തിരുവനന്തപുരം: കോളജ് പ്രിന്‍സിപ്പല്‍മാരായി സംഘടനാ നേതാക്കളെ തിരുകി കയറ്റാന്‍ സര്‍ക്കാര്‍ ശ്രമം. സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ യു.ജി.സി നിർദേശിച്ച യോഗ്യതയുള്ളവരുടെ പ്രിൻസിപ്പൽ നിയമനത്തിന് തടയിട്ടിരിക്കുകയാണ് ഭരണാനുകൂല അധ്യാപക സംഘടനകൾ. യോഗ്യതയുള്ളവരുടെ പട്ടികക്ക് അംഗീകാരം നൽകി ഉത്തരവിറക്കാൻ ഉന്നത വിദ്യാഭ്യാസമന്ത്രി തയാറായിട്ടില്ല.
സർക്കാർ അനുകൂല സംഘടനയിലുള്ളവരുടെ സമ്മർദത്തിന് വഴങ്ങി കോളജ് പ്രിൻസിപ്പൽ നിയമനംപോലും വർഷങ്ങളായി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് ആക്ഷേപം. യൂജിസി യോഗ്യതയുള്ള വേണ്ടപ്പെട്ടവര്‍ ഇടതു അനുകൂല സംഘടനയില്‍ കുറവായതാണ് നിയമനങ്ങള്‍ നീണ്ടു പോകാന്‍ കാരണമെന്നും ആരോപണമുണ്ട്.
55 ആർട്സ് ആൻഡ് സയൻസ് കോളജുകൾ, രണ്ട് ട്രെയിനിങ് കോളജുകൾ, ഒരു ഫിസിക്കൽ എജുക്കേഷൻ കോളജ് ഉൾപ്പെടെ 58 സർക്കാർ കോളജുകളിലാണ് വർഷങ്ങളായി പ്രിൻസിപ്പൽ തസ്തിക ഒഴിഞ്ഞു കിടക്കുന്നത്.
യൂജിസി വ്യവസ്ഥ പ്രകാരം യോഗ്യതയുള്ളവരെ സ്ഥിരം പ്രിന്‍സിപ്പല്‍മാരായി നിയമിക്കാണമെന്ന അഡ്മിന്സ്ട്രേറ്റീവ് ട്രിബ്യുനലിന്റെ ഉത്തരവ് അവഗണിച്ചാണ് നിയമനം വൈകിക്കുന്നത്. ഇടത് സംഘടനകള്‍ക്ക് താല്‍പ്പര്യമുള്ള അധ്യാപകര്‍ക്ക് പ്രിന്‍സിപ്പല്‍മാരുടെ ചാര്‍ജ് നല്‍കികൊണ്ടുള്ള നടപടി ഈ അക്കാഡമിക് വര്‍ഷവും തുടരുകയാണ്.
കോളജ് പ്രിൻസിപ്പൽ നിയമനത്തിനായി പരിഗണിച്ച 120 അപേക്ഷകരിൽ യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുള്ള 43 പേരെ പ്രിൻസിപ്പൽമാരായി നിയമിക്കാൻ കോളജ് വിദ്യാഭ്യാസ വകുപ്പും പി.എസ്.സിയും സർക്കാറിന് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാൽ നിയമനത്തിന് തയാറാക്കിയ പട്ടികയിൽ സംഘടന നേതാക്കൾക്ക് കടന്നുകൂടാൻ കഴിയാത്തതിനാൽ രണ്ടു മാസമായി നിയമന ഉത്തരവിറക്കാൻ സർക്കാർ തയാറായിട്ടില്ല.
സ്ഥിരം പ്രിൻസിപ്പൽമാരില്ലാത്തതിനാൽ സീനിയർ അധ്യാപകർക്കാണ് പ്രിൻസിപ്പൽമാരുടെ താൽക്കാലിക ചുമതല. സംഘടന നേതാക്കളെ യു.ജി.സി വ്യവസ്ഥകൾ ഇളവു ചെയ്ത് പ്രിൻസിപ്പൽമാരായി നിയമിക്കുന്നതിനാണ് നിയമനം വൈകിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.
ഗവേഷണ ബിരുദവും 15 വർഷത്തെ അധ്യാപന പരിചയവും യു.ജി.സി അംഗീകൃത ജേണലുകളിൽ 10 പ്രസിദ്ധീകരണങ്ങളും 110 പോയൻറ് ഗവേഷണ സ്കോറുമാണ് പ്രിൻസിപ്പൽ നിയമനത്തിനുള്ള യോഗ്യത. എന്നാൽ മന്ത്രിയുടെമേൽ സമ്മർദം ചെലുത്തി 15 വർഷത്തെ അധ്യാപന പരിചയം എന്നത് അധ്യാപന സർവിസായി ഭേദഗതി ചെയ്ത് ഉത്തരവ് ഇറക്കിയെങ്കിലും യു.ജി.സി വ്യവസ്ഥക്ക് വിരുദ്ധമായി പ്രിൻസിപ്പൽ നിയമന പട്ടികയിൽ മാറ്റംവരുത്താൻ കോളജ് വിദ്യാഭ്യാസ വകുപ്പ് തയാറായിട്ടില്ല.
പ്രിൻസിപ്പൽ നിയമനം വൈകുന്നത് പി.എസ്.സി റാങ്ക് പട്ടികയിൽനിന്നുള്ള അസി. പ്രഫസർ നിയമനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
അതേസമയം യു.ജി.സി യോഗ്യതയുള്ളവരെ മാത്രമേ പ്രിൻസിപ്പലായി നിയമിക്കാവൂവെന്നും നിയമനം നീട്ടിക്കൊണ്ടുപോകുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.