കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ രാജ്യത്ത് നിരോധിത സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കേസന്വേഷണവുമായി ബന്ധപ്പെട്ട വിശദ റിപ്പോര്‍ട്ട് എന്‍ഐഎ ഡയറക്ടര്‍ ദിന്‍കര്‍ ഗുപ്ത വരും ദിവസങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാകും സംഘടനയെ നിരോധിക്കുന്നത് സംബന്ധിച്ച് തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുക. 2017 നും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ എന്‍ഐഎ നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാജ്യ വ്യാപകമായി നടന്ന റെയ്ഡില്‍ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്ത പിഎഫ്ഐ നേതാക്കളെ പല കേന്ദ്രങ്ങളിലായി ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ)യും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡ്) ചോദ്യം ചെയ്തു വരികെയാണ്. ഇവരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ റെയ്ഡുകളും അറസ്റ്റുകളും ഉണ്ടായേക്കും. മാത്രമല്ല അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) മുന്‍ ചെയര്‍മാന്‍ ഇ.അബൂബക്കര്‍ ഉള്‍പ്പെടെ 18 പേര്‍ക്കെതിരെ യുഎപിഎ അടക്കമുള്ള കടുത്ത കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
മതപരമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഫണ്ട് സ്വരൂപിച്ചതായും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ പ്രേരിപ്പിച്ചതായും കണ്ടെത്തിയതിന് പിന്നാലെയണ് സംഘടനയെ നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാജ്യത്ത് സാഹോദര്യത്തില്‍ കഴിയുന്ന സമുദായങ്ങള്‍ക്കിടയില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘര്‍ഷം സൃഷ്ടിക്കുന്നതായും അന്വേഷണ ഏജന്‍സി ആരോപിക്കുന്നുമുണ്ട്. ഇത്തരം കാര്യങ്ങള്‍ വിശകലനം ചെയ്താല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്നത് തള്ളിക്കളയാനാവില്ലെന്നും ഉന്നത വൃത്തങ്ങള്‍ പറയുന്നു.
10 സംസ്ഥാനങ്ങളില്‍ നിന്ന് 106 പേരെയാണ് ഒറ്റ ദിവസത്തെ രാജ്യ വ്യാപക റെയ്ഡില്‍ അറസ്റ്റ് ചെയ്തത്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ അറസ്റ്റുണ്ടായിരിക്കുന്നത്. ദേശീയ, സംസ്ഥാന നേതാക്കളടക്കം 22 പേരെ സംസ്ഥാനത്ത് നിന്ന് അറസ്റ്റ് ചെയ്തു. സംഘടനയുടെ സ്ഥാപ നേതാക്കള്‍ അടക്കം അറസ്റ്റിലായിട്ടുണ്ട്. രാജ്യത്ത് ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കുന്നതിന് ഗൂഡാലോചന നടത്തി എന്നതടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് ഇവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍ഐഎ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കോഴിക്കോട്ടുള്ള സംസ്ഥാന ഓഫീസിലും ജില്ലാ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത രേഖകളില്‍ ഇതു സംബന്ധിച്ചുള്ള തെളിവുകള്‍ ഉണ്ടായിരുന്നതായും ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലായായിരുന്നു റെയ്ഡ്. അറസ്റ്റിലായവരില്‍ 11 പേരൊഴികെയുള്ള നേതാക്കളെ ട്രാന്‍സിറ്റ് റിമാന്‍ഡ് നടപടിക്രമങ്ങള്‍ക്ക് ശേഷം ഡെല്‍ഹിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ കൊച്ചി എന്‍ഐഎ കോടതി ഇവിടെ റിമാന്‍ഡ് ചെയ്തു. നാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇവരെ എന്‍ഐഎ കസ്റ്റഡിയില്‍ ആവശ്യപ്പെടും.
ഹത്രാസ് സംഭവത്തിന് ശേഷം വര്‍ഗീയ കലാപങ്ങള്‍ ഇളക്കിവിടാനും ഭീകരത പടര്‍ത്താനും പിഎഫ്ഐ അംഗങ്ങള്‍ ശ്രമിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളിലൂടെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനും ഇവര്‍ ശ്രമിച്ചു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ യാസര്‍ ഹസനും (യാസര്‍ അറഫാത്ത്) മറ്റു ചിലരും തീവ്രവാദ പ്രവര്‍ത്തനത്തിനു യുവാക്കളെ സജ്ജരാക്കാന്‍ ആയുധ പരിശീലന ക്യാംപുകള്‍ സംഘടിപ്പിച്ചെന്നും എന്‍ഐഎ ആരോപിച്ചു. പ്രഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയത്, മറ്റു മതസംഘടനകളിലെ അംഗങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍, സ്‌ഫോടകവസ്തുക്കളുടെ ശേഖരണം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവൃത്തികള്‍ ജനമനസില്‍ ഭീതി വിതച്ചതായും എന്‍ഐഎ കോടതിയില്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 19 കേസുകളാണ് എന്‍ഐഎ അന്വേഷിക്കുന്നത്. രാജ്യവ്യാപകമായി ആദ്യമായാണ് ഇത്തരത്തില്‍ വിപുലമായ റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിന് പുറമെ മഹാരാഷ്ട്ര, കര്‍ണാടക (20 വീതം), തമിഴ്നാട് (10), അസം (ഒന്‍പത്), ഉത്തര്‍പ്രദേശ് (എട്ട്), ആന്ധ്രാപ്രദേശ് (അഞ്ച്), മധ്യപ്രദേശ് (നാല്) പുതുച്ചേരിയും ഡല്‍ഹിയും (മൂന്ന് വീതം), രാജസ്ഥാന്‍ (രണ്ട്) എന്നിവിടങ്ങളില്‍ നിന്നും നേതാക്കള്‍ അറസ്റ്റിലായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.