നൈജീരിയയില്‍ രണ്ടു പള്ളികള്‍ക്കു നേരെ ആക്രമണം; എണ്‍പതിലധികം ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

നൈജീരിയയില്‍ രണ്ടു പള്ളികള്‍ക്കു നേരെ ആക്രമണം; എണ്‍പതിലധികം ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

അബുജ: നൈജീരിയയില്‍ ക്രൈസ്തവര്‍ക്കു നേരേ തീവ്രവാദികളായ ഫുലാനി ഇടയന്മാരുടെ ക്രൂരത വീണ്ടും. രണ്ട് പള്ളികളില്‍ സായുധരായ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെതുടര്‍ന്ന് 80-ലധികം ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയതായി മോണിംഗ് സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 17 ന്, നൈജര്‍ സംസ്ഥാനത്തെ സുലേജ നഗരത്തിലുള്ള ചെറൂബിം ആന്‍ഡ് സെറാഫിം പള്ളിയില്‍ ഫുലാനി തീവ്രവാദികള്‍ അതിക്രമിച്ചു കയറുകയും രാത്രിയില്‍ ശുശ്രൂഷയ്ക്കായി ഒത്തുകൂടിയ നിരവധി വിശ്വാസികളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കിയിരുന്ന പാസ്റ്റര്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളെയാണ് തട്ടിക്കൊണ്ടു പോയത്.

സുലേജയിലെ ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്, നൈജീരിയയിലെ കടുന സംസ്ഥാനത്തുള്ള മറ്റൊരു ചെറൂബിം ആന്‍ഡ് സെറാഫിം പള്ളിയിലും രാത്രി പ്രാര്‍ത്ഥനയ്ക്കിടെ ആക്രമണം നടന്നിരുന്നു. ഇവിടെനിന്ന് കുറഞ്ഞത് 57 ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോയതായി മോണിംഗ് സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതില്‍ ഒരു ഡസനിലധികം പേര്‍ രക്ഷപ്പെട്ടു. 43 പേര്‍ ബന്ദികളാക്കപ്പെട്ടതായി നൈജീരിയയിലെ ക്രിസ്ത്യന്‍ അസോസിയേഷന്‍ കടുന സംസ്ഥാന ചെയര്‍മാന്‍ റവ. ജോണ്‍ ജോസഫ് ഹയാബ് പറഞ്ഞു. 200 മില്യണ്‍ നൈറ അഥവാ 465,294 ഡോളറാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്.

സാക്ഷി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അക്രമികള്‍ ഫുലാനി ഇടയന്മാരാണെന്ന് തിരിച്ചറിഞ്ഞത്.

രക്തസാക്ഷികളായ ക്രൈസ്തവരുടെ എണ്ണത്തില്‍ നൈജീരിയ ആഗോളതലത്തില്‍ ഒന്നാമതാണ്. സര്‍ക്കാരിതര ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ കണക്കനുസരിച്ച് 2021ല്‍ മാത്രം നൈജീരിയയില്‍ 4,650 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു. ഫുലാനി ഇടയന്മാര്‍ക്ക് പുറമേ, നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും നേരെ ബോക്കോ ഹറാം,
ഇസ്ലാമിക് സ്റ്റേറ്റ് പശ്ചിമാഫ്രിക്ക പ്രവിശ്യ എന്നീ ഭീകര സംഘടനകളും ആക്രമണങ്ങള്‍ അഴിച്ചുവിടാറുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.