തരൂരിന് തടയിട്ട് മുരളീധരന്‍: നെഹ്‌റു കുടുംബത്തെ അംഗീകരിക്കുന്നവര്‍ക്ക് കേരളത്തിന്റെ പിന്തുണ

തരൂരിന് തടയിട്ട് മുരളീധരന്‍: നെഹ്‌റു കുടുംബത്തെ അംഗീകരിക്കുന്നവര്‍ക്ക് കേരളത്തിന്റെ പിന്തുണ

തിരുവനന്തപുരം: നെഹ്‌റു കുടുംബത്തെ അംഗീകരിക്കുന്നവര്‍ക്കായിരിക്കും കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസുകാരുടെ പിന്തുണയെന്ന് കെപിസിസി പ്രചാരണ സമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍ എംപി. എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിക്കാനുള്ള തീരുമാനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇത് പറഞ്ഞത്. ശശി തരൂരിനൊപ്പം രാജസ്ഥാന്‍ മുഖ്യമന്ത്രിയും നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനുമായ അശോക് ഗെഹ്‌ലോട്ടും മത്സരംഗത്ത് എത്തിയ ശേഷമുള്ള മുരളീധരന്റെ പ്രതികരണം, തന്റെ പിന്തുണ ആര്‍ക്കെന്നതിന്റെ വ്യക്തമായ സൂചനകൂടിയായിരുന്നു.

ശശി തരൂര്‍ മത്സരരംഗത്തേക്ക് വന്ന ശേഷമായിരുന്നു ഗെഹ്‌ലോട്ടിന്റെ രംഗപ്രവേശനം. മത്സരത്തിനില്ലെന്ന് ആദ്യം പറഞ്ഞ ഗെഹ്‌ലോട്ട് പിന്നീട് നിലപാട് തിരുത്തുകയായിരുന്നു. സോണിയാ ഗാന്ധിയുടെ അനുമതിയോടെയാണ് ശശി തരൂര്‍ മത്സരത്തിന് ഇറങ്ങുന്നതെങ്കിലും ഗാന്ധി കുടുംബത്തിന് ഏറെ താല്‍പര്യമുള്ള ഗഹ്‌ലോട്ടിന്റെ വരവ് കേരളത്തില്‍ നിന്നുള്ള ഒരു എഐസിസി പ്രസിഡന്റിന്റെ സാധ്യതയ്ക്ക് തിരിച്ചടിയായി.

രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ പൊതുസ്ഥാനാര്‍ഥിയായി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് തരൂര്‍ താത്പര്യപ്പെട്ടിരുന്നത്. തിരുത്തല്‍വാദിസംഘമായ ജി-23 ന്റെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ടെങ്കിലും ഗെഹ്‌ലോട്ടിന്റെ വരവോടെ ഇവര്‍ക്കിടയില്‍പ്പോലും ഭിന്നാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ അശോക് ഗഹ്ലോട്ടിനോട് സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നതായുള്ള റിപ്പോര്‍ട്ടുകളും തരൂരിന്റെ സാധ്യതകള്‍ മങ്ങലേല്‍പ്പിക്കുന്നതാണ്.

അതേസമയം രാഹുല്‍ഗാന്ധിയെ വീണ്ടും അധ്യക്ഷനായി പ്രഖ്യാപിക്കണമെന്ന മുറവിളിയുമായി കോണ്‍ഗ്രസിന്റെ കൂടുതല്‍ സംസ്ഥാനഘടകങ്ങള്‍ രംഗത്തെത്തി. എട്ട് പിസിസികള്‍ ഈ ആവശ്യവുമായി ഇതിനോടകം പ്രമേയം പാസാക്കി. രാഹുലല്ലാതെ മറ്റാരും വേണ്ടെന്ന പ്രമേയവുമായി രാജസ്ഥാനാണ് ആദ്യം രംഗത്തെത്തിയത്. ഛത്തീസ്ഗഢ്, ഗുജറാത്ത്, തമിഴ്‌നാട്, ബിഹാര്‍, മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍ പിസിസികളും സമാനാവശ്യവുമായി പ്രമേയങ്ങള്‍ അംഗീകരിച്ചു.

അധ്യക്ഷതിരഞ്ഞെടുപ്പിന്റെ സമ്പൂര്‍ണ വോട്ടര്‍പട്ടിക ചൊവ്വാഴ്ച മുതല്‍ എഐസിസിയിലെ തെരഞ്ഞെടുപ്പ് ഓഫീസില്‍ ലഭ്യമാക്കുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. 9000 ലേറെ ആളുകളുടെ പേരുവിവരങ്ങളുള്ള പട്ടിക രാവിലെ 11 മുതല്‍ വൈകീട്ട് ആറുവരെ പരിശോധിക്കാവുന്നതാണ്. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചുകഴിഞ്ഞാല്‍ അവര്‍ക്ക് സമ്പൂര്‍ണ വോട്ടര്‍പട്ടിക നല്‍കുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പുസമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി അറിയിച്ചു. വോട്ടര്‍പട്ടികയെച്ചൊല്ലി ആശങ്കയറിയിച്ച് ശശി തരൂരും നാല് എംപിമാരും നേരത്തേ നേതൃത്വത്തിന് കത്തയച്ചിരുന്നു. തുടര്‍ന്നാണ് വോട്ടെടുപ്പിനുമുമ്പ് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.

24 മുതല്‍ 30 വരെയാണു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ എട്ടാണ്. ഒന്നിലേറെ സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ ഒക്ടോബര്‍ 17നു തെരഞ്ഞെടുപ്പു നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.