സത്യത്തില്‍ പേ പിടിച്ചതാര്‍ക്ക്?.. പട്ടികള്‍ക്കോ, ഭരണാധികാരികള്‍ക്കോ?..

സത്യത്തില്‍ പേ പിടിച്ചതാര്‍ക്ക്?.. പട്ടികള്‍ക്കോ, ഭരണാധികാരികള്‍ക്കോ?..

മരണഭേരി മുഴക്കി ശ്വാനന്‍മാര്‍ കേരളത്തിന്റെ തെരുവുകളില്‍ സംഹാര താണ്ഡവമാടുമ്പോള്‍ ഉലകം ചുറ്റാനൊരുങ്ങുന്ന മുഖ്യമന്ത്രിയേയും മന്ത്രിപരിവാരങ്ങളേയും കാണുമ്പോള്‍ ഒരു സംശയം... സത്യത്തില്‍ ആര്‍ക്കാണ് പേ ബാധിച്ചത്?.. പട്ടികള്‍ക്കോ അതോ, ഭരണാധികാരികള്‍ക്കോ?..

ശ്വാന ദംശനമേറ്റ് നിലവിളികളുയരാത്ത വഴിയോരങ്ങള്‍ കേരളത്തില്‍ ഇനി ബാക്കിയുണ്ടാകില്ല. പുറത്തിറങ്ങിയാല്‍ പട്ടി കടിക്കും എന്ന ഭീകരമായ അവസ്ഥ. കടിയേല്‍ക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികളില്ല... കടിയേറ്റവര്‍ക്ക് പ്രതിരോധ മരുന്നുകളില്ല... ആശുപത്രിയിലെത്തിക്കാന്‍ റോഡ് സൗകര്യങ്ങില്ല... കേന്ദ്ര, സംസ്ഥാന കുഴികള്‍ താണ്ടി അര്‍ത്ഥ പ്രാണനായി ആശുപത്രിയിലെത്തുന്ന രോഗിയെ ചികത്സിക്കാന്‍ സൗകര്യങ്ങളുമില്ല. ഇതാണ് കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി.

ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ പേടിക്കേണ്ട കാര്യമില്ലാത്തതിനാല്‍ മുഖ്യമന്ത്രിക്കും മന്ത്രി സത്തമന്മാര്‍ക്കും ഇതൊന്നും അത്ര വലിയ കാര്യമല്ല. 'വികസന ദാഹികളായ' അവര്‍ വിദേശ യാത്രയ്‌ക്കൊരുങ്ങുകയാണ്. മരുമകന്‍ മന്ത്രി പോകുന്നത് പാരീസില്‍ നടക്കുന്ന ടൂറിസം ഫെസ്റ്റിനാണ്. ശ്വാനാധിപത്യം പ്രഖ്യാപിച്ച തെരുവുകളും കുഴികള്‍ നിറഞ്ഞ റോഡുകളുമുള്ള കേരളത്തെ ഷോക്കേസ് ചെയ്യാന്‍. എന്നിട്ട് വിദേശ വിനോദ സഞ്ചാരികളെ 'ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്' മാടിമാടി വിളിക്കാന്‍.

അറിയുക...കേരളം പോലൊരു കൊച്ചു സംസ്ഥാനത്ത് കഴിഞ്ഞ ഒമ്പതര മാസത്തിനിടയില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റത് രണ്ടു ലക്ഷത്തിലധികം പേര്‍ക്കാണ്. അതില്‍ 21 പേര്‍ മരണത്തിന് കീഴടങ്ങി. എന്നിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു വരുന്നതേയുള്ളൂ. പട്ടികളെ പറഞ്ഞിട്ടെന്തു കാര്യം?.. അത് ആരേയും കടിക്കുകയും ഒപ്പം വാലാട്ടുകയും ചെയ്യും. പക്ഷേ, 'പട്ടി ചന്തയ്ക്കു പോയതു പോലെ' എന്ന അവസ്ഥയിലുള്ള സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യത്തില്‍ മുഖ്യപ്രതി.

സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം ആളുകളെ നായ്ക്കള്‍ കടിച്ചു കീറിക്കഴിഞ്ഞപ്പോള്‍ മെല്ലെ ഉണര്‍ന്നു തുടങ്ങിയ സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള വന്ധ്യംകരണവും ഷെല്‍ട്ടര്‍ ഹോമുകളും അടക്കമുള്ള നടപടികള്‍ 'സര്‍ക്കാര്‍ കാര്യം മുറ പോലെ' എന്ന പതിവ് രീതിയിലായാല്‍ കാര്യങ്ങള്‍ ഇനിയും കൈവിട്ടു പോകും. ഇക്കാര്യത്തില്‍ യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടികള്‍ വേണം. അടിയന്തരമായി ചെയ്യേണ്ടത് ആദ്യം നായ്ക്കളെ തെരുവുകളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുക എന്നതാണ്.

കാരണം ഏതൊരു പൗരനും ഭയമില്ലാതെ പൊതു സമൂഹത്തില്‍ ജീവിക്കാനാകണം. പൊതു നിരത്തുകളിലൂടെ സഞ്ചരിക്കാനാകണം. അതുറപ്പു വരുത്തേണ്ടത് ജനാധിപത്യ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. നായ്ക്കളെ പൊതു നിരത്തുകളില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കാതെ നടത്തുന്ന വന്ധ്യംകരണം ജനങ്ങളുടെ ഭയത്തെ അകറ്റുന്നില്ല.

നായകള്‍ തെരുവുകളില്‍ നിന്ന് അപ്രത്യക്ഷമായാല്‍ ജനങ്ങള്‍ക്ക് പേടി കൂടാതെ സഞ്ചരിക്കാം. അതിനാല്‍ തന്നെ ആദ്യ പരിഗണന കൊടുക്കേണ്ടത് തെരുവ് നായകളെ എത്രയും പെട്ടന്ന് പിടികൂടി ഷെല്‍ട്ടര്‍ ഹോമിലാക്കുക എന്നതിനാണ്. അതിനു ശേഷമാകാം വന്ധ്യംകരണം.

ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദേശ പ്രകാരം തെരുവ് നായകളുടെ ജനന നിയന്ത്രണത്തിനുള്ള എ.ബി.സി പദ്ധതി വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്ത് ആരംഭിച്ചതാണെങ്കിലും ഇതുവരെ കാര്യമായ ഫലമുണ്ടായിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിസഹകരണമാണിതിന് പ്രധാന കാരണം. ഔദ്യോഗിക കണക്കു പ്രകാരം മൂന്ന് ലക്ഷത്തോളം തെരുവ് നായകളുള്ള കേരളത്തില്‍ അതിന്റെ പത്തു ശതമാനം നായ്ക്കളെപ്പോലും വന്ധ്യംകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

വന്ധ്യംകരണം കഴിഞ്ഞ 15 വര്‍ഷമായി ഫലപ്രദമായി നടന്നിട്ടില്ലെന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയ ജസ്റ്റിസ് സിരിജഗന്‍ സമിതി കണ്ടെത്തിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനന നിയന്ത്രണ ചട്ടം (എ.ബി.സി) പേരിന് മാത്രം നടപ്പാക്കുന്നതാണ് തെരുവു നായ്ക്കളുടെ എണ്ണം ഇത്രയധികം വര്‍ധിക്കാനിടയായതെന്നാണ് ജസ്റ്റിസ് സിരിജഗന്‍ വ്യക്തമാക്കുന്നത്.

പേവിഷ ബാധയ്‌ക്കെതിരായ ചികിത്സാ സംവിധാനത്തിലെ പിഴവാണ് സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രതിസന്ധി. ചികിത്സയ്ക്കായി പ്രത്യേക പെരുമാറ്റച്ചട്ടം അനിര്‍വാര്യമാണ്. തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ച 21 പേരില്‍ ആറു പേര്‍ വാക്‌സിനെടുത്തിരുന്നു എന്നത് ഇക്കാര്യം കൂടുതല്‍ ഗൗരവമുള്ളതാക്കുന്നു.

ഗുണമേന്മയുള്ള മരുന്നുകള്‍ കൂടുതല്‍ ആശുപത്രികളില്‍ ലഭ്യമാക്കുകയും ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുകയും വേണം. കടിയേറ്റ വ്യക്തിയെ എത്രയും പെട്ടന്ന് ആശുപത്രിയിലെത്തിക്കാനുള്ള സംവിധാനമുണ്ടാകണം. മുഖത്തോ തലയ്‌ക്കോ കടിയേറ്റ വ്യക്തിക്ക് നാല് മണിക്കൂറിനകമെങ്കിലും വാക്‌സിനെടുത്തില്ലെങ്കില്‍ ജീവന്‍ രക്ഷിക്കുക പ്രയാസമാണെന്ന ഡോക്ടര്‍മാരുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കണം.

വാക്സിന്റെ ഗുണനിലവാര പരിശോധന ഇതുവരെ എവിടെയുമെത്തിയില്ല. വിദഗ്ദ്ധ സമിതി രൂപീകരിച്ച് ഉടന്‍ അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഉറപ്പ് സഭാ രേഖകളില്‍ വിശ്രമം കൊള്ളുകയാണ്.

നായ്ക്കളെക്കാള്‍ വിലപ്പെട്ടതാണ് മനുഷ്യര്‍ എന്ന തിരിച്ചറിവില്ലാത്ത കുറേ 'മൃഗസ്‌നേഹി'കളാണ് ഇവിടെ പ്രതിസന്ധി സൃഷ്ടിക്കുന്ന മറ്റൊരു വിഭാഗം. പന്നിപ്പനി സംശയിച്ച് നാടൊട്ടാകെയുള്ള ഫാമുകളിലെ പന്നികളെ കശാപ്പു ചെയ്യാം. പക്ഷിപ്പനിയെന്ന ന്യായം പറഞ്ഞ് ആയിരക്കണക്കിന് താറാവുകളേയും കോഴികളേയും കൊന്നു തള്ളാം.

അതുവഴി ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട കര്‍ഷകരുടെ കണ്ണീര്‍ കണ്ടാലും 'മൃഗസ്‌നേഹി'കള്‍ക്ക് സങ്കടമില്ല. തെരുവുകളില്‍ അലഞ്ഞു നടക്കുന്ന ഉപദ്രവകാരികളായ നായകളെ കൊന്നാല്‍ അവരുടെ രക്തം തിളയ്ക്കും. പിന്നെ കേസും പൊല്ലാപ്പുമായി. ഇതാണ് കേരളത്തിലെ അവസ്ഥ.

എന്തായാലും മരണ ദൂതരായെത്തുന്ന നായ്ക്കൂട്ടങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ പതിഞ്ഞില്ലെങ്കില്‍ 'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി' 'ഡോഗ്‌സ് ഓണ്‍ കണ്‍ട്രി'യായി മാറുമെന്നതില്‍ സംശയം വേണ്ട.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.