അച്ഛനെയും മകളെയും മര്‍ദ്ദിച്ച കേസ്‌: അന്വേഷണത്തിന് പ്രത്യേക സംഘം; സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി

അച്ഛനെയും മകളെയും മര്‍ദ്ദിച്ച കേസ്‌: അന്വേഷണത്തിന് പ്രത്യേക സംഘം; സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കാട്ടാക്കടയില്‍ അച്ഛനെയും മകളെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം പ്രത്യേക സംഘത്തിന്. കാട്ടാക്കട ഡിവൈഎസ്പി അനിലിന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സംഘത്തിനാണ് അന്വേഷണ ചുമതല കൈമാറിയത്. പ്രതികള്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പ് കൂടി ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

സംഭവം ഞെട്ടിക്കുന്നതാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍. മര്‍ദ്ദനമേറ്റ അച്ഛനെയും മകളെയും നേരില്‍ കണ്ട് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി കെഎസ്ആര്‍ടിസിയ്ക്ക് നിര്‍ദേശം നല്‍കി.

ആക്രമണം നടന്ന ദിവസം തന്നെ വിഷയത്തില്‍ ഹൈക്കോടതി ഇടപ്പെട്ടിരുന്നു. കെഎസ്ആര്‍ടിസി എംഡി സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് മര്‍ദ്ദനമേറ്റവരെ നേരില്‍ കണ്ട് വിശദാംശങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. കേസ് കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ് മകളുടെ മുന്‍പില്‍ വെച്ച് അച്ഛനെ ജീവനക്കാര്‍ മര്‍ദ്ദിച്ചത്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നങ്കിലും നിലവില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിന്റെ ആദ്യ ദിവസം മുതല്‍ പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.

പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടും എഫ്‌ഐആറില്‍ പോലും വിവരം രേഖപ്പെടുത്തിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.