റഷ്യയോടുള്ള മോഡിയുടെ സമാധാന ആഹ്വാനത്തിന് അമേരിക്കൻ മുഖ്യധാരാ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം

റഷ്യയോടുള്ള മോഡിയുടെ സമാധാന ആഹ്വാനത്തിന് അമേരിക്കൻ മുഖ്യധാരാ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം

വാഷിങ്ടൻ: ഉക്രൈനിൽ ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ഓർമിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് മുഖ്യധാരാ അമേരിക്കൻ മാധ്യമങ്ങൾ. റഷ്യയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരിക്കുന്ന ചൈന ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ അധിനിവേശവുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങൾ തുറന്ന് പറയാതിരുന്നപ്പോളും ഇന്ത്യയുടെ പരസ്യ പ്രതികരണമാണ് അഭിനന്ദനങ്ങൾക്കിടയാക്കിയത്.

വാഷിങ്ടൺ പോസ്റ്റിന്റെയും ന്യൂയോർക്ക് ടൈംസിന്റെയും വെബ്‌പേജിലെ പ്രധാന വാർത്തയായിരുന്നു കൂടിക്കാഴ്ചയും മോഡിയുടെ വിമർശനവും. ഉസ്ബെക്കിസ്ഥാനിലെ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിലെ ഉഭകക്ഷി ചർച്ചയ്ക്കിടെ നടന്ന മോഡി പുടിൻ കൂടിക്കാഴ്ചയിലെ സമാധാനത്തിന് പ്രതീക്ഷയേകുന്ന സംഭാഷണങ്ങൾ വലിയ രീതിയിലാണ് അമേരിക്കൻ മാധ്യമങ്ങൾ ഏറ്റെടുത്തത്.

ഉക്രൈയ്നിലെ റഷ്യയുടെ ആക്രമണത്തിൽ പുടിനെ മോഡി വിമർശിച്ചു എന്നാണ് ദി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്നും ഇതിനെക്കുറിച്ച് തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നുവെന്നും മോഡി പുടിനോട് നടത്തിയ പരസ്യവിമർശനത്തിൽ പറഞ്ഞു. അറുപത്തിയൊൻപത്കാരനായ റഷ്യൻ ഭരണാധികാരി എല്ലാ കോണുകളിൽ നിന്നും അസാധാരണമായ സമ്മർദ്ദത്തിന് വിധേയനാകുന്നെന്ന് ഈ സംഭാഷണം വ്യക്തമാക്കുന്നുവെന്നും വാഷിങ്ടൺ പോസ്റ്റിലെ വാർത്തയിൽ പറയുന്നു.

ഇപ്പോൾ യുദ്ധത്തിന്റെ സമയമല്ലെന്ന് ഇന്ത്യയുടെ നേതാവ് പുടിനോട് പറഞ്ഞതായി ന്യൂയോർക്ക് ടൈംസും അതിന്റെ തലക്കെട്ടിൽ പറഞ്ഞു. ഇരു നേതാക്കളും തമ്മിൽ നടന്ന കൂടിക്കാഴ്ച സൗഹൃദപരമായിരുന്നു. ഇരുനേതാക്കളും തങ്ങളുടെ ദീർഘകാല ചരിത്രത്തെക്കുറിച്ചു പരാമർശിച്ചു. ഉക്രൈയ്‌നിലെ യുദ്ധത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക തനിക്ക് മനസ്സിലായെന്ന് പുടിൻ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു.

എത്രയും വേഗം യുദ്ധം അവസാനിപ്പിക്കാൻ പരമാവധി ശ്രമിക്കുമെന്നും പുടിൻ പ്രതികരിച്ചു. നിർഭാഗ്യവശാൽ, ഉക്രൈയ്ൻ ചർച്ചകൾ ഉപേക്ഷിക്കുന്നതായും യുദ്ധക്കളത്തിൽ സൈനിക മാർഗങ്ങളിലൂടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രഖ്യാപിച്ചു. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് എപ്പോഴും നിങ്ങളെ അറിയിക്കുമെന്നും മോഡിയോട് പുടിൻ പറഞ്ഞു.

യുദ്ധം തുടങ്ങിയതിനു ശേഷം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് റഷ്യൻ പ്രസിഡന്റുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ അഭിപ്രായങ്ങൾ തുറന്നുപറയാതിരുന്നപ്പോൾ മോഡി വളരെ വ്യക്തമായി കാര്യങ്ങൾ ബോധിപ്പിച്ചതായും ന്യൂയോർക്ക് ടൈംസ് വാർത്തയിൽ പറയുന്നു. റഷ്യയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ഇന്ത്യ ഇതാദ്യമായാണ് വിഷയത്തിൽ അഭിപ്രായം വ്യക്തമാക്കുന്നത്.

യുക്രൈയിൻ അധിനിവേശം ആരംഭിച്ചതിന് ശേഷം മോഡിയും പുടിനും നടത്തുന്ന ആദ്യ കൂടിക്കാഴ്ച ആയിരുന്നു ഇത്. ഉക്രെയിൻ അധിനിവേശത്തിന്റെ പേരിൽ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ റഷ്യയെ കുറ്റപ്പെടുത്തിയിരുന്നില്ല. പകരം പ്രശ്നങ്ങൾ നയതന്ത്ര മാർഗത്തിൽ പരിഹരിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.