പുനര്‍വിവാഹ പരസ്യം നല്‍കിയ യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി; യുവതി പിടിയില്‍

പുനര്‍വിവാഹ പരസ്യം നല്‍കിയ യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി; യുവതി പിടിയില്‍

പത്തനംതിട്ട: പുനര്‍വിവാഹ പരസ്യം നല്‍കിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍. ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് പുത്തന്‍തുറ വീട്ടില്‍ വിജയന്റെ മകള്‍ വി ആര്യ (36) ആണ് പിടിയിലായത്. 2020 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പത്തനംതിട്ട കോയിപ്രം പൊലീസാണ് ആര്യയെ അറസ്റ്റ് ചെയ്തത്.

കോയിപ്രം കടപ്ര സ്വദേശി അജിത് നല്‍കിയ പുനര്‍വിവാഹ പരസ്യം കണ്ട് ആര്യ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു. സഹോദരിക്ക് വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് അജിത്തിനെ വിശ്വസിപ്പിച്ചതിനു ശേഷം അമ്മയുടെ ചികിത്സയ്‌ക്കെന്നു പറഞ്ഞ് കഴിഞ്ഞ ഡിസംബര്‍ വരെ പല തവണയായി 4,15,500 രൂപ ആര്യ തട്ടിയെടുത്തു എന്നാണ് കേസ്. കറ്റാനം സൗത്ത് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. കൂടാതെ രണ്ട് പുതിയ മൊബൈല്‍ ഫോണും കൈക്കലാക്കി.

ചതി മനസിലാക്കിയ അജിത് 2022 ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈഎസ്പിക്കു പരാതി നല്‍കി. പരാതി പ്രകാരം കേസെടുത്ത് പൊലീസ് വിശദമായ അന്വേഷണം നടത്തി. മൊബൈല്‍ ഫോണുകളുടെ വിളികള്‍ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം ശേഖരിച്ചു. പണമിടപാട് സംബന്ധിച്ച രേഖകളും കണ്ടെടുത്തു. പ്രതി ആവശ്യപ്പെട്ടതനുസരിച്ച് മൊബൈല്‍ ഫോണ്‍ വാങ്ങിയ തിരുവല്ലയിലെ മൊബൈല്‍ കടയിലും, ഫോണ്‍ വില്‍ക്കാന്‍ ഏല്‍പ്പിച്ച കായംകുളത്തെ ബേക്കറി ഉടമയെ കണ്ടും അന്വേഷണം നടത്തി.

അന്വേഷണത്തില്‍ ആര്യയ്ക്കു സഹോദരിയില്ലെന്നും ഇല്ലാത്ത സഹോദരിയുടെ പേരു പറഞ്ഞു വിവാഹത്തിന് താത്പര്യമുണ്ടെന്ന് അറിയിച്ച് യുവാവിനെ കബളിപ്പിക്കുകയായിരുന്നെന്നും തെളിഞ്ഞു. പിന്നീട് യുവതിയുടെ ഫോണ്‍ ലൊക്കേഷന്‍ അന്വേഷിച്ചുകൊണ്ടിരുന്ന പൊലീസ് സംഘത്തിന് പാലക്കാട് കിഴക്കന്‍ചേരിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് യുവതി പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലില്‍ ആര്യ കുറ്റം സമ്മതിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.