ടോക്കിയോ: ജപ്പാനില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ചെലവഴിക്കാനൊരുങ്ങുന്നത് ഭീമമായ തുക. ജൂലൈയില്‍ കൊല്ലപ്പെട്ട ഷിന്‍സോ ആബേയുടെ സംസ്‌കാര ചടങ്ങുകള്‍ അടുത്ത ആഴ്ച നടക്കുമെന്നാണ് സൂചന.
ഏകദേശം 94 കോടിയിലധികം രൂപയാണ് (1.66 ബില്യണ്‍ യെന്‍) ചടങ്ങിനായി ചെലവഴിക്കുന്നത്. ഇത് എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കു ബ്രിട്ടണ്‍ ചെലവാക്കിയ തുകയേക്കാള്‍ അധികം വരുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
അതേസമയം, സംസ്‌കാര ചടങ്ങുകള്‍ക്കായി വന്‍ തുക ചെലവഴിക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ രാജ്യത്ത് വന്‍ വിമര്‍ശനമാണ് ഉയരുന്നത്.
ജൂലൈ എട്ടിന് നരാ നഗരത്തില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് ഷിന്‍സോ ആബേയെ (67) അക്രമി വെടിവച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ച ഷിന്‍സോ ആബേയുടെ മരണം ഏഴ് മണിക്കൂറിന് ശേഷമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
പൊതുവിനിയോഗ ഫണ്ടുപയോഗിച്ച് മുന്‍ പ്രധാനമന്ത്രിയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ജപ്പാനില്‍ ഇതിനോടകം പ്രതിഷേധസമരങ്ങളും അരങ്ങേറിക്കഴിഞ്ഞു. ടോക്കിയോ ഒളിമ്പിക്‌സിനായി 13 ബില്യണ്‍ യെന്‍ ചെലവാക്കിയതും ധാരാളിത്തമാണെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. ഒളിമ്പിക്‌സിനായി നേരത്തെ നിശ്ചയിച്ചതിലും ഇരട്ടിയാണ് ചെലവായ തുക.
ആബേയുടെ സംസ്‌കാരച്ചടങ്ങുകള്‍ സര്‍ക്കാര്‍ ചെലവില്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപം ഒരാള്‍ സ്വയം തീകൊളുത്തുകയും ചെയ്തിരുന്നു.
ടോക്കിയോ ആസ്ഥാനമായ ഇവന്റ് ഓര്‍ഗനൈസര്‍ കമ്പനി മുറായാമയ്ക്കാണ് ഷിന്‍സൊ ആബേയുടെ സംസ്‌കാരച്ചടങ്ങുകളുടെ കരാര്‍ നല്‍കിയിരിക്കുന്നതെന്നു ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജപ്പാന്‍ സൈന്യത്തെ ആധുനികവല്‍കരിച്ചതും ആയുധ പ്രതിരോധ ശേഷി വര്‍ധിപ്പിച്ചതും ആബെ ഭരണത്തിലിരിക്കുമ്പോഴാണ്. ഇതിനെതിരെ രാജഭരണാനുകൂലികളുടേയും ആയുധ വിരുദ്ധരുടേയും വന്‍ പ്രതിഷേധം നടന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.