തിയോഡോർ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി ഏ.ഡി. 649 ജൂലൈ 5-ാം തീയതി തിരഞ്ഞെടുക്കപ്പെട്ട മാര്‍ട്ടിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയാണ് രക്തസാക്ഷിയായി അംഗീകരിക്കപ്പെട്ട അവസാനത്തെ മാര്‍പ്പാപ്പ. മാത്രമല്ല ശതാബ്ദങ്ങള്‍ക്കുശേഷം ചക്രവര്‍ത്തിയുടെ അംഗീകാരത്തിനായി കാത്തുനില്‍ക്കാതെ തിരഞ്ഞെടുക്കപ്പെട്ടയുടനെ മാര്‍പ്പാപ്പയായി അഭിഷേകം ചെയ്യപ്പെട്ട ആദ്യത്തെ മാര്‍പ്പാപ്പയും അദ്ദേഹമായിരുന്നു. ചക്രവര്‍ത്തിയുടെ അംഗീകാരത്തിനായി കാത്തുനില്‍ക്കാതിരുന്നത് കോണ്‍സ്റ്റന്‍സ് രണ്ടാമന്‍ ചക്രവര്‍ത്തിയെ ചൊടിപ്പിക്കുകയും നിയമാനുസൃതമായ മാര്‍പ്പാപ്പയായി അംഗീകരിക്കുവാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തു. മോണൊതെലിത്തിസത്തിന്റെ ശക്തനും ധീരനുമായ എതിരാളിയായിരുന്നു മാര്‍ട്ടിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പ. എന്നാല്‍ തന്റെ നിലപാടുകള്‍ക്കും സത്യവിശ്വാസ സംരക്ഷണത്തിനുമായി മാര്‍പ്പാപ്പയ്ക്ക് വലിയ വിലയാണ് നല്‍കേണ്ടി വന്നത്.
മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനു മൂന്നു മാസങ്ങള്‍ക്കുശേഷം മാര്‍ട്ടിന്‍ മാര്‍പ്പാപ്പ റോമില്‍ ഒരു സിനഡ് വിളിച്ചു ചേർത്തു. പ്രസ്തുത സിനഡില്‍ പാശ്ചാത്യ സഭയില്‍ നിന്നും 105 മെത്രാന്മാരും നാടുകടത്തപ്പെട്ട ഗ്രീക്കില്‍ നിന്നുള്ള വൈദികരും പങ്കെടുക്കുകയും ക്രിസ്തുവില്‍ രണ്ടു സ്വഭാവങ്ങള്‍ അതായത് മനുഷ്യസ്വഭാവവും ദൈവികസ്വഭാവവുമുണ്ടെന്ന പ്രാമാണിക പഠനം വീണ്ടും അംഗീകരിക്കുകയും മോണൊതെലിത്തിസത്തെയും ക്രിസ്തുവിന്റെ സ്വഭാവങ്ങളെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിനെയും വിലക്കിക്കൊണ്ട് ചക്രവര്‍ത്തി പുറപ്പെടുവിച്ച ടിപ്പോസ് എന്ന വിളംബരത്തെയും തെറ്റാണെന്ന് വിധിക്കുകയും തള്ളിക്കളയുകയും ചെയ്തു. സിനഡിന്റെ തീരുമാനങ്ങളെ അംഗീകരിക്കുവാന്‍ തയ്യാറാകാത്തതിനാല്‍ തെസലോനിക്കയിലെ പോള്‍ മെത്രാനെ സഭാഭ്രഷ്ടനാക്കുകയും മോണൊതെലിത്തിസത്തിന്റെ ബൗദ്ധിക കേന്ദ്രമായ പാലസ്തീനില്‍ യാഥാസ്ഥിതികനായ പുതിയ അപ്പസ്‌തോലിക് വികാരിയെ നിയമിക്കുകയും ചെയ്തു. സിനഡിന്റെ തീരുമാനങ്ങള്‍ വിവരിച്ചുകൊണ്ടുള്ള പകര്‍പ്പ് മാര്‍പ്പാപ്പ ചക്രവര്‍ത്തിയ്ക്ക് അയ്ക്കുകയും മോണൊതെലിത്തിസമെന്ന പാഷണ്ഡത സഭയില്‍ വ്യാപിക്കുവാനുള്ള കാരണം കോണ്‍സ്റ്റാന്റിനോപ്പിളിലെ ചില പാത്രിയാര്‍ക്കീസുമാരാണെന്നും ചക്രവര്‍ത്തിയല്ലെന്നും തന്ത്രപരമായി വിവരിച്ചുകൊണ്ട് പാഷണ്ഡതയെ നിരാകരിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിനു പകരമായി മാര്‍പ്പാപ്പയെ അറസ്റ്റു ചെയ്ത് കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒളിപ്യസിനെ പുതിയ എക്‌സാര്‍ക്കായി നിയമിച്ച് ഇറ്റലിയിലേക്ക് അയക്കുകയാണുണ്ടായത്. മാര്‍പ്പാപ്പയ്ക്ക് പാശ്ചാത്യസഭയിലുള്ള വ്യാപക പിന്തുണമുലം മാര്‍പ്പാപ്പയക്ക് എതിരായുള്ള ഏത് നീക്കവും വിഫലമാകുമെന്ന് ഒളിപ്യസിന് മനസ്സിലായി. ഒളിപ്യസ് ഇറ്റലിയിലേക്കുള്ള യാത്രക്കിടയില്‍ അന്ധനാക്കപ്പെട്ടുവെന്നും അതേത്തുടർന്ന് അദ്ദേഹം മാനസാന്തരപ്പെട്ടുവെന്നുമാണ് മാര്‍പ്പാപ്പയ്‌ക്കെതിരായ നീക്കം പരാജയപ്പെടുവാനുള്ള കാരണമായി കണക്കാക്കപ്പെടുന്ന മറ്റൊരു ഭാഷ്യം. അനന്തരഫലമായി അദ്ദേഹം മാര്‍പ്പാപ്പയുടെ പക്ഷം ചേര്‍ന്നു.
ഏ.ഡി. 653 വേനല്‍ക്കാലത്ത് കോണ്‍സ്റ്റന്‍സ് ചക്രവര്‍ത്തി തിയോഡോർ കാലിയോപ്പസിനെ പുതിയ എക്‌സാര്‍ക്കായി നിയമിച്ചുകൊണ്ട് ഇറ്റലിയിലേക്കയച്ചു. തിയോഡോർ കാലിയോപ്പസ് ഇറ്റലിയിലെത്തിയ ഉടനെ ലാറ്ററന്‍ ബസിലിക്കയില്‍ സന്ധിവാതത്താല്‍ ശയ്യാവലംബിയായിരുന്ന മാര്‍ട്ടിന്‍ പാപ്പയെ അറസ്റ്റ് ചെയ്തു. മാത്രമല്ല മാര്‍ട്ടിന്‍ പാപ്പ മേലില്‍ നിയമപ്രകാരമുള്ള മാര്‍പ്പാപ്പയല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ചക്രവര്‍ത്തിയുടെ വിളംബരം എക്‌സാര്‍ക്ക് റോമിലെ വൈദിക സമൂഹത്തിന് നല്‍കുകയും മാര്‍പ്പാപ്പയെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. ഏ.ഡി. 653 ജൂണ്‍ 17-ാം തീയതി അസുഖ ബാധിതനായിരുന്ന മാര്‍ട്ടിന്‍ പാപ്പയെ രഹസ്യമായി റോമിനു പുറത്തേയ്ക്കു കടത്തുകയും കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് കപ്പലില്‍ നിര്‍ബന്ധിതമായി അയക്കുകയും ചെയ്തു. പാപ്പായെയും വഹിച്ചുകൊണ്ടുള്ള കപ്പല്‍ സെപ്റ്റംബറില്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തി. മൂന്നുമാസത്തോളം ഏകാന്ത തടവില്‍ പാര്‍പ്പിച്ചശേഷം രാജസിംഹാസനം പിടിച്ചെടുക്കുവാനുള്ള ഒളിപ്യസിന്റെ പരിശ്രമങ്ങളില്‍ സഹായമായിരുന്നു എന്ന കുറ്റം ചുമത്തി മാര്‍പ്പാപ്പയെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്തു. വിചാരണ സമയത്ത് അദ്ദേഹത്തെ മാര്‍പ്പാപ്പയെന്ന രീതിയിലല്ല മറിച്ച് ചതിയനും വഞ്ചകനുമായ ഒരു ഡീക്കനും മുന്‍ പേപ്പല്‍ നൂണ്‍ഷ്യോയുമെന്ന രീതിയിലാണ് അദ്ദേഹത്തോട് പെരുമാറുകയും ഇടപെടുകയും ചെയ്തത്.
അദ്ദേഹത്തിന് അതിക്രൂരമായ പീഡനങ്ങളാണ് വിചാരണയുടെ സമയങ്ങളില്‍ സഹിക്കേണ്ടി വന്നത്. പാപ്പയുടെ സ്ഥാനവസ്ത്രമായ മേലങ്കി പരസ്യമായി ഉരിയുകയും അദ്ദേഹത്തിന്റെ ഉടയാടകള്‍ മുകള്‍ മുതല്‍ താഴെ വരെ പല ഭാഗങ്ങളായി കീറുകയും അദ്ദേഹത്തെ ചങ്ങലക്കിടുകയും ചെയ്തു. വിചാരണയുടെ അവസാനം മാര്‍പ്പാപ്പയെ കുറ്റക്കാരനെന്ന് കണ്ടെത്തി മരണ ശിക്ഷയ്ക്ക് വിധിക്കുകയും പരസ്യമായി ചാട്ടയടിക്ക് വിധേയനാക്കുകയും ചെയ്തു. എന്നിരുന്നാലും മരണ ശയ്യയിലായിരുന്ന കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസ് പോള്‍ രണ്ടാമന്‍, മാര്‍ട്ടിന്‍ മാര്‍പ്പാപ്പയുടെ മരണ ശിക്ഷ റദ്ദാക്കണമെന്ന് ചക്രവര്‍ത്തിയോട് അപേക്ഷിച്ചതിന്റെ ഫലമായി മരണ ശിക്ഷ റദ്ദാക്കികൊണ്ട് അദ്ദേഹത്തെ നാടുകടത്തുവാന്‍ വിധിച്ചു. മൂന്നു മാസങ്ങള്‍ കൂടി ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയമാക്കി കാരാഗൃഹത്തില്‍ താമസിപ്പിച്ചതിനുശേഷം പാപ്പയെ ക്രിമേയയിലെ കെരസൊനെസസ് എന്ന സ്ഥലത്തേക്ക് കപ്പലില്‍ നാടുകടത്തി. പട്ടിണി മൂലവും നിഷ്ഠൂരമായ പീഡനങ്ങളുടെ ഫലമായും ഏ.ഡി. 655 സെപ്റ്റംബര്‍ 16-ാം തീയതി മാർട്ടിൻ മാർപ്പാപ്പ കാലം ചെയ്തു. അദ്ദേഹത്തിന്റെ ഭൗതീകശരീരം അവിടെയുള്ള പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ദേവാലയത്തില്‍ സംസ്‌കരിച്ചു.
നാടുകടത്തപ്പെട്ട് ക്രിമേയയില്‍ കഴിയുന്ന അവസരത്തില്‍ മാര്‍ട്ടിന്‍ മാര്‍പ്പാപ്പയുടെ നില കൂടുതല്‍ വഷളാക്കിയത് റോമില്‍ നിന്ന് അദ്ദേഹത്തിന് പിന്തുണ ലഭിക്കാതിരുന്നതാണ്. മാര്‍പ്പാപ്പയുടെ രക്ഷയ്ക്കായി റോമിലെ വൈദിക സമൂഹവും വിശ്വാസി സമൂഹവും ഒന്നും ചെയ്തില്ല എന്നു മാത്രമല്ല മാര്‍ട്ടിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയ്ക്ക് പകരക്കാരനായി അദ്ദേഹം ജീവിച്ചിരിക്കെത്തന്നെ യൂജിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ സഭയുടെ തലവന്‍ ജീവിച്ചിരിക്കെത്തന്നെ മറ്റൊരു മാര്‍പ്പാപ്പയെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുത്തത് നിയമാനുസൃതമായിരുന്നോ, സഭയില്‍ ഒരേ സമയം തന്നെ രണ്ടു മാര്‍പ്പാപ്പമാര്‍ അധികാരത്തില്‍ തുടരുവാന്‍ സാധിക്കുമോ എന്ന വിവിധ ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.
അതിനാല്‍ തന്നെ മാര്‍ട്ടിന്‍ മാര്‍പ്പാപ്പയുടെ ഭരണം അവസാനിച്ച തീയതി സംബന്ധിച്ച് ഇന്നും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മാര്‍ട്ടിന്‍ മാര്‍പ്പാപ്പയെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് അറസ്റ്റു ചെയ്തു കൊണ്ടുപോവുകയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി യൂജിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുകയും ചെയ്ത ദിവസം അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാനമായി ചിലര്‍ കണക്കാക്കുന്നു. എന്നാല്‍ വേറെ ചിലര്‍, അദ്ദേഹം കാലം ചെയ്ത ദിനം അദ്ദേഹത്തിന്റെ ഭരണകാലത്തിന്റെ അന്ത്യമായി കണക്കാക്കുന്നു. എന്നിരുന്നാലും യൂജിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പ, മാര്‍ട്ടിന്‍ ഒന്നാമന്‍ പാപ്പയുടെ ജീവിതകാലത്തു തന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായുള്ള തന്റെ തിരഞ്ഞെടുപ്പ് അംഗീകരിച്ചു. പക്ഷെ മാര്‍ട്ടിന്‍ പാപ്പയ്ക്കു പകരം മറ്റൊരു വ്യക്തിയെ മാര്‍പ്പാപ്പയായി കണ്ടെത്തുവാന്‍ കോണ്‍സ്റ്റന്‍സ് രണ്ടാമന്‍ ചക്രവര്‍ത്തി സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും റോമിലെ വൈദിക സമൂഹം ഒരു വര്‍ഷത്തോളം മാര്‍ട്ടിന്‍ പാപ്പയുടെ തിരിച്ചുവരവിനായി കാത്തിരുന്നു. ഒരു വര്‍ഷത്തോളം കാത്തിരുന്ന ശേഷം മാര്‍ട്ടിന്‍ പാപ്പ തിരിച്ചുവരാന്‍ സധ്യതയില്ല എന്ന് മനസിലാക്കുകയും ഇനിയും താമസിച്ചാല്‍ മോണൊതെലിസ്റ്റിക്ക് പഠനങ്ങള്‍ പിന്തുണയ്ക്കുന്ന ഒരു മാര്‍പ്പാപ്പയെ ചക്രവര്‍ത്തി സഭയില്‍ അടിച്ചേല്‍പ്പിക്കുമെന്നും ഭയന്ന വൈദികസമൂഹം യൂജിന്‍ ഒന്നാമനെ സഭയുടെ മാര്‍പ്പാപ്പയായി അഭിഷേകം ചെയ്തു.
എന്നാല്‍ യൂജിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു ഒരു മാസം മുമ്പ് മാര്‍ട്ടിന്‍ മാര്‍പ്പാപ്പ കോണ്‍സ്റ്റാന്റിനോപ്പിളിലുള്ള തന്റെ സുഹൃത്തിന് എഴുതിയ കത്തില്‍ അദ്ദേഹം തന്റെ അഭാവത്തില്‍ റോമില്‍ സഭയെ നയിക്കുന്ന തന്റെ മൂന്ന് പ്രതിനിധികളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അതുപോലെ തന്നെ മരിക്കുന്നതിനു തൊട്ടുമുമ്പ് പാപ്പ തന്റെ സുഹൃത്തിന് എഴുതിയ കത്തില്‍ സഭയെ നയിക്കുന്ന വ്യക്തിക്കുവേണ്ടി തന്റെ പ്രാര്‍ത്ഥനകള്‍ നേര്‍ന്നിരുന്നു. ഇത് യൂജിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പിനുള്ള അദ്ദേഹത്തിന്റെ മൂകാനുവാദമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. തിരുസഭയുടെ ഔദ്യോഗിക ഡിറക്ടറിയായ അന്നുവാരിയോ പൊന്തിഫിച്ചിയോയില്‍ (Annuario Pontificio) മാര്‍ട്ടിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ ഭരണകാലം അവസാനിച്ചത് ഏ.ഡി. 655 സെപ്റ്റംബര്‍ 16-ന് അദ്ദേഹത്തിന്റെ മരണത്തോടെയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ യൂജിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ ഭരണകാലം തുടങ്ങുന്നത് ഏ.ഡി. 654 ആഗസ്റ്റ് 10-ാം തീയതിയാണ് എന്നാണ് അന്നുവാരിയോ പൊന്തിഫിച്ചിയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സഭയില്‍ ഒരേ സമയം നിയമാനുസൃതമുള്ള രണ്ടു മാര്‍പ്പാപ്പമാര്‍ സമകാലീനരായിട്ടുണ്ടായിരുന്നു എന്നത് വത്തിക്കാനും ഒരു വിധത്തില്‍ അംഗീകരിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്.
മാര്‍ട്ടിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ കാലശേഷം ഏകദേശം ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം അതായത് ഏ.ഡി. 680-81 ൽ സമ്മേളിച്ച മൂന്നാം കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസില്‍ വെച്ച് അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കുവാനും അദ്ദേഹത്തെ വി. പത്രോസിന്റെ സിംഹാസനത്തില്‍ പുനഃസ്ഥാപിക്കുവാന്‍ പരിശ്രമിച്ചെങ്കിലും സൂനഹദോസ് സമ്മേളിച്ചത് കോണ്‍സ്റ്റന്‍സ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ മകനായ കോണ്‍സ്റ്റന്റയിന്‍ നാലാമന്‍ ചക്രവര്‍ത്തിയുടെ നിയന്ത്രണത്തിന്‍ കീഴിലായിരുന്നതിനാല്‍ അത്തരമൊരു പരിശ്രമവും ഇടപെടലും ഫലം കണ്ടില്ല. എന്നിരുന്നാലും സൂനഹദോസ് സമാപിച്ച് അധികം താമസിയാതെ തന്നെ മാര്‍ട്ടിന്‍ പാപ്പായെ സഭയില്‍ രക്തസാക്ഷിയായി വണങ്ങുവാന്‍ ആരംഭിച്ചു.
മുൻപുള്ള മാർപ്പാപ്പമാരെ പറ്റി വായിക്കുവാൻ ഇവിടെ അമർത്തുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.