തിരുവനന്തപുരം: വിഴിഞ്ഞം സമര സമിതിയുമായി മന്ത്രിസഭാ ഉപസമിതി ഇന്ന് നടത്തിയ ചര്‍ച്ചയും പരാജയം. ഉന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വ്യക്തമായ ഉറപ്പ് കിട്ടിയില്ലെന്ന് സമര സമിതി നേതാക്കള്‍ പറഞ്ഞു. തുഖമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കില്ലെന്നും സമവായ നിര്‍ദ്ദേശങ്ങളില്‍ തിങ്കളാഴ്ച നിലപാട് അറിയിക്കാമെന്ന് ലത്തീന്‍ സഭ അറിയിച്ചെന്നുമാണ് സര്‍ക്കാരിന്റെ പ്രതികരണം.
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ഇത് ആറാം തവണയാണ് മന്ത്രിമാരും സമര സമിതിയും തമ്മില്‍ ചര്‍ച്ച നടക്കുന്നത്. ഏഴ് ആവശ്യം ഉന്നയിച്ച് നടത്തുന്ന സമരം ഒരു മാസം പിന്നിട്ടു. സമഗ്ര പുനരധിവാസത്തിനും വീട് നഷ്ടപ്പെട്ടവരെ അടിയന്തരമായി വാടക വീടുകളിലേക്ക് മാറ്റാനും സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും നടപടികളില്‍ പുരോഗതിയില്ല.
തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്ന ആവശ്യത്തില്‍ സമരക്കാര്‍ ഉറച്ച് നില്‍ക്കുകയാണ്. തുറമുഖ നിര്‍മ്മാണം നിര്‍ത്തി വച്ച് ഒത്തുതീര്‍പ്പിനില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. വീട് നഷ്ടപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വാടക വീട്ടിലേക്ക് മാറാന്‍ മാസം 5500 വാടക നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും അത് 54 കുടുംബങ്ങള്‍ മാത്രമാണ് സ്വീകരിച്ചത്.
അതിനിടെ പരമ്പരാഗത മത്സ്യതൊഴിലാളികളില്‍ വലിയൊരു വിഭാഗം നഷ്ടപരിഹാര പാക്കേജില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്ന് ആരോപിച്ച് മുസ്ലീം ജമാഅത്ത് ഐക്യ വേദിയും പ്രതിഷേധവുമായി രംഗത്തുണ്ട്. ചെയര്‍മാന്‍ എച്ച്.എ റഹ്മാന്റെ നേത്വത്തില്‍ ഐക്യ വേദി ഭാരവാഹികളും മന്ത്രിതല സമിതിയുമായി ചര്‍ച്ചക്കെത്തി. ജാതിമത ഭേദമില്ലാതെ എല്ലാ മത്സ്യത്തൊഴിലാളികളേയും പാക്കേജിനായി പരിഗണിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.