സിഡ്‌നി: ഓസ്‌ട്രേലിയയിലെ ടെലികോം ഭീമനായ ഒപ്റ്റസിനു നേരെ നടന്ന സൈബര്‍ ആക്രമണത്തെതുടര്‍ന്ന് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ നടപടിക്കൊരുങ്ങി ഫെഡറല്‍ സര്‍ക്കാര്‍. രാജ്യത്തെ ഏറ്റവും വലിയ സൈബര്‍ സുരക്ഷാ ലംഘനത്തില്‍ 9.8 ദശലക്ഷം ഓസ്ട്രേലിയക്കാരുടെ സ്വകാര്യ വിവരങ്ങളാണ് ഹാക്കര്‍മാര്‍ മോഷ്ടിച്ചതെന്നാണ് അനുമാനം. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രി ഉടന്‍ പുതിയ സുരക്ഷാ നടപടികള്‍ പ്രഖ്യാപിക്കുമെന്നാണു സൂചന.
ശനിയാഴ്ച, ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒനീല്‍ ഉള്‍പ്പെടെയുള്ള ഫെഡറല്‍ മന്ത്രിമാര്‍ ഓസ്ട്രേലിയന്‍ സിഗ്‌നല്‍ ഡയറക്ടറേറ്റുമായും സൈബര്‍ സെക്യൂരിറ്റി സെന്ററുമായും സൈബര്‍ ആക്രമണം സംബന്ധിച്ച് ചര്‍ച്ച നടത്തി. പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്.
ഉപയോക്താക്കളുടെ പേരുകള്‍, ജനനത്തീയതി, ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍, വീട്ടു വിലാസം, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് നമ്പറുകള്‍, മറ്റ് തിരിച്ചറിയല്‍ രേഖകളുടെ നമ്പറുകള്‍ തുടങ്ങിയവ ചോര്‍ന്നതായാണ് ഒപ്റ്റസ് വ്യക്തമാക്കിയത്.
വരും ദിവസങ്ങളില്‍ പുതിയ നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ് എ.ബി.സി അടക്കമുള്ള ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുപ്രകാരം, ഒപ്റ്റസ് പോലെയുള്ള ഒരു കമ്പനിയില്‍ ഡാറ്റാ ചോര്‍ച്ച സംഭവിക്കുമ്പോള്‍ ഇനിമുതല്‍ ബാങ്കുകളെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളെയും വളരെ വേഗത്തില്‍ അറിയിക്കും. അങ്ങനെ ചെയ്യുമ്പോള്‍ ഹാക്കര്‍മാര്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് ആക്സസ് ലഭിക്കാന്‍ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കാനാവില്ല.
ഉപഭോക്തൃ വിവരങ്ങള്‍ ബാങ്കുകള്‍ക്ക് കൈമാറാന്‍ ഒപ്റ്റസിനോട് നിര്‍ദ്ദേശിക്കും. ഇതിലൂടെ സുരക്ഷ മെച്ചപ്പെടുത്താനും സ്വകാര്യ വിവരങ്ങള്‍ മോഷ്ടിച്ച ഹാക്കര്‍മാരെ നിരീക്ഷിക്കാനും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കു കഴിയും.
ഓസ്ട്രേലിയന്‍ കമ്പനികള്‍ തങ്ങളുടെ ഉപഭോക്താക്കളുടെ ഡാറ്റ സംരക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി.
അതേസമയം, സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റേക്കാം എന്ന ആശങ്കയെതുടര്‍ന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് ഇന്റര്‍നെറ്റില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്ന ഇടമായ ഡാര്‍ക്ക് വെബ് ഉള്‍പ്പെടെ നിരീക്ഷിച്ചുവരികയാണ്.
സൈബര്‍ ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം ഇതുവരെ അറിവായിട്ടില്ലെങ്കിലും, അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഒപ്റ്റസ് ചീഫ് എക്സിക്യൂട്ടീവ് കെല്ലി ബയര്‍ റോസ്മറിന്‍ പറഞ്ഞു.
ഡാര്‍ക്ക് വെബ്: ഇന്റര്‍നെറ്റിലെ അധോലോകം
ഇന്റര്‍നെറ്റിലെ അപകടച്ചുഴിയാണ് ഡാര്‍ക്ക് വെബ്. മയക്കുമരുന്നുകള്‍, ആയുധങ്ങള്‍, ലൈംഗിക വ്യാപാരം, വാടകകൊലയാളികളെ ഏര്‍പ്പെടുത്തല്‍ മനുഷ്യക്കടത്ത് തുടങ്ങി നിയമവിരുധമായ ഏത് കാര്യവും ഏര്‍പ്പാടാക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന ഇടമാണ് ഡാര്‍ക്ക് വെബ്. ഇവ ഗൂഗിള്‍ പോലുള്ള സാധാരണ സെര്‍ച്ച് എന്‍ജിനുകളില്‍ തിരഞ്ഞാല്‍ ലഭിക്കില്ല. അവ പൊതുജനങ്ങള്‍ക്ക് നേരിട്ട് കാണാനും കഴിയില്ല. ബിറ്റ്‌കോയിന്‍ എന്ന ഇന്റര്‍നെറ്റ് ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ചാണ് ഡാര്‍ക്ക് വെബിലെ വിനിമയങ്ങള്‍ നടത്തുന്നത്.
ഉപയോക്താക്കള്‍ അപകടസാധ്യത സംശയിക്കുന്നുവെങ്കില്‍ എന്തുചെയ്യണം ?
'വ്യക്തിഗത വിവരങ്ങള്‍ കുറ്റവാളികള്‍ക്കു ലഭിക്കുന്നതിലൂടെ ഉപയോക്താവിന്റെ പേരില്‍ അനധികൃതമായി ബാങ്ക് അക്കൗണ്ട് തുറക്കുന്നതിലേക്കും ക്രെഡിറ്റ് കാര്‍ഡ് നേടിയെടുക്കുന്നതിലേക്കും നയിച്ചേക്കാം. വ്യാജ പാസ്പോര്‍ട്ടിന് അപേക്ഷിക്കാനും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്താനുമുള്ള അപകട സാധ്യതയും സൈബര്‍ വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നു..
- നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ എന്തെങ്കിലും സംശയാസ്പദമായതോ അപ്രതീക്ഷിതമായതോ ആയ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നു നിരീക്ഷിക്കുക. ഇക്കാര്യം സേവന ദാതാവിനെ ഉടന്‍ അറിയിക്കുക
- സമൂഹ മാധ്യമങ്ങളിലൂടെ സംശയാസ്പദമായ ഇ-മെയിലുകള്‍, ടെക്സ്റ്റുകള്‍, ഫോണ്‍ കോളുകള്‍ അല്ലെങ്കില്‍ സന്ദേശങ്ങള്‍ എന്നിവ വന്നിട്ടുണ്ടോ എന്നു നോക്കുക. ഇ-മെയിലുകള്‍ എസ്എംഎസ് സന്ദേശങ്ങള്‍ എന്നിവ വഴി ലിങ്കുകള്‍ അയക്കില്ലെന്ന് ഒപ്റ്റസ് അറിയിച്ചിട്ടുണ്ട്.
- സംശയാസ്പദമായി തോന്നുന്നതോ പാസ്വേഡുകളോ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങളോ നല്‍കുന്ന അജ്ഞാത ലിങ്കുകളില്‍ ഒരുകാരണവശാലും ക്ലിക്ക് ചെയ്യരുത്
- ഓണ്‍ലൈന്‍ അക്കൗണ്ട് പാസ് വേഡുകള്‍ മാറ്റി ശക്തവും വ്യത്യസ്തവുമായ പാസ് വേഡുകള്‍ സൃഷ്ടിക്കുക.
തങ്ങളുടെ ഡാറ്റ അപഹരിക്കപ്പെട്ടതായി ആശങ്കകളുള്ളവര്‍ My Optus App വഴ കമ്പനിയെ ബന്ധപ്പെടണം. അല്ലെങ്കില്‍ 133 937 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് ചോദിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26