സംസ്ഥാനത്തെ 170 പ്രദേശങ്ങള്‍ തെരുവുനായ ഹോട്ട് സ്പോട്ടുകള്‍; പട്ടിക പുറത്ത് വിട്ട് മൃഗസംരക്ഷണ വകുപ്പ്

സംസ്ഥാനത്തെ 170 പ്രദേശങ്ങള്‍ തെരുവുനായ ഹോട്ട് സ്പോട്ടുകള്‍; പട്ടിക പുറത്ത് വിട്ട് മൃഗസംരക്ഷണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ 170 പ്രദേശങ്ങളെ തെരുവുനായ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച് മൃഗസംരക്ഷണ വകുപ്പ്. നായകളുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ട് തിരഞ്ഞെടുത്തിരിക്കുന്നത്. ചികിത്സക്കെത്തിയവരുടെ പ്രതിമാസ കണക്കില്‍ പത്തോ അതില്‍ കൂടുതലോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.

ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്. ജില്ലയില്‍ നിന്ന് 28 പ്രദേശങ്ങളാണ് പട്ടികയിലുള്ളത്. ഇതില്‍ 17 ഇടങ്ങളില്‍ ചികിത്സ തേടിയെത്തിയവരുടെ എണ്ണം നൂറില്‍ കൂടുതലാണ്. പാലക്കാടാണ് പട്ടികയില്‍ രണ്ടാമത്. 26 ഹോട്ട് സ്പോട്ടുകളാണ് ജില്ലയിലുള്ളത്.

പാലക്കാട് മുനിസിപ്പാലിറ്റിയില്‍ നിന്ന് മാത്രം 641 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകല്‍ റിപ്പോര്‍ട്ട് ചെയ്തതും ഇവിടെയാണ്. അടൂര്‍, അരൂര്‍, പെര്‍ള തുടങ്ങിയ സ്ഥലങ്ങളില്‍ 300ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കിയിലാണ് ഏറ്റവും കുറവ് ഹോട്ട്സ്പോട്ടുള്ളത്.

ഒരു മേഖല മാത്രമാണ് ഇടുക്കി ജില്ലയില്‍ നിന്ന് ഈ വിഭാഗത്തില്‍ പെട്ടിരിക്കുന്നത്. അതേസമയം പരമാവധി തെരുവുനായ്ക്കള്‍ക്ക് എത്രയും വേഗം വാക്സിനേഷന്‍ നല്‍കുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഇതിനായി അഞ്ച് ലക്ഷം വാക്സിനുകള്‍ എത്തിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.