ലഷ്‌കര്‍-ഇ-ത്വയ്ബ നേതാവിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടഞ്ഞ് ചൈന; നീക്കം മൂന്നാം തവണ

ലഷ്‌കര്‍-ഇ-ത്വയ്ബ നേതാവിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടഞ്ഞ് ചൈന; നീക്കം മൂന്നാം തവണ

ന്യൂഡല്‍ഹി: വീണ്ടും പാക് ഭീകരതയ്ക്ക് പിന്തുണ നല്‍കി ചൈന. പാകിസ്ഥാന്‍ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബയുടെ നേതാവായ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കങ്ങള്‍ ഇന്ത്യ ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ചൈന നീക്കം തടയുകയായിരുന്നു. ഇന്ത്യയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ചൈനയുടെ നീക്കം.

കഴിഞ്ഞ ജൂണിനു ശേഷം ഇതു മൂന്നാം തവണയാണ് പാക്ക് ഭീകരരെ വിലക്കു പട്ടികയിലാക്കാനുളള ഇന്ത്യയുടെയും യുഎസിന്റെയും ശ്രമങ്ങള്‍ ചൈന തടയുന്നത്. എന്നാല്‍ ഇതിന് ശേഷം ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ ഭീകരതയെ ചെറുക്കാനുള്ള പ്രസ്താവനയില്‍ ഇന്ത്യയ്ക്കൊപ്പം ചൈനയും ഒപ്പുവെച്ചിരുന്നു.

2008 മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളിലൊരാളാണ് സാജിദ് മിര്‍. ഭീകരര്‍ക്കു സാമ്പത്തിക സഹായം നല്‍കിയതിന്റെ പേരില്‍ രാജ്യാന്തര സാമ്പത്തിക നിരീക്ഷകരായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് പാകിസ്ഥാന് ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാനായി ആഴ്ചകള്‍ക്ക് മുന്‍പ് ഇയാളെ 15 വര്‍ഷത്തേയ്ക്ക് തടവിന് ശിക്ഷിച്ചു.

ഭീകരര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന എഫ്എടിഎഫിന്റെ നിബന്ധന പാലിക്കാനായിരുന്നു ഇത്. എന്നാല്‍ ഇയാള്‍ മരിച്ചെന്നാണ് പാകിസ്ഥാന്‍ അടുത്തിടെ വരെ പറഞ്ഞിരുന്നത്.

കഴിഞ്ഞ മാസം പാക്ക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ അബ്ദുല്‍ റഊഫ് അസ്ഹര്‍, ജൂണില്‍ അബ്ദുല്‍ റഹ്മാന്‍ മക്കി എന്നിവരെ ആഗോളഭീകരരായി പ്രഖ്യാപിക്കാനുള്ള നീക്കവും രക്ഷാ സമിതിയില്‍ ചൈന തടഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.