സൈബര്‍ തട്ടിപ്പും ലഹരിയും: കേരളം നൈജീരിയക്കാരുടെ മുഖ്യ കേന്ദ്രം; മലയാളികള്‍ക്ക് പണത്തോട് ആര്‍ത്തിയെന്ന് പ്രതികള്‍

സൈബര്‍ തട്ടിപ്പും ലഹരിയും: കേരളം നൈജീരിയക്കാരുടെ മുഖ്യ കേന്ദ്രം; മലയാളികള്‍ക്ക് പണത്തോട് ആര്‍ത്തിയെന്ന് പ്രതികള്‍

കൊച്ചി: നൈജീരിയന്‍ സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ മുഖ്യ കേന്ദ്രമായി കേരളം മാറുന്നു. ഒരു വര്‍ഷം ഏതാണ്ട് 300 കോടി രൂപയ്ക്കു മുകളിലാണ് ഇവര്‍ വിവിധ കേസുകളിലായി കേരളത്തില്‍ നിന്ന് തട്ടിയെടുക്കുന്നതെന്നാണ് സൈബര്‍ പോലീസിന്റെ കണക്ക്. ഡല്‍ഹി, മുംബൈ, ഗോവ, ബെംഗളൂരു എന്നിവിടങ്ങളില്‍ താമസമാക്കിയ നൈജീരിയന്‍ വംശജരാണ് തട്ടിപ്പിനു പിന്നില്‍.

തട്ടിപ്പിനിരയാകുന്നവരില്‍ ചെറിയ ശതമാനം മാത്രമാണ് പരാതി നല്‍കുന്നത് എന്നതാണ് തട്ടിപ്പ് സംഘത്തിന് ഗുണകരമാകുന്നത്. തിരുവനന്തപുരം ജില്ലയില്‍ ഒരു കേസില്‍ മാത്രം 1.17 കോടി രൂപ വരെയാണ് നഷ്ടപ്പെട്ടത്.

ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തുന്ന സൈബര്‍ ഹാക്കിങിനു പുറമേ വിദേശത്ത് ജോലി, ഗിഫ്റ്റ്, വിവാഹ വാഗ്ദാനം തുടങ്ങിയ പേരു പറഞ്ഞാണ് തട്ടിപ്പ്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത നൂറോളം കേസുകളില്‍ നൈജീരിയക്കാരുടെ പങ്ക് കണ്ടെത്തിയിരുന്നു.അടുത്ത കാലത്ത് മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച കേസിന്റെ പിന്നിലും നൈജീരിയക്കാരായിരുന്നു.

നൈജീരിയക്കാരുടെ തട്ടിപ്പില്‍ കൂടുതലും ഇരയാകുന്നത് മലയാളികളാണ്. കേരളത്തിലുള്ളവര്‍ക്ക് പണമുണ്ട്. പണത്തോട് ആര്‍ത്തിയുമുണ്ടെന്നായിരുന്നു തട്ടിപ്പിന് കേരളം കേന്ദ്രമാക്കിയതിനെക്കുറിച്ച് പോലീസ് ചോദിച്ചപ്പോള്‍ പ്രതിയായ ഒരു നൈജീരിയന്‍ പൗരന്റെ മറുപടി.

ബിസിനസ്, സ്റ്റുഡന്റ് വിസയിലാണ് ഇവര്‍ ഇന്ത്യയിലെത്തുന്നത്. വിസ കാലാവധി കഴിഞ്ഞാലും തിരിച്ചു പോകില്ല. സംഘത്തിലെ ചിലര്‍ തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിവാഹം കഴിച്ച് ഇവിടെത്തന്നെ തുടരുന്നുണ്ട്.

ഇവര്‍ക്ക് ബാങ്ക് അക്കൗണ്ട് എടുക്കാന്‍ കഴിയാത്തതിനാല്‍ ബംഗാള്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാധാരണക്കാരുടെ എ.ടി.എം കാര്‍ഡ് ഉള്‍പ്പെടെയുള്ള അക്കൗണ്ട് ചെറിയ തുകയ്ക്ക് വാങ്ങും. അതിലേക്കാണ് തട്ടിപ്പ് പണം എത്തിക്കുന്നത്.

പണത്തിന്റെ ഭൂരിഭാഗവും നൈജീരിയയിലേക്ക് അയയ്ക്കുകയും ബാക്കി കൊണ്ട് ഇവിടെ ആഡംബര ജീവിതം നയിക്കുകയുമാണ് ചെയ്യുന്നത്. പരാതി കിട്ടി അക്കൗണ്ട് പോലീസ് പരിശോധിക്കുമ്പോഴേയ്ക്കും ഭൂരിഭാഗം തുകയും പിന്‍വലിച്ചിട്ടുണ്ടാകും.

വിദേശ ഐ.പി അഡ്രസ് വഴി നടത്തുന്ന തട്ടിപ്പുകളില്‍ പലപ്പോഴും പ്രതികളെ പിടികൂടാനാകില്ല. ഇന്ത്യയിലെ മൊബൈല്‍ സിം കാര്‍ഡ് ഉപയോഗിച്ച് നടത്തിയ തട്ടിപ്പിലെ പ്രതികളെ മാത്രമാണ് പോലീസിന് പിടികൂടാനാകുന്നത്.

കൂടാതെ മയക്കു മരുന്നു കച്ചവടത്തിന്റെ പ്രധാന ഏജന്റുമാരും നൈജീരിയക്കാരാണ്. യുവാക്കള്‍ക്കിടയില്‍ 'എം' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മെതലിന്‍ ഡയോക്‌സി മെത്താഫിറ്റമിന്‍ (എം.ഡി.എം.എ.) വിതരണത്തിന്റെ പ്രധാനികള്‍ നൈജീരിയന്‍ വംശജരാണ്. ബെംഗളൂരു, ഗോവ, ഡല്‍ഹി എന്നീ നഗരങ്ങളില്‍ ഇവരുടെ നേതൃത്വത്തില്‍ എം.ഡി.എം.എ. നിര്‍മാണം നടക്കുന്നതായും എക്സൈസ് ഇന്റലിജന്‍സ് വ്യക്തമാക്കുന്നു.

മലയാളികള്‍ ഉള്‍പ്പെടുന്ന യുവാക്കളാണ് ഇവരുടെ ഏജന്റുമാര്‍. കൊച്ചി, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ അടുത്തയിടെ പിടികൂടിയ വലിയ അളവിലുള്ള എം.ഡി.എം.എ. കേസുകളിലും മുഖ്യ കണ്ണികള്‍ നൈജീരിയന്‍ പൗരന്മാരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.