പസഫിക്കിന്റെ അടിത്തട്ട് മാന്തിയുള്ള ഖനനത്തിന് അനുമതി.. 1970 ശേഷം ഇതാദ്യം, എതിർപ്പുമായി പാരിസ്ഥിതിക പ്രവർത്തകർ; ആഘാതം നിരീക്ഷിക്കാൻ നൂറോളം ശാസ്തജ്ഞർ

പസഫിക്കിന്റെ അടിത്തട്ട് മാന്തിയുള്ള ഖനനത്തിന് അനുമതി.. 1970 ശേഷം ഇതാദ്യം, എതിർപ്പുമായി പാരിസ്ഥിതിക പ്രവർത്തകർ; ആഘാതം നിരീക്ഷിക്കാൻ നൂറോളം ശാസ്തജ്ഞർ

മെക്സിക്കോ: എതിർപ്പുകൾക്കിടയിലും പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും വിലയേറിയ ലോഹങ്ങൾ വേർതിരിച്ചെടുക്കാനുള്ള വിവാദ പരീക്ഷണങ്ങൾക്കായി ആഴക്കടൽ ഖനന നടത്തിപ്പുകാരായ ദ മെറ്റൽസ് കമ്പനിക്ക് ഇന്റർനാഷണൽ സീബെഡ് അതോറിറ്റിയുടെ അനുമതി നൽകി. 1970 കൾക്ക് ശേഷം ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു പരീക്ഷണത്തിന് ഐഎസ്എ അംഗീകാരം നൽകുന്നത്.

ഖനനത്തിനെതിരെ ചില പസഫിക് രാജ്യങ്ങളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് പുതിയ നീക്കം. ഖനനം പസഫിക്കിന്റെ ആവാസവ്യവസ്ഥയെ നശിപ്പിക്കുമെന്ന് ഇവർ അഭിപ്രായപ്പെട്ടു. ഇതോടെ ശാസ്ത്രജ്ഞർ ഉൾപ്പെടെ നൂറോളം പേർ മറ്റൊരു കപ്പലിൽ പസഫിക്കിൽ ആഴക്കടൽ ഖനനത്തിന്റെ പാരിസ്ഥിതിക ആഘാതം നിരീക്ഷിക്കും.

പസഫിക് ദ്വീപുകൾ തമ്മിൽ ആഴക്കടൽ ഖനന വിഷയത്തിൽ അഭിപ്രായ ഭിന്നത തുടരുന്നതിനിടയിലാണ് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് ലോഹങ്ങൾ വേർതിരിച്ചെടുക്കാനുള്ള പരീക്ഷണങ്ങൾക്ക് ദ മെറ്റൽസ് കമ്പനിക്ക് അനുമതി ലഭിച്ചത്. സ്‌മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവയുടെ നിർമ്മാണത്തിൽ ഉപയോഗിക്കാവുന്ന ലോഹങ്ങളാണ് സമുദ്രത്തിന്റെ അടിത്തട്ട് കുഴിച്ച് ശേഖരിക്കാൻ ഖനന കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ഇലക്ട്രിക് റോബോട്ടുകൾ ആഴക്കടലിലേക്ക്
ഇലക്ട്രിക് റോബോട്ടുകൾ കടലിന്റെ അടിത്തട്ടിലൂടെ സഞ്ചരിച്ച് ആവശ്യമായ ലോഹങ്ങൾ കണ്ടെത്തും. തുടർന്ന് ഭീമൻ കുഴലിലൂടെ സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗങ്ങളിൽനിന്നുവരെയും ലോഹങ്ങൾ വലിച്ചെടുക്കുകയും ചെയ്യും.

വൈദ്യുത ബാറ്ററികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന കോബാൾട്ട്, നിക്കൽ, മറ്റ് അപൂർവ-എർത്ത് മെറ്റൽസ് എന്നിവ അടങ്ങിയ പാറക്കഷണങ്ങൾ ശേഖരിക്കാൻ കഴിവുള്ള ഒരു റോബോട്ടിനെയാണ് പരീക്ഷണാടിസ്ഥാനത്തിൽ കടലിന്റെ അടിത്തട്ടിലേക്ക് അയക്കുന്നത്. റോബോട്ടുകൾ കണ്ടെത്തുന്ന പാറകളും മറ്റും റൈസർ എന്ന ഉപകരണത്തിലൂടെയാണ് ജലത്തിന്റെ ഉപരിതലത്തിലേക്ക് വലിച്ചെടുക്കുക.

ഡിസംബറിനുള്ളിൽ ഏകദേശം 3,600 ടൺ മെറ്റീരിയൽ ശേഖരിക്കാനാകുമെന്നാണ് ദ മെറ്റൽസ് കമ്പനിയുടെ പ്രതീക്ഷ. കമ്പനിയുടെ ഒരു കപ്പൽ പസഫിക്കിലെ ഖനനത്തിനായി മെക്സിക്കോ വിടാൻ തയ്യാറെടുക്കുകയാണ്. മറ്റൊരെണ്ണം മെക്സിക്കോയ്ക്കും ഹവായിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന കൂടുതൽ ലാഭകരമായ പ്രവർത്തിക്കാൻ ശേഷിയുള്ള ഖനിയെ കുറിച്ച് പരിശോധനകളും നടത്തുന്നുണ്ട്.

ലോ കാർബൺ എക്കണോമിയിലേക്കുള്ള ലോകത്തിന്റെ യാത്രയെ ത്വരിതപ്പെടുത്താൻ ആഴക്കടൽ ധാതുക്കളുടെ ആവശ്യമുണ്ടെന്നാണ് കമ്പനിയുടെ വാദം.വാണിജ്യാടിസ്ഥാനത്തിൽ ആഴക്കടൽ ഖനനത്തിലേക്കുള്ള വളരെ പ്രധാനപ്പെട്ട ചുവടുവയ്പാണിതെന്ന് ദ മെറ്റൽസ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ജെറാർഡ് ബാരൺ പറഞ്ഞു.

ആശങ്കകൾ

ആഴക്കടൽ ഖനനത്തിന്റെ യഥാർത്ഥ അപകടസാധ്യതകൾ ഇനിയും പൂർണ്ണമായി മനസ്സിലാക്കാനായിട്ടില്ലെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത്. ഖനനം മൂലം നശിക്കുന്ന ആവാസവ്യവസ്ഥകൾ രൂപപ്പെടാൻ നൂറ്റാണ്ടുകൾ അല്ലെങ്കിൽ സഹസ്രാബ്ദങ്ങൾ പോലും എടുത്തിട്ടുണ്ടെന്ന് ആർഎംഐടി സർവകലാശാലയിലെ പരിസ്ഥിതി എഞ്ചിനീയറിംഗിന്റെ അസോസിയേറ്റ് പ്രൊഫസറായ ഗാവിൻ മഡ് പറഞ്ഞു.

അവിശ്വസനീയമായ വിധത്തിൽ അതുല്യമായ ജൈവവൈവിധ്യമുള്ള സമുദ്രത്തിന്റെ ഒരു ഭാഗമാണ് കൈകാര്യം ചെയ്യുന്നത്. വിഷയത്തെ കുറിച്ച് കൂടുതലായി മനസ്സിലാക്കാൻ തുടങ്ങിയിട്ടേയുള്ളൂവെന്നും ഡോ. മഡ് വിശദീകരിച്ചു.

പരിസ്ഥിതി ആഘാതങ്ങൾ പതിറ്റാണ്ടുകളെടുത്ത് വേണം നിരീക്ഷിക്കാൻ. എന്നാൽ കമ്പനികൾ കാര്യങ്ങളെ സമീപിക്കുന്നത് പലപ്പോഴും ആ രീതിയിലല്ല. അവർ ഒരു ചെറിയ കാലയളവിൽ അവർ നിരീക്ഷണങ്ങൾ നടത്തുന്നു. അതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ട് നീങ്ങുകയാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിയിച്ചേർത്തു.

ഖനനത്തിന്റെ അജ്ഞാതമായ അപകടസാധ്യതകൾ മുന്നിൽ കണ്ട് സമുദ്രവും അതിന്റെ ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിന് വേണ്ടി രാജ്യങ്ങൾ മൊറട്ടോറിയങ്ങൾ പ്രഖ്യാപിക്കുകയോ നിർദ്ദേശിക്കുകയോ ചെയ്തിട്ടുണ്ടെന്ന് തുവാലു വിദേശകാര്യ മന്ത്രി സൈമൺ കോഫെ പറഞ്ഞു. പൈലറ്റ് ട്രയലിന്റെ അംഗീകാരത്തിനായി നടത്തുന്ന നടപടിക്രമങ്ങൾ ശ്രദ്ധിക്കുന്നുണ്ട്.

ആഴക്കടൽ ഖനനത്തെ കുറിച്ച് പസഫിക് ദ്വീപുകൾക്കിടയിൽ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളാണ് ഉള്ളത്. അതുകൊണ്ട് തന്നെ എന്തെങ്കിലും ഗവേഷണങ്ങളോ ലോഹ ശേഖരണമോ ആരംഭിക്കുന്നതിന് മുമ്പ് കൂടിയാലോചനകൾ ആവശ്യമാണെന്നും കോഫെ വ്യക്തമാക്കി.

എന്താണ് ഇന്റർനാഷണൽ സീബെഡ് അതോറിറ്റി

യുഎൻ കൺവെൻഷന്റെ ഭാഗമായി കടൽ നിയമ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന 167 അംഗരാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേർന്ന സംഘടനയാണ് ഇന്റർനാഷണൽ സീബെഡ് അതോറിറ്റി. ആഴക്കടലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ആഘാതങ്ങളിൽ നിന്ന് സമുദ്രപരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുവാൻ ബാധ്യത ഐഎൻഎയിൽ നിക്ഷിപ്തമാണ്.

അതിനിടെ ദ മെറ്റൽസ് കമ്പനിയ്ക്ക് അനുമതി ലഭിച്ചതിൽ പിൻവാതിൽ ഇടപാടുകൾ നടത്തിയെന്ന ആരോപണവും ശക്തമാണ്. ഖനന കമ്പനിയും റെഗുലേറ്ററായ ഇന്റർനാഷണൽ സീബെഡ് അതോറിറ്റിയും തമ്മിലുള്ള ചർച്ചകളിൽ തങ്ങൾ ആശങ്കാകുലരാണെന്ന് ഗ്രീൻപീസ് ഓട്ടേറോവ സീബെഡ് മൈനിങ്ങിന്റെ പ്രചാരണ പ്രവര്‍ത്തകന്‍ ജെയിംസ് ഹിറ്റ പറഞ്ഞു.

വ്യവസായത്തിനുള്ളിലെ സുതാര്യതയെക്കുറിച്ചും ജെയിംസ് ഹിറ്റ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ എല്ലാം നിഷേധിച്ചുകൊണ്ട് ഖനന കമ്പനിയും രംഗത്തെത്തി. ഇന്റർനാഷണൽ സീബെഡ് അതോറിറ്റിയുമായി നടന്ന എല്ലാ ഇടപാടുകളും സുതാര്യമാണെന്നാണ് ദ മെറ്റൽസ് കമ്പനി അവകാശപ്പെടുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.