ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ഗൂഢാലോചന കേസിലെ ഹര്‍ജികള്‍ കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കെ.എം ജോസഫ് പിന്മാറി. ഗൂഢാലോചനയില്‍ പ്രതികളായവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് എതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നാണ് ജസ്റ്റിസ് കെ.എം ജോസഫ് പിന്മാറിയത്. താന്‍ അംഗമല്ലാത്ത ബെഞ്ചിന് മുമ്പാകെ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്യാന്‍ അദ്ദേഹം ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.
ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി ശ്രീകുമാര്‍, മുന്‍ ഡിജിപി സിബി മാത്യൂസ്, എസ്. വിജയന്‍, തമ്പി എസ്. ദുര്‍ഗാദത്ത്, പി.എസ് ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ഈ ഹര്‍ജികള്‍ നേരത്തെ പരിഗണിച്ചിരുന്നത് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ആയിരുന്നു.
ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ വിരമിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജികള്‍ ഇന്ന് ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിരുന്നത്. ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഒന്ന് ജസ്റ്റിസ് കെ.എം ജോസഫ് ഹൈക്കോടതി ജഡ്ജി ആയിരുന്നപ്പോള്‍ പരിഗണിച്ചിരുന്നു. ഈസാഹചര്യത്തിലാണ് ജസ്റ്റിസ് ജോസഫ് ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയതെന്നാണ് സൂചന.
അതേസമയം ഹര്‍ജികള്‍ പരിഗണിക്കുന്നത് നിരന്തരം മാറ്റിവെക്കുന്നതിലുള്ള അതൃപ്തി ആര്‍.ബി ശ്രീകുമാറിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ഇന്ന് കോടതിയെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.