട്ടികള്‍ മികച്ച മുന്നേറ്റം നടത്തിയതോടെ എട്ടു വര്‍ഷത്തെ ഇടതുഭരണത്തിന് വെല്ലുവിളിയായി. സ്വീഡനിലെ ആദ്യ വനിത പ്രധാനമന്ത്രിയായ ഇടതുനേതാവ് മെഗ്ഡലീന ആന്‍ഡേഴ്‌സന്‍ പുറത്താകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. മെഗ്ഡലീന ആന്‍ഡേഴ്സന്റെ സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടി ഏറ്റവും വലിയ പാര്‍ട്ടിയായി തുടരുമെങ്കിലും നേരിയ ഭൂരിപക്ഷം വലതുമുന്നണിക്ക് ലഭിക്കാനിടയുണ്ട്.

ഒരു സീറ്റിന്റെയെങ്കിലും ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് വലത് പാര്‍ട്ടികള്‍. 2018 ലെ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റിന്റെ വ്യത്യാസത്തിലാണ് ഭരണം നഷ്ടമായത്. പ്രധാനമന്ത്രി പദത്തിലേക്ക് സാധ്യത കല്‍പ്പിക്കുന്ന മിതവാദി പാര്‍ട്ടി നേതാവ് ഉള്‍ഫ് ക്രിസ്റ്റേഴ്‌സണ്‍ വലതുപക്ഷ ഗ്രൂപ്പിലെ മറ്റ് പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇടതുപക്ഷവുമായി നേരിയ ഭൂരിപക്ഷം മാത്രമേ ഉള്ളതിനാല്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് കാര്യമായ ചര്‍ച്ചകള്‍ ഉണ്ടായില്ല. 

ഇടതുപക്ഷത്തെ ഏറ്റവും വലിയ കക്ഷിയെന്ന നിലയില്‍ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനം തുടരുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. മറ്റ് പാര്‍ട്ടികളും മന്ത്രി സ്ഥാനങ്ങള്‍ സ്വപ്‌നം കാണുന്നു. എന്നാല്‍ ഇടതുപക്ഷത്തെ ഒരുമ അത്രകണ്ട് വലതുപക്ഷത്ത് കാണാനില്ല. ചെറുപാര്‍ട്ടിക്കിടയില്‍ ഭിന്നതകള്‍ ഉണ്ട്. അതു വളര്‍ന്നാല്‍ ഭരണത്തിനായുള്ള കാത്തിരിപ്പ് നീളുമെന്ന ബോധ്യം വലതുപക്ഷ നേതാക്കള്‍ക്കുണ്ട്. അതിനാല്‍ മുന്നണിക്കുള്ളില്‍ വിള്ളല്‍ ഉണ്ടാക്കാതെ എല്ലാ പാര്‍ട്ടികളെയും ഒരുമിച്ച് നിര്‍ത്താനുള്ള ശ്രമത്തിലാണ് വലത് നേതാക്കള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.