കാതോലിക്കാ ബാവായുടെ ചിത്രം പതിച്ച സ്റ്റാമ്പ് ഓസ്ട്രേലിയ പുറത്തിറക്കി

കാതോലിക്കാ ബാവായുടെ ചിത്രം പതിച്ച സ്റ്റാമ്പ് ഓസ്ട്രേലിയ പുറത്തിറക്കി

ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് അംഗം പീറ്റര്‍ ഖലീല്‍ പ്രകാശനം ചെയ്യുന്നു

മെല്‍ബണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുടെ ചിത്രം പതിച്ച തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. കാതോലിക്ക ബാവയുടെ മൂന്നുദിവസം നീണ്ടുനിന്ന ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഓസ്ട്രേലിയന്‍ തപാല്‍ വകുപ്പ് തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയത്.

ബാവായുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് മെല്‍ബണ്‍ കത്തീഡ്രലില്‍ ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് അംഗവും മുന്‍ സാംസ്‌കാരിക വകുപ്പ് അധ്യക്ഷനുമായ പീറ്റര്‍ ഖലീല്‍ എം.പി. ബാവായ്ക്ക് നല്‍കി പ്രകാശനം ചെയ്തു.

ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഒരു ഇന്ത്യന്‍ സഭാമേലധ്യക്ഷന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കുന്നത് ആദ്യമാണ്. സ്റ്റാമ്പിന്റെ കോപ്പി ലോകത്തെവിടെനിന്നും ആര്‍ക്കും ഓര്‍ഡര്‍ ചെയ്യാം.

ബ്രിസ്ബനില്‍ പുതുതായി പണി കഴിപ്പിച്ച ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ കൂദാശ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ നടന്നു. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പൊലീത്ത, ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് മെത്രാപ്പൊലീത്ത എന്നിവര്‍ സഹകാര്‍മികരായി.

മെല്‍ബണ്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി എന്നീ ദേവാലയങ്ങളും ബാവാ സന്ദര്‍ശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26