ഭീകര സംഘടനയെ ഇല്ലാതാക്കണം: പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തില്‍ കൈപ്പത്തി നഷ്ടമായ പ്രൊഫ. ടി.ജെ. ജോസഫ്

ഭീകര സംഘടനയെ ഇല്ലാതാക്കണം: പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തില്‍ കൈപ്പത്തി നഷ്ടമായ പ്രൊഫ. ടി.ജെ. ജോസഫ്

കൊച്ചി: ദേശീയ സുരക്ഷ കണക്കിലെടുത്ത് പോപ്പുലര്‍ ഫ്രണ്ട് എന്ന ഭീകര സംഘടനയെ ഇല്ലാതാക്കേണ്ടത് പ്രധാനമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തില്‍ കൈപ്പത്തി നഷ്ടമായ പ്രൊഫസര്‍ ടി.ജെ. ജോസഫ്.

പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടികളും പ്രവര്‍ത്തനങ്ങളും വിവിധ ഭീകര പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തവും സൂചിപ്പിക്കുന്നത് അവര്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണെന്നും വര്‍ഷങ്ങളായി നിരവധി ആക്രമണങ്ങളില്‍ അവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പ്രൊഫ.ടി.ജെ. ജോസഫ് പറഞ്ഞു.

മകനൊപ്പം ഇപ്പോള്‍ ന്യൂസിലാന്‍ഡില്‍ കഴിയുന്ന പ്രൊഫ. ടി.ജെ ജോസഫ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയും അംഗങ്ങളെ അഴിക്കുള്ളില്‍ പൂട്ടുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും പ്രൊഫ.ജോസഫ് പറഞ്ഞു.

കോളജിലെ ക്ലാസ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കിയപ്പോള്‍ പ്രവാചകനെയും ഖുര്‍ ആനെയും നിന്ദിച്ചുവെന്നാരോപിച്ച് തീവ്ര ഇസ്ലാമിക് സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘം 2010 ലാണ് തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രൊഫസറായിരുന്ന ടി.ജെ ജോസഫിന്റെ വലത് കൈ വെട്ടി എറിഞ്ഞത്.

ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കുടുബസമേതം മടങ്ങുമ്പോള്‍ കാര്‍ തടഞ്ഞു നിര്‍ത്തി ഭാര്യയുടെയും അമ്മയുടെയും മുന്നില്‍ വച്ചാണ് അക്രമികള്‍ പ്രൊഫ.ജോസഫിനെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

തന്റെ നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ താഴെത്തട്ടിലുള്ള പിഎഫ്‌ഐ അംഗങ്ങളാണ്. ആക്രമണം നടത്താന്‍ ഉത്തരവിട്ട പിഎഫ്ഐയുടെ തലപ്പത്തുള്ളവരും സൂത്രധാരന്മാരും എങ്ങനെയാണ് യഥേഷ്ടം വിഹരിക്കുന്നതെന്ന് തനിക്കറിയാമെന്നും ജോസഫ് പറയുന്നു.

പുസ്തകമെഴുത്തും വായനയുമായി കഴിയുന്ന അദ്ദേഹം 'അറ്റു പോകാത്ത ഓര്‍മ്മകള്‍' എന്ന പേരില്‍ എഴുതിയ ആത്മകഥ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന് അര്‍ഹമായിരുന്നു. അറ്റു പോയ വലതു കൈപ്പത്തി തുന്നിച്ചേര്‍ത്തെങ്കിലും ഉപയോഗയോഗ്യമല്ലാത്തതിനാല്‍ ഇടതു കൈ ഉപയോഗിച്ചാണ് ഇപ്പോള്‍ എഴുതുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.