ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താല്‍പ്പര്യമില്ലെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ കമല്‍നാഥ്. നവരാത്രി ആശംസകള്‍ നേരാനാണ് ഡല്‍ഹിയില്‍ എത്തിയതെന്നു കമല്‍നാഥ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
രാജസ്ഥാനില്‍ ഉടലെടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് കമല്‍നാഥിനെ വിളിച്ചുവരുത്തുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള അശോക് ഗെലോട്ടിന്റെ സാധ്യത മങ്ങിയതോടെ കമല്‍നാഥിനെ പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കമല്‍നാഥിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ തെരഞ്ഞെടുപ്പ് ആസന്നമായ മധ്യപ്രദേശില്‍ പാര്‍ട്ടിയെ ആര് നയിക്കും എന്ന ചോദ്യമാണ് കമല്‍നാഥിനെ മാറ്റി ചിന്തിപ്പിച്ചത്. രാജസ്ഥാന് പിന്നാലെ മധ്യപ്രദേശിലും പ്രശ്നങ്ങള്‍ക്ക് ഇത് തുടക്കമിട്ടേക്കാം. രണ്ടു സംസ്ഥാനങ്ങളിലും അടുത്ത വര്‍ഷം അവസാനത്തില്‍ ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക.
മധ്യപ്രദേശില്‍ നിന്ന് തന്നെയുളള മറ്റൊരു നേതാവ് ദിഗ്വിജയ് സിങാണ് അധ്യക്ഷ സ്ഥാനത്തേക്ക് ആലോചനയിലുളള മറ്റൊരു നേതാവ്. കെ.സി. വേണുഗോപാലും മല്ലികാര്‍ജുന്‍ ഗാര്‍ഗെയുമെല്ലാം ഇത്തരത്തില്‍ ചര്‍ച്ചകളിലുളള പേരുകളാണ്. നിലവില്‍ ശശി തരൂര്‍ മാത്രമാണ് മത്സരിക്കാനുളള സന്നദ്ധത പരസ്യമാക്കിയിട്ടുളളത്.
ഈ മാസം 30 ന് തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുളള അവസാന തിയതി 30 ആണ്. മണിക്കൂറുകള്‍ മാത്രമാണ് ഇനി കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നിലുളളത്. അതിനുളളല്‍ പുതിയൊരാളെ കണ്ടെത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.