'മലരേ മൗനമാ...'; ആ അനശ്വര ശബ്ദം നിലച്ചിട്ട് രണ്ട് ആണ്ട്

'മലരേ മൗനമാ...'; ആ അനശ്വര ശബ്ദം നിലച്ചിട്ട് രണ്ട് ആണ്ട്

സംഗീത പ്രേമികളുടെ അനശ്വര ശബ്ദം നിലച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം. എസ്.പി ബാലസുബ്രഹ്മണ്യം എന്ന അനശ്വര ഗായകന്റെ വേർപാട്  സംഗീത പ്രേമികള്‍ക്ക് തീരാ നോവാണ്. അദ്ദേഹത്തിന്റെ ശബ്ദത്തിലും ഈണത്തിലും ഇനി ഒരു പാട്ട് ഉണ്ടാകില്ല എന്നതാണ് ആരാധകര്‍ക്ക് വേദന സമ്മാനിക്കുന്നത്. കോവിഡ് കവര്‍ന്ന ഏറ്റവും വിലപ്പിടിപ്പുള്ള നഷ്ടങ്ങളിലൊന്നായിരുന്നു എസ്പിബി. മരണത്തിനപ്പുറവും അദ്ദേഹം പാടിയ പാട്ടുകള്‍ മണ്ണിനെയും മനുഷ്യനെയും ഇപ്പോഴും തഴുകി കൊണ്ടിരിക്കുന്നു.

ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ആരാധകരെ സൃഷ്ടിച്ച ഗായകനായിരുന്നു എസ്.പി.ബാലസുബ്രഹ്മണ്യം. എസ്പിബിയെ ഓര്‍ക്കാന്‍ പ്രത്യേകിച്ച് ഒരു ഭാഷ ആവശ്യമില്ല. തുളുവും സംസ്‌കൃതവുമടക്കം 16ലധികം ഭാഷകളിലാണ് എസ്പിബിയുടെ മധുര ശബ്ദം അലിഞ്ഞു ചേര്‍ന്നിരിക്കുന്നത്. 40,000ലധികം പാട്ടുകളാണ് അദ്ദേഹത്തിന്റെ ശബ്ദത്തില്‍ പുറത്തു വന്നത്.

അദ്ദേഹത്തിന്റെ പാട്ടുകളില്‍ എല്ലാം തലമുറകളുടെ പ്രണയ വിരഹ വിഷാദ ഭാവങ്ങള്‍ അലയടിച്ചിരുന്നു. രാജ്യം പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ചിരുന്നു. പാട്ടുകള്‍ക്കൊപ്പം, എസ്പിബി ജനങ്ങളുടെ മനസില്‍ കുടിയിരിക്കാന്‍ മറ്റൊരു കാരണം അദ്ദേഹത്തിന്റെ വിനയവും സൗമ്യതയുമാണ്.

ശങ്കരാ നാദശരീരാ പരാ, കേളടി കണ്മണി, സുന്ദരീ കണ്ണാല്‍ ഒരു സെയ്തി, മലരേ മൗനമാ, മാങ്കുയിലെ പൂങ്കുയിലേ, താരാപഥം, പാല്‍നിലാവിലെ, ഊട്ടിപ്പട്ടണം, തേരെ മേരെ ബീച്ച് മേ, ബഹുത് പ്യാര്‍ കര്‍ത്തി, ദില്‍ ദീവാന, മുത്തുമണി മാലെയ്, എന്‍ വീട്ടു തൊട്രത്തില്‍, എന്‍ കാതലെ എന്‍ കാതലെ എന്നിങ്ങനെ എസ്പിബി പാടിയ പാട്ടുകള്‍ ഓരോന്നും ആരാധകര്‍ കാതു കൊണ്ടല്ല ഹൃദയം കൊണ്ടാണ് കേട്ടത്. എസ്.പി.ബാലസുബ്രഹ്മണ്യം എന്ന അത്ഭുത ഗായകന്‍ ജീവന്‍ തുടിക്കുന്ന ഗാനങ്ങളിലൂടെ ഇന്നും ജനമനസുകളില്‍ ജീവിക്കുന്നു...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.