സില്‍വര്‍ ലൈന്‍ മംഗലാപുരം വരെ നീട്ടല്‍: കേരള-കര്‍ണാടക മുഖ്യമന്ത്രിമാര്‍ ഞായറാഴ്ച ചര്‍ച്ച നടത്തും

 സില്‍വര്‍ ലൈന്‍ മംഗലാപുരം വരെ നീട്ടല്‍: കേരള-കര്‍ണാടക മുഖ്യമന്ത്രിമാര്‍ ഞായറാഴ്ച ചര്‍ച്ച നടത്തും

മംഗലാപുരം കണക്ടിവിറ്റിയെന്ന പുതിയ ആശയം മുന്നോട്ടു വെച്ച് ബിജെപി ഭരിക്കുന്ന കര്‍ണാടകയുടെ പിന്തുണ കൂടി സില്‍വര്‍ ലൈന്‍ പദ്ധതിക്ക് നേടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പാത മംഗളൂരു വരെ നീട്ടുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി പിണറായി വിജയന്‍ ഞായറാഴ്ച കൂടിക്കാഴ്ച നടത്തും. രാവിലെ 9.30 ന് ബെംഗളൂരുവിലാണ് കൂടിക്കാഴ്ച.

തലശേരി-മൈസൂരു, നിലമ്പൂര്‍-നഞ്ചന്‍കോട് പാതകളുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയാകും. തുടര്‍ന്ന് ബാഗെപ്പള്ളിയില്‍ സിപിഎം സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും ബഹുജന റാലിയിലും പിണറായി പങ്കെടുക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്ത ദക്ഷിണേന്ത്യന്‍ കൗണ്‍സില്‍ യോഗത്തിലാണ് സില്‍വര്‍ ലൈനിന് കേരളം കര്‍ണാടകയുടെ പിന്തുണ തേടിയത്. സില്‍വര്‍ ലൈന്‍ മംഗലാപുരത്തേക്ക് കൂടി നീട്ടുന്നതില്‍ കര്‍ണാടക മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്കും കൗണ്‍സിലില്‍ ധാരണയായിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ചത്തെ ചര്‍ച്ച. നാല് പ്രധാന നഗരങ്ങളെയും അയല്‍ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുള്ള അതിവേഗ റെയില്‍ ഇടനാഴിക്കായി തമിഴ്‌നാടും കൗണ്‍സിലില്‍ ആവശ്യമുയര്‍ത്തിയിരുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കേരളത്തില്‍ പ്രതിഷേധം നിലനില്‍ക്കുമ്പോഴും കേന്ദ്രം അനുമതി നല്‍കിയാല്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് മംഗലാപുരം കണക്ടിവിറ്റിയെന്ന പുതിയ ആശയം മുന്നോട്ടു വെച്ച് ബിജെപി ഭരിക്കുന്ന കര്‍ണാടകയുടെ പിന്തുണ കൂടി സംസ്ഥാനം തേടുന്നത്.

അമിത്ഷാ നേതൃത്വം നല്‍കിയ യോഗത്തില്‍ സില്‍വര്‍ ലൈന്‍ അജണ്ടയായി വെച്ചിരുന്നെങ്കിലും കര്‍ണാടക - കേരള മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷം മുന്നോട്ടു പോകാമെന്ന് ധാരണയിലെത്തി അജണ്ടയില്‍ നിന്ന് മാറ്റിയിരുന്നു.

ഡിപിആര്‍ ഉള്‍പ്പടെ സാങ്കേതിക വിവരങ്ങള്‍ കേരളം കര്‍ണാടകയ്ക്ക് കൈമാറും. ഇക്കാര്യത്തില്‍ കര്‍ണാടയകയുടെ നിലപാട് നിര്‍ണായകമാകും. അനുകൂലമായാല്‍ കേന്ദ്ര താല്‍പര്യം കൂടി പദ്ധതിക്ക് വരുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടല്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.