ലണ്ടൻ: അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് വിട നല്‍കി ലോകം. രാജ്ഞിയുടെ സംസ്കാരം സമ്പൂർണ്ണ രാജകീയ ചടങ്ങുകളോടെ ഇന്ന് നടക്കും. പ്രാദേശിക സമയം രാവിലെ 10.44 മണിക്ക് ലണ്ടനിലെ വെസ്‌റ്റ്‌മിന്‍സ്റ്റർ ആബിയിലാണ് സംസ്കാരച്ചടങ്ങുകൾ ആരംഭിക്കുന്നത്. രാത്രിയോടെ സെന്റ് ജോര്‍ജ് ചാപ്പലില്‍ പ്രാർത്ഥന ശുശ്രൂഷയ്ക്ക്ശേഷം സംസ്കാരം നടത്തും.
10.44-ന് നാവികസേനയുടെ ഗൺ കാര്യേജിൽ മൃതദേഹം വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്കു കൊണ്ടുപോകും. ഇവിടത്തെ പ്രാർഥനകൾക്ക് വെസ്റ്റ്മിൻസ്റ്റർ ആബി ഡീൻ ഡോ. ഡേവിഡ് ഡോയ്ൽ നേതൃത്വം നൽകും. പ്രധാനമന്ത്രി ലിസ് ട്രസും കോമൺവെൽത്ത് സെക്രട്ടറി ജനറൽ ബാരണസ് പട്രീഷ്യ സ്കോട്‌ലൻഡും സുവിശേഷം വായിക്കും. ചടങ്ങുകൾക്കുശേഷം രണ്ടുമിനിറ്റ് രാജ്യം മൗനമാചരിക്കും.
വെസ്റ്റ്മിൻസ്റ്റർ ആബിയിൽനിന്ന് ലണ്ടൻ ചുറ്റിയുള്ള വിലാപയാത്ര വൈകിട്ട് നാലോടെ വിൻസർ കൊട്ടാരത്തിലെത്തും. ഈ കൊട്ടാരമായിരുന്നു കോവിഡ്കാലത്ത് രാജ്ഞിയുടെ സ്ഥിരവസതി. ഇവിടത്തെ സെയ്ന്റ് ജോർജ് ചാപ്പലിൽ പ്രാർഥന. ഇതുവരെയുള്ള ചടങ്ങുകൾ ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്യും. ഇതിനായി ബ്രിട്ടനിലെ പൊതുസ്ഥലങ്ങളിൽ വലിയ സ്‌ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്.
രാത്രി ഏഴരയോടെ സ്വകാര്യചടങ്ങായാണ് സംസ്കാരം. സെയ്ന്റ് ജോർജ് ചാപ്പലിനുള്ളിലുള്ള കിങ് ജോർജ് ആറാമൻ സ്മാരക ചാപ്പലിൽ അച്ഛനമ്മമാർക്കും സഹോദരിക്കുമരികിൽ എലിസബത്ത് രാജ്ഞിയും അന്ത്യവിശ്രമം കൊള്ളും. ഫിലിപ്പ് രാജകുമാരന്റെ മൃതദേഹവും ഇതിനടുത്തായി സംസ്കരിക്കും. രാജ്ഞിയുടെ മരണശേഷം അവർക്കടുത്തായി തന്നെയും അടക്കണമെന്ന ഫിലിപ്പിന്റെ ആഗ്രഹം നിറവേറ്റാൻ അദ്ദേഹത്തിന്റെ മൃതദേഹപേടകം ചാപ്പലിൽ പ്രത്യേക അറയിൽ സൂക്ഷിച്ചിരിക്കുകയാണ്.
രാജ്ഞിയുടെ മരണത്തെ തുടർന്ന് പത്തുദിവസത്തെ ദുഃഖാചരണത്തിനാണ് സംസ്കാരത്തോടെ സമാപനമാക്കുക. നൂറിലേറെ രാഷ്ട്രനേതാക്കളുൾപ്പെടെ 2000 പേർ ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യക്ക് വേണ്ടി രാഷ്ട്രപതി ദ്രൗപദി മുർമു ഇഗ്ലണ്ടിലെത്തി ഇന്നലെ ആദരവ് അർപ്പിച്ചിരുന്നു. ബ്രിട്ടനിൽ പൊതു അവധിയാണ് തിങ്കളാഴ്ച.
പാർലമെന്റിന്റെ ഭാഗമായ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നാലുദിവസമായി പൊതുദർശനത്തിനുവെച്ചിരിക്കുന്ന മൃതദേഹത്തിൽ വിവിധ നേതാക്കളും ലക്ഷക്കണക്കിനു നാട്ടുകാരും ആദരമർപ്പിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും അന്തിമോപചാരം അര്‍പ്പിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി, ന്യൂസിലാന്‍ഡ് പ്രസിഡന്റ് ജസീന്ത ആര്‍ഡണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോ, ജർമന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മയര്‍, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌ന്‍, ചൈനീസ് വൈസ് പ്രസിഡന്റ് വാങ് ചിഷാൻ, ജപ്പാന്‍ ചക്രവര്‍ത്തി നാറുഹിതോ, ചക്രവര്‍ത്തിനി മസാകോ, സ്‌പെയിന്‍ രാജാവ് ഫെലിപ്പെ ആറാമന്‍, രാജ്ഞി ലെറ്റിസിയ, ബെല്‍ജിയം രാജാവ് ഫിലിപ്പ്, രാജ്ഞി മറ്റില്‍ഡ, നെതര്‍ലന്‍ഡ് രാജാവ് വില്ല്യം അലക്‌സാണ്ടര്‍, രാജ്ഞി മാക്‌സിമ എന്നിവരും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് ആദരവ് അർപ്പിക്കും.
യുകെയുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളിലെ രാഷ്‌ട്രതലവന്മാര്‍ക്കാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണം. ഉക്രെയ്‌ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യയ്ക്ക് ക്ഷണമില്ല. സിറിയ, വെനസ്വല, അഫ്‌ഗാനിസ്ഥാന്‍, മ്യാന്‍മര്‍, റഷ്യ, ബെലാറുസ് എന്നീ രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാരെയും ക്ഷണിച്ചിട്ടില്ല. ഇറാന്‍, ഉത്തര കൊറിയ, നിക്കരാഗ്വ എന്നീ രാജ്യങ്ങളിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ക്ഷണിക്കപ്പെട്ട 2,000 അതിഥികളും സംസ്കാരം ചടങ്ങിൽ പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.