കോഴിക്കോട്: നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സംസ്ഥാന വ്യാപകമായി നടന്ന എന്‍ഐഎ പരിശോധനയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ 22 ദേശീയ, സംസ്ഥാന നേതാക്കളാണ് അറസ്റ്റിലായതെന്ന് പിഎഫ്‌ഐ സംസ്ഥാന കമ്മിറ്റി പത്രകുറിപ്പിൽ പറഞ്ഞു.
കേരളത്തിലാണ് ഏറ്റവും കൂടുതല്‍ അറസ്റ്റുണ്ടായത്. പിഎഫ്‌ഐ ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാം, ദേശീയ ജനറല്‍ സെക്രട്ടറി നറുദ്ദീന്‍ എളമരം എന്നിവരുള്‍പ്പെടെയുള്ള നേതാക്കളുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്ത 22 പേരില്‍ എട്ട് പേരുടെ അറസ്റ്റ് ആദ്യം രേഖപ്പെടുത്തിയിരുന്നു. 22ല്‍ 13 പേരെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ നിന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. മറ്റുള്ളവരെ ഇതിനോടകം ഡല്‍ഹിയിലേക്ക് കൊണ്ടുപോയെന്നാണ് വിവരം.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കന്‍മാരുടെ വീടുകളിലും നടന്ന അപ്രതീക്ഷിത റെയ്ഡുകളില്‍ വിദേശ ഫണ്ടിംഗും തീവ്രവാദ ബന്ധവും സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് അറിയുന്നത്. എന്‍ഐഎ, ഇഡി ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കേരള പൊലീസിനെ അറിയിക്കാതെ നടത്തിയ ഓപ്പറേഷനില്‍ കേന്ദ്ര സേനയാണ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയൊരുക്കിയത്.
ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് എൻഐഎ രാജ്യവ്യാപക റെയ്ഡും അറസ്റ്റും ഇന്ന് പുലർച്ചെ ആരംഭിച്ചത്. പതിനൊന്ന് സംസ്ഥാനങ്ങളിൽ നിന്ന് 106 പേരെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. പുലർച്ചെ ഒരു മണിക്ക് തുടങ്ങിയ രഹസ്യ ഓപ്പറേഷൻ പല സംസ്ഥാന സർക്കാരുകളും അറിയാതെയാണ് എൻഐഎ നടപ്പാക്കിയത്. കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കിയാണ് എൻഐഎ ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ട നേതാക്കളുടെ വീടുകളിലും ഓഫീസിലും എത്തിയത്. റെയ്ഡ് നിരീക്ഷിക്കാൻ പലയിടത്തായി ആറ് കൺട്രോൾ റൂമുകൾ തയ്യാറാക്കിയിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഓപ്പറേഷൻ നിരീക്ഷിച്ചുവെന്നാണ് സൂചന. അജിത് ഡോവലും എൻഐഎ ഡിജി ദിനകർ ഗുപ്തയും അമിത് ഷായെക്കുറിച്ചുള്ള വിവരങ്ങൾ നൽകി. പോപ്പുലർ ഫ്രണ്ട് നിരോധനം അമിത് ഷാ വിളിച്ച യോഗം ചർച്ച ചെയ്തു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നു സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ആര്‍എസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ഭരണകൂട വേട്ടക്കെതിരെയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് സംസ്ഥാന കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.