കമലാ ഹാരിസിന്റെ ദക്ഷിണ കൊറിയ സന്ദര്‍ശനം: ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് ഉത്തര കൊറിയയുടെ പ്രകോപനം

കമലാ ഹാരിസിന്റെ ദക്ഷിണ കൊറിയ സന്ദര്‍ശനം: ബാലിസ്റ്റിക് മിസൈല്‍  വിക്ഷേപിച്ച് ഉത്തര കൊറിയയുടെ പ്രകോപനം

സിയോള്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ദക്ഷിണ കൊറിയ സന്ദര്‍ശനത്തിനു മുന്നോടിയായി ആണവ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് ഉത്തരകൊറിയ. ഞായറാഴ്ച്ച രാവിലെയാണ് ഉത്തര കൊറിയ വടക്കന്‍ പ്യോങ്യാന്‍ പ്രവിശ്യയില്‍ നിന്നും കടലിലേക്ക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടതെന്ന് ദക്ഷിണ കൊറിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നു. ദക്ഷിണ കൊറിയയുമായി സംയുക്ത അഭ്യാസത്തില്‍ പങ്കെടുക്കാന്‍ ആണവ ശക്തിയുള്ള അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ എത്തിയതിനു തൊട്ടു പിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രകോപനപരമായ നീക്കം. മാത്രമല്ല, കമലാ ഹാരിസ് ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തിരിക്കുന്നത്.

അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ ദക്ഷിണ കൊറിയയില്‍ എത്തിയതിന് പിന്നാലെയാണ് വിക്ഷേപണം.

ഉത്തര കൊറിയ നടത്തിയ മിസൈല്‍ വിക്ഷേപണം ഗുരുതരവും പ്രകോപനപരവുമായ പ്രവൃത്തിയാണെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു. ബാലിസ്റ്റിക്, ആണവായുധ പരീക്ഷണങ്ങളില്‍ നിന്നെല്ലാം ഉത്തരകൊറിയയെ യു.എന്‍ വിലക്കിയിട്ടുണ്ട്. എന്നാല്‍ വിലക്കുകളെ മറികടന്ന് പലവട്ടം ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തി. 60 കിലോമീറ്റര്‍ ഉയരത്തില്‍ 600 കിലോമീറ്ററോളം ദൂരം ഉത്തര കൊറിയ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ സഞ്ചരിച്ചുവെന്നാണ് ദക്ഷിണ കൊറിയന്‍ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളുടെ സൈന്യം പൂര്‍ണസജ്ജമാണെന്നും നിരീക്ഷണവും ജാഗ്രതയും ശക്തിപ്പെടുത്തുന്നതിന് അമേരിക്കയുടെ സഹായം ലഭിക്കുന്നുണ്ടെന്നും ദക്ഷിണ കൊറിയ പ്രതികരിച്ചു.

ജപ്പാന്റെ കോസ്റ്റ് ഗാര്‍ഡും ബാലിസ്റ്റിക് വിക്ഷേപണം സ്ഥിരീകരിച്ചു. സമുദ്രത്തിലൂടെ സഞ്ചിരിക്കുന്ന കപ്പലുകള്‍ക്ക് ജപ്പാന്‍ സൈന്യം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ജൂണ്‍ മാസത്തിലും അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ ഉള്‍പ്പെടുന്ന ആദ്യത്തെ സംയുക്ത അഭ്യാസം സിയോളും വാഷിങ്ടണും പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.